Rare Surgery | കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ട് അപൂര്‍വ ശസ്ത്രക്രിയ; ചരിത്രം കുറിച്ച് മലബാർ കാൻസർ സെൻ്റർ

 


തലശേരി: (KVARTHA) മലബാര്‍ കാന്‍സര്‍ സെന്റര്‍ കാന്‍സര്‍ ചികിത്സയില്‍ അപൂര്‍വ നേട്ടം കൈവരിച്ചു. കണ്ണിലെ കാന്‍സര്‍ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാകിതെറാപി ചികിത്സ എംസിസിയില്‍ വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ടുള്ള കാന്‍സര്‍ ചികിത്സാ രീതിയാണിത്. യുവിയല്‍ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
  
Rare Surgery | കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ട് അപൂര്‍വ ശസ്ത്രക്രിയ; ചരിത്രം കുറിച്ച് മലബാർ കാൻസർ സെൻ്റർ

ഇറക്കുമതി ചെയ്ത പ്ലാകുകളേക്കാള്‍ വളരെ കുറഞ്ഞ ചിലവില്‍ ഭാഭ ആറ്റോമിക് റിസര്‍ച് സെന്റര്‍ തദ്ദേശീയമായി നിര്‍മിച്ച റുഥേനിയം 106 പ്ലാക് ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജും അഭിനന്ദിച്ചു. കേരളത്തില്‍ ചികിത്സ ആദ്യമായാണ് നടത്തുന്നത്. ഇൻഡ്യയിലെ വളരെ കുറച്ച് ആശുപത്രികളില്‍ മാത്രമേ ഈ ചികിത്സ നടത്തുന്നുള്ളൂ.

ഡെല്‍ഹി എയിംസ്, ന്യൂഡല്‍ഹി ആര്‍മി ഹോസ്പിറ്റല്‍, ചണ്ഡിഗഡ് ഗവ. മെഡികല്‍ കോളേജ് എന്നിവ കഴിഞ്ഞാല്‍ ഈ ചികിത്സ നടത്തുന്ന ഇൻഡ്യയിലെ നാലാമത്തെ സര്‍കാര്‍ ആശുപത്രിയായി ഇതോടെ എംസിസി മാറി. എംസിസിയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണിത്. ഒക്യുലാര്‍ ഓങ്കോളജി വിഭാഗവും റേഡിയേഷന്‍ ഓങ്കോളജി വിഭാഗവും ചേര്‍ന്നാണ് ഈ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.


എന്താണ് പ്ലാക് ബ്രാകിതെറാപി?

കണ്ണിലെ കാന്‍സര്‍ ചികിത്സയ്ക്കായി ചെയ്യുന്ന അത്യാധുനിക റേഡിയേഷന്‍ തെറാപിയാണ് പ്ലാക് ബ്രാകിതെറാപി. കണ്ണുകള്‍ നീക്കം ചെയ്യാതെ സംരക്ഷിക്കാനും കാഴ്ച നഷ്ടമാകാതെ നിലനിര്‍ത്താനും ഈ ചികിത്സയിലൂടെ കഴിയും. കണ്ണിന്റെ മുഴകള്‍, യൂവിയല്‍ മെലനോമ, റെറ്റിനോബ്ലാസ്റ്റോമ, കണ്ണിനുള്ളിലെ ട്യൂമറുകള്‍ എന്നിവ ചികിത്സിക്കാന്‍ പ്ലാക് ബ്രാകിതെറാപി ഏറെ ഫലപ്രദമാണ്. റേഡിയോ ആക്ടീവ് ഐസോടോപ് അടങ്ങിയ ഒരു പ്ലാക് ശസ്ത്രക്രിയയിലൂടെ കണ്ണിലെ ട്യൂമറിന് മുകളില്‍ നിക്ഷേപിക്കുകയും നിശ്ചിത സമയത്തേക്ക് അവിടെ വയ്ക്കുകയും ചെയ്യുന്നു.

റേഡിയേഷന്‍ ചികിത്സയുടെ കാലയളവിനുശേഷം ഈ പ്ലാക് നീക്കം ചെയ്യുകയും രോഗിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. രോഗിയുടെ കാഴ്ച നിലനിര്‍ത്താന്‍ സാധിക്കും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത. എംസിസിയില്‍ ഈ ചികിത്സ യാഥാര്‍ത്ഥ്യമായതോടെ മറ്റ് സംസ്ഥാനങ്ങളില്‍ പോകാതെ കേരളത്തില്‍ തന്നെ ഈ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും.

എംസിസി ഡയറക്ടര്‍ ഡോ. ബി സതീശന്റെ ഏകോപനത്തില്‍ റേഡിയേഷന്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഗീത, ഡോ. ജോനീത, ഡോ. ഗ്രീഷ്മ, ഡോ. ഫൈറൂസ്, ഡോ. ഹൃദ്യ, ഡോ. ശില്‍പ, ഡോ. സോണാലി, സ്റ്റാഫ് നഴ്‌സുമാരായ ജിഷ, മനീഷ്, ശ്രീജില്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ചികിത്സയില്‍ പങ്കാളികളായത്.

Keywords:  News, News-Malayalam-News, National, National-News, Health, Health-News, Kerala, Malabar Cancer Center successfully performed rare surgery

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia