Tragedy | മുംബൈ ബോട്ട് അപകടത്തില്‍പ്പെട്ടവരില്‍ മലയാളി കുടുംബവും; മാതാപിതാക്കളെ കാണാനില്ലെന്ന് 6 വയസുകാരന്‍, തിരച്ചില്‍ 

 
Malayali Family Missing After Mumbai Boat Accident
Malayali Family Missing After Mumbai Boat Accident

Photo Credit: X/ Utkarsh Singh, Vivek Gupta

● യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി.
● ഉറാനിലെ ജെഎന്‍പിടി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.
● മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം. 
● പരുക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്ന് നരേന്ദ്ര മോദി.

മുംബൈ: (KVARTHA) ബോട്ട് അപകടത്തില്‍ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. അപകടത്തിന്‍ നിന്ന് രക്ഷപ്പെട്ട് ചികിത്സയില്‍ കഴിയുന്ന മലയാളിയായ ആറ് വയസുകാരന്‍ കേവല്‍ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുംബവും അപകടത്തില്‍പ്പെട്ടുവെന്ന സംശയം ബലപ്പെട്ടത്. 

യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഉറാനിലെ ജെഎന്‍പിടി ആശുപത്രിയിലാണ് നിലവില്‍ കുട്ടി ചികിത്സയിലുള്ളത്. മലയാളി ദമ്പതികളെ മറ്റേതെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.

ബുധനാഴ്ച വൈകിട്ടാണ് മുംബൈയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലിഫന്റ് കേവ് ദ്വീപിലേക്ക് പോയ നീല്‍ കമല്‍ എന്ന യാത്രാബോട്ടില്‍ എഞ്ചിന്‍ ട്രയല്‍ നടത്തിയിരുന്ന നാവികസേനയുടെ സ്പീഡ്ബോട്ട് ഇടിച്ചുകയറി അപകടമുണ്ടായത്. 

ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് പൂര്‍ണമായും മുങ്ങി. 110 പേരാണ് യാത്രാ ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. നാവിക സേനയുടെ ബോട്ടില്‍ ആറ് പേരുണ്ടായിരുന്നു. 13 പേര്‍ മരിച്ചു. നാല് പേരുടെ നില ഗുരുതരമാണ്. ഇതുവരെ 101 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മരിച്ചവരില്‍ നാവികസേന ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ബോട്ട് മുങ്ങിയാണ് അപകടമുണ്ടായതെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണ് കൂട്ടിയിടിയാണെന്ന്  വ്യക്തമായത്. മുങ്ങിയ യാത്രബോട്ടില്‍നിന്ന് ആളുകളെ നാവികസേനയും കോസ്റ്റ്ഗാര്‍ഡും  മുംബൈ പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. തുറമുഖ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി.

ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലെ ഗുഹകള്‍ സന്ദര്‍ശിക്കാനായി പ്രത്യേക ഫെറി സര്‍വീസുകളുണ്ട്. വിദേശികളടക്കം ദിവസവും ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ബോട്ടുകള്‍ യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ലൈഫ് ജാക്കറ്റുകള്‍ പോലുമില്ലാതെയാണ് പരമാവധി ആളുകളെ കുത്തിക്കയറ്റി സര്‍വീസ് നടത്തുന്നതെന്നും ആരോപണങ്ങളുണ്ട്. 

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി വഴി 2 ലക്ഷം രൂപയും  ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ പങ്ക് വച്ചു.

#MumbaiBoatAccident #KeralaFamily #MissingPersons #India #RescueOperation #PrayForKerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia