Mamata Banerjee | ചന്ദ്രബാബു നായിഡുവിന് 20 മിനുറ്റ് കൊടുത്തു, എനിക്ക് 5 മിനുറ്റ്, സംസാരിക്കാന്‍ അനുവദിച്ചില്ല; പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച നീതി ആയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മമത ബാനര്‍ജി
ബംഗാളിന് കേന്ദ്രഫണ്ട് നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചപ്പോഴാണ് മൈക് മ്യൂട് ചെയ്തതെന്നാണ് ആരോപണം
സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നതുകൊണ്ട് മാത്രമാണ് യോഗത്തിനെത്തിയത്
ഇനി ഒരു യോഗത്തിലും പങ്കെടുക്കില്ല
ന്യൂഡെല്‍ഹി: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) അധ്യക്ഷത വഹിച്ച നിതി ആയോഗ് യോഗത്തില്‍ (NITI Aayog meet) നിന്ന് പ്രതിഷേധിച്ച് (Prptest) ഇറങ്ങിപ്പോയി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി (Mamata Banerjee) . തന്റെ മൈക് 'മ്യൂട്' ചെയ്തുവെന്നും അഞ്ച് മിനുറ്റില്‍ കൂടുതല്‍ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മമതയുടെ ഇറങ്ങിപ്പോക്ക്.
ഡെല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ഏക ബിജെപി ഇതര മുഖ്യമന്ത്രിയായിരുന്നു മമത. ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരെല്ലാം യോഗം ബഹിഷ്‌കരിച്ചിരുന്നു. കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം.
ബംഗാളിന് കേന്ദ്രഫണ്ട് നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചപ്പോഴാണ് മൈക് മ്യൂട് ചെയ്തതെന്നാണ് മമതയുടെ ആരോപണം. വെറും അഞ്ച് മിനുറ്റ് മാത്രമാണ് എന്നെ സംസാരിക്കാന്‍ അനുവദിച്ചത്. ചന്ദ്രബാബു നായിഡുവിന് സംസാരിക്കാന്‍ 20 മിനുറ്റ് കൊടുത്തു. അസം, ഗോവ, ഛത്തീസ് ഗഢ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ 10-12 മിനുറ്റ് സംസാരിച്ചു. ഇതോടെ ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തി പുറത്തിറങ്ങി. ഇത് അപമാനകരമാണ്. ഇനി ഒരു യോഗത്തിലും ഞാന്‍ പങ്കെടുക്കില്ല, സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നതുകൊണ്ട് മാത്രമാണ് താന്‍ യോഗത്തിനെത്തിയതെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.
ബംഗാളിനെയും പ്രാദേശിക പാര്‍ടികളെയും അപമാനിക്കുകയാണ് ഇതിലൂടെ ചെയ്തതെന്നും എന്‍ഡിഎ സഖ്യകക്ഷികളോട് പക്ഷപാതം കാണിച്ചുവെന്നും മമത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, മൈക് മ്യൂട് ചെയ്തുവെന്ന മമതയുടെ ആരോപണം സര്‍കാര്‍ വൃത്തങ്ങള്‍ തള്ളി. സംസാരിക്കാന്‍ മമതയ്ക്ക് അനുവദിക്കപ്പെട്ടിരുന്ന സമയം അവസാനിക്കുകയായിരുന്നു. അക്ഷരമാലാ ക്രമത്തില്‍ ഉച്ചഭക്ഷണത്തിന് ശേഷം അവര്‍ക്ക് സംസാരിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഏഴാമത് സംസാരിക്കാനുള്ള അവസരമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, അവര്‍ നേരത്തെ മടങ്ങി, എന്നാണ് ഇതുസംബന്ധിച്ചുള്ള ഉന്നതവൃത്തങ്ങളുടെ വിശദീകരണം. കൊല്‍കത്തയിലേക്ക് തിരിച്ചു പോവേണ്ടതുണ്ടെന്ന, ബംഗാള്‍ സര്‍കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് അവര്‍ക്ക് ആദ്യം തന്നെ അവസരം നല്‍കിയതെന്നും സര്‍കാര്‍ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം എന്‍ഡിഎ സഖ്യകക്ഷി ജെഡിയുവിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും യോഗത്തിന് എത്തിയില്ല. എന്തുകൊണ്ടാണ് നിതീഷ് പങ്കെടുക്കാതിരുന്നതെന്ന് വ്യക്തമല്ല. മുന്‍പും നിതീഷ് യോഗത്തില്‍ പങ്കെടുക്കാതിരുന്നിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി പകരമെത്തിയിട്ടുണ്ടെന്നും ജെഡിയു അറിയിച്ചു.