സ്ത്രീസുരക്ഷ പഠിപ്പിക്കാന്‍ വന്നിരിക്കുന്ന മോദിയുടെയും അമിത് ഷായുടെയും മാതൃകാ സംസ്ഥാനമായ ഗുജറാത്തില്‍ ദിവസം 4 ബലാത്സംഗവും 2 കൊലപാതകവും; പ്രധാനമന്ത്രിയെ പരിഹസിച്ച് മമത
Mar 9, 2021, 11:41 IST
കൊല്‍ക്കത്ത: (www.kvartha.com 09.03.2021) വനിതാ ദിനത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മമത. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീസുരക്ഷയുടെ പേരില്‍ മമതയെ ആക്രമിച്ചതോടെ പ്രധാനമന്ത്രിയുടെ പരിഹാസത്തിനും വിമര്‍ശനത്തിനും തീയാളുന്ന വാക്കുകള്‍കൊണ്ടു തിരിച്ചടിക്കുകയും ചെയ്തു മമത.
വനിതാ ദിനത്തിലെ പദയാത്ര അതു വനിതകളുടേതു മാത്രമായിരുന്നു. പാതകളെ വനിതകള്‍ ഏറ്റെടുത്തതു പോലെ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളും പുതുതായി പാര്‍ടിയില്‍ ചേര്‍ന്നു സ്ഥാനാര്‍ഥികളായ ചലച്ചിത്ര നടിമാരും മമതയുടെ ഒപ്പം നടന്നു. റാലി സമാപിച്ച എസ്പ്ലനേഡിലെ യോഗത്തില്‍ നടത്തത്തിന്റെ ക്ഷീണം ഒട്ടുമില്ലാതെ ദീദി കത്തിക്കയറി.
'മോദി ഞങ്ങളെ സ്ത്രീസുരക്ഷ പഠിപ്പിക്കാന്‍ വന്നിരിക്കുന്നു. മോദിയുടെയും അമിത് ഷായുടെയും മാതൃകാ സംസ്ഥാനമായ ഗുജറാത്തില്‍ എന്താണു സ്ഥിതി ദിവസം 4 ബലാത്സംഗവും 2 കൊലപാതകവും വീതം നടക്കുന്നെന്നാണു മാധ്യമ വാര്‍ത്തകള്‍. മോദിയും ഷായും ഗുജറാത്ത് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കു ശ്രദ്ധയൊന്നു തിരിക്കണം.
സ്റ്റേഡിയത്തിനു നരേന്ദ്ര മോദിയുടെ പേരിട്ടതിനെയും കോവിഡ് സെര്‍ടിഫികറ്റില്‍ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കുന്നതിനെയും പരിഹസിച്ചും കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു മറുപടി കൊടുത്തു 'രാജ്യത്തിനു തന്നെ മോദിയുടെ പേരിടുന്ന ദിവസം വരും.' മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തുമെന്നും 294 സീറ്റിലും ദീദി ബിജെപി മത്സരമാണെന്നും അവര്‍ പറഞ്ഞു.
ഉച്ചകഴിഞ്ഞു നഗരത്തിലെ മെഡികല്‍ കോളജിനു സമീപത്തുനിന്നാണു പദയാത്ര തുടങ്ങിയത്. പല വഴികളില്‍നിന്നു സ്ത്രീകള്‍ വന്നിറങ്ങി. ചിലര്‍ ബംഗ്ല ജനനി എന്നെഴുതിയ കുടങ്ങള്‍ തലയില്‍ ചുമന്നു. രണ്ടരയോടെ ആകെ ബഹളം. പൊലീസ് വാഹനവ്യൂഹത്തില്‍ മമത എത്തി. പിന്നെ ചടങ്ങൊന്നുമില്ലാതെ നടത്തം തുടങ്ങി. പാര്‍ടിയുടെ വനിതാ നേതാക്കളായ ചന്ദ്രിമ ഭട്ടാചാര്യ, മാല റോയ്, ചലച്ചിത്ര നടിമാരും സ്ഥാനാര്‍ഥികളുമായ സായന്തിക ബാനര്‍ജി, ജൂണ്‍ മാലിയ, സായനി ഘോഷ് എന്നിവരും മമതയുടെ ഇടത്തും വലത്തും. ഒരാള്‍ വിളക്കു വച്ച താലം പിടിച്ചു.
'ജയ് ബംഗ്ല' എന്നെഴുതിയ, തുണികൊണ്ടുള്ള പ്ലകാര്‍ഡ് ധരിച്ചാണു മമത നടന്നത്. പദയാത്ര കോളജ് സ്ട്രീറ്റ്, ലെനിന്‍ സരണി, ചൗരിംഗി റോഡ് വഴി നീണ്ടു. വഴിനീളെ സ്ത്രീകള്‍ ശംഖു വിളിച്ചു. പുരുഷന്‍മാര്‍ ചെറിയ പ്ലാറ്റ്‌ഫോമുകളില്‍നിന്ന് അഭിവാദ്യം ചെയ്തു. ഒറ്റ ആരവത്തെയും വിടാതെ മമത കൈ വീശുകയും തൊഴുകയും ചെയ്തുകൊണ്ടിരുന്നു. വഴിയില്‍നിന്നു ജയ് വിളിച്ച വനിതകള്‍ യാത്രയുടെ പിന്നില്‍ കണ്ണികളായി. പദയാത്രയ്ക്കു നീളം കൂടിക്കൊണ്ടിരുന്നു. ഖേലാ ഹോബെ, ദീദിര്‍ സ്വാഗതം എന്നൊക്കെ അവര്‍ മുദ്രാവാക്യം വിളിച്ചു.
'ഖേലാ ഹോബെ, ജയ് ബംഗ്ല, വന്ദേ മാതരം, മാ മട്ടി മനുഷ്...' ഒപ്പം മോദിക്കും സിന്‍ഡികറ്റിനും എതിരെയും പ്രസംഗത്തിനൊടുവില്‍ മമതയും മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊടുത്തു. ശേഷം ഗായിക അദിതി മുന്‍ഷി പാട്ടു പാടി. വേദിയിലെ വനിതകള്‍ കുരവയിട്ടു പിരിഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.