Assault | യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ 'അതിക്രമം' കാണിച്ച മലയാളി യുവാവിനെ മുംബൈ പൊലീസ് അറസ്റ്റുചെയ്തു; വിമാനജീവനക്കാരെ ആക്രമിക്കുകയും വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്നും പൊലീസ്
കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 25-കാരനായ അബ്ദുല്‍ മുസവിര്‍ നടുക്കണ്ടിയാണ് പിടിയിലായത്
മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൈലറ്റ് വിമാനം അടിയന്തരമായി ഇറക്കി
മുംബൈ: (KVARTHA) യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ അതിക്രമം കാണിച്ചെന്ന സംഭവത്തില്‍ മലയാളി യുവാവിനെ മുംബൈ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 25-കാരനായ അബ്ദുല്‍ മുസവിര്‍ നടുക്കണ്ടിയാണ് പിടിയിലായത്. ഇയാള്‍ വിമാനജീവനക്കാരെ ആക്രമിക്കുകയും വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കോഴിക്കോട്ടുനിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്‍ഡ്യാ എക്സ്പ്രസിലാണ് സംഭവം. തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകയും മുസവിറിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
വിമാനം കോഴിക്കോട്ടുനിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ ഇയാള്‍ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ പിന്നിലേക്കുപോയ മുസവിര്‍, ജീവനക്കാരെ ആക്രമിക്കുകയും വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം.
ജീവനക്കാര്‍ ഇയാളെ സീറ്റില്‍ തിരികെ കൊണ്ടുവന്ന് ഇരുത്തിയെങ്കിലും സഹയാത്രക്കാരെ അസഭ്യം പറയുകയും എമര്‍ജന്‍സി വാതില്‍ തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പൈലറ്റ് അടിയന്തരമായി വിമാനം മുംബൈയില്‍ ഇറക്കുകയായിരുന്നു. ഐപിസി 336, 504, 506, 323 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.