Killed | 'സമൂഹ മാധ്യമങ്ങളില്‍ റീല്‍സുണ്ടാക്കി കൂടുതല്‍ സമയം ചെലവഴിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി'; അറസ്റ്റ്
Nov 8, 2022, 11:28 IST
ചെന്നൈ: (www.kvartha.com) സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ചെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ചിത്ര എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 38കാരനായ ദിണ്ഡിഗല്‍ സ്വദേശി അമൃതലിംഗം അറസ്റ്റില്‍.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്ന് ഇങ്ങനെ: ചിത്ര റീല്‍സുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതും മറ്റുമാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. പച്ചക്കറി മാര്‍കറ്റിലെ ജീവനക്കാരനായ അമൃതലിംഗം കുടുംബവുമൊത്ത് തിരുപ്പൂരിലെ സെല്ലംനഗറിലാണ് താമസിച്ചിരുന്നത്. ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലിചെയ്യുകയായിരുന്നു ചിത്ര ഇന്‍സ്റ്റഗ്രാം പോലെയുള്ള സമൂഹ മാധ്യമങ്ങളിലെ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിരുന്നു.
ഇത്തരത്തില്‍ ഭാര്യ റീല്‍സുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതിനും മറ്റും നിരവധി തവണ ഇരുവരും തമ്മില്‍ വഴിക്കിട്ടിട്ടുണ്ട്. ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതോടെ സിനിമാ അഭിനയമെന്ന മോഹവും ചിത്രയ്ക്കുണ്ടായിരുന്നു. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ചിത്രയ്ക്കുണ്ട്. സിനിമയില്‍ അവസരം തേടി രണ്ട് മാസം മുമ്പ് ചിത്ര ചെന്നൈയ്ക്ക് പോവുകയും ചെയ്തിരുന്നു.
ഇതിനിടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ചയാണ് ചിത്ര തിരുപ്പൂരില്‍ തിരിച്ചെത്തിയത്. വിവാഹം കഴിഞ്ഞതോടെ വീണ്ടും ചെന്നൈയിലേക്ക് പോകാനൊരുങ്ങി. എന്നാല്‍, ഇത് അമൃതലിംഗം സമ്മതിച്ചില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്നാണ് ഷാള് കൊണ്ട് കഴുത്ത് മുറുക്കി ഇയാള്‍ ചിത്രയെ കൊലപ്പെടുത്തിയത്.
ചിത്ര വീണതോടെ അമൃതലിംഗം പേടിച്ച് വീട് വിട്ടുപോയി. മകളുടെ അടുത്തെത്തി താന്‍ അമ്മയെ അടിച്ചെന്ന് പറഞ്ഞു. മകള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒളിവില്‍ പോയ അമൃതലിംഗത്തെ പെരുമനെല്ലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.