Mann ki Baat | '39 ദിവസം മാത്രം പ്രായം, ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്'; കുട്ടിയുടെ മാതാപിതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി; അവയവദാനത്തിന് ജനങ്ങളോട് 'മന്‍ കി ബാത്തി'ല്‍ അഭ്യര്‍ഥന

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് എന്ന പദവി നേടിയ, വിട പറഞ്ഞ 39 ദിവസം പ്രായമുള്ള കൗറിന്റെ മാതാപിതാക്കളുടെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി 'മന്‍ കി ബാത്തി'ല്‍ അഭിനന്ദിച്ചു. പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാതാപിതാക്കളായ അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് ഓഫീസര്‍ സുഖ്ബീര്‍ സന്ധു, സയന്‍സ് പ്രൊഫസര്‍ സുപ്രീത് കൗര്‍ എന്നിവരുമായി ഫോണ്‍ സംഭാഷണം നടത്തി.
      
Mann ki Baat | '39 ദിവസം മാത്രം പ്രായം, ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്'; കുട്ടിയുടെ മാതാപിതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി; അവയവദാനത്തിന് ജനങ്ങളോട് 'മന്‍ കി ബാത്തി'ല്‍ അഭ്യര്‍ഥന

ആധുനിക ചികിത്സാശാസ്ത്രത്തിന്റെ ഈ കാലഘട്ടത്തില്‍ അവയവദാനം മറ്റുള്ളവര്‍ക്ക് ജീവന്‍ കൊടുക്കാനുള്ള വളരെ വലിയ മാധ്യമമായി കഴിഞ്ഞിട്ടുണ്ട്. മരണശേഷം ഒരു വ്യക്തിയുടെ ശരീരം ദാനം ചെയ്യുമ്പോള്‍, അതില്‍നിന്ന് എട്ടോ, ഒന്‍പതോ പേര്‍ക്ക് പുതിയ ജീവന്‍ ലഭിക്കാനുള്ള സാധ്യതയാണുള്ളതെന്ന് പറയപ്പെടുന്നു. ഇന്ന് രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചിട്ടുള്ളതായി കാണുന്നത് സന്തോഷകരമാണ്. 2013-ല്‍ നമ്മുടെ രാജ്യത്ത് ഓര്‍ഗന്‍ ഡൊനേഷന്റെ കേസുകള്‍ അയ്യായിരത്തിലും കുറവായിരുന്നു. പക്ഷേ, 2022-ല്‍ ആ സംഖ്യ വര്‍ധിച്ച് പതിനയ്യായിരത്തിലുമധികമായിരിക്കുന്നു. അവയവദാനം നടത്തുന്ന വ്യക്തികളും അവരുടെ കുടുംബങ്ങളും വാസ്തവത്തില്‍ വലിയ പുണ്യമാണ് ചെയ്യുന്നതെന്ന് മോഡി പറഞ്ഞു.

പ്രധാനമന്ത്രിയുമായി സംസാരിച്ച ദമ്പതികള്‍ തങ്ങളുടെ പെണ്‍കുഞ്ഞ് മറ്റൊരാള്‍ക്ക് ജീവന്‍ നല്‍കാന്‍ വന്നതാണെന്ന് പറഞ്ഞു. 'ഈശ്വരന്‍ ഞങ്ങള്‍ക്ക് വളരെ നല്ലൊരു കുഞ്ഞിനെ തന്നു, അരുമയായ പുത്രി ഞങ്ങളുടെ വീട്ടില്‍ വന്നു. കുഞ്ഞിന്റെ ജനനസമയത്തുതന്നെ ഞങ്ങളറിഞ്ഞു തലച്ചോറിലെ ചില ഞരമ്പുകള്‍ കെട്ടുപിണഞ്ഞു കിടപ്പുണ്ടെന്നും അതിനാല്‍ കുഞ്ഞിന്റെ ഹൃദയത്തിന് വലിപ്പം കൂടിവരുന്നു എന്നും. അപ്പോള്‍ ഞങ്ങള്‍ പരിഭ്രമിച്ചു. ഇത്രയും ആരോഗ്യമുള്ള സുന്ദരിയായ കുഞ്ഞ് ഇത്രയും വലിയ പ്രശ്നവുമായാണല്ലേ ജനിച്ചത്.

ആദ്യത്തെ 24 ദിനങ്ങള്‍ കുഞ്ഞ് വളരെ നോര്‍മല്‍ ആയിരുന്നു. പെട്ടെന്ന് കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ഞങ്ങളുടനെ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ജീവന്‍ വീണ്ടെടുത്തു . പക്ഷേ, ഇത്രയും ചെറിയകുഞ്ഞിന്റെ പ്രശ്നമെന്താണെന്ന് മനസ്സിലാക്കാന്‍ സമയമെടുത്തു. കുഞ്ഞിന്റെ ചികിത്സയ്ക്കായി അവിടെനിന്നും ചണ്ഡിഗഡിലെ പി ജി ഐയില്‍ കൊണ്ടുപോയി. അവിടെ കുഞ്ഞ് അസുഖത്തോട് സധൈര്യം പൊരുതി. പക്ഷേ, രോഗത്തിന്, ഈ കുഞ്ഞുപ്രായത്തില്‍ ചികിത്സ അസാധ്യമായിരുന്നു. ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ച് ജീവന്‍ രക്ഷിച്ചു.

ഒരാറുമാസമെങ്കിലുമായാല്‍ കുഞ്ഞിന് ഓപ്പറേഷന്‍ ചെയ്യാമായിരുന്നു. പക്ഷേ, ദൈവത്തിന്റെ തീരുമാനം മറ്റൊന്നായിരുന്നു. കുഞ്ഞിന് വെറും 39 ദിവസം പ്രായമായപ്പോള്‍ ഡോക്ടര്‍ പറഞ്ഞു വീണ്ടും ഹൃദയാഘാതം വന്നതിനാല്‍ കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന്. പിന്നെ ഞാനും ഭാര്യയുംകൂടി വളരെയേറെ വിഷമത്തോടെ ഒരു തീരുമാനത്തിലെത്തി. പല തവണ മരണത്തിന്റെ വക്കിലെത്തിയിട്ടും ധീരമായി പൊരുതി തിരിച്ചുവന്ന ഈ കുഞ്ഞിന്റെ ജനനത്തിന്റെ പിന്നില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന്.

അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുംകൂടി തീരുമാനമെടുത്തു. എന്തുകൊണ്ട് ഈ കുഞ്ഞിന്റെ അവയവദാനം ചെയ്തുകൂടാ എന്ന്. ഒരുപക്ഷേ, ആരുടെയെങ്കിലും ജീവിതത്തിനെ അത് പ്രകാശമാനമാക്കിയാലോ! ഞങ്ങളുടനെ പി ജി ഐയിലെ യിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ പോയി. ഇത്രയും ചെറിയ കുഞ്ഞിന്റെ കിഡ്നി മാത്രമേ എടുക്കാന്‍ പറ്റുകയുള്ളു എന്ന് അവര്‍ പറഞ്ഞു. ദൈവം ധൈര്യം തന്നു. ഗുരുനാനക് സാഹബിന്റെ ദര്‍ശനമാണിതെന്നോര്‍ത്ത് ഞങ്ങള്‍ തീരുമാനമെടുത്തു', സുഖ്ബീര്‍ പറഞ്ഞു. അവയവ ദാനത്തിന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള സ്നേഹലതാചൗധരിയുടെ കുടുംബത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

വ്യത്യസ്ത മേഖലകളില്‍ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തെ പ്രധാനമന്ത്രി പ്രസംഗത്തില്‍ അഭിനന്ദിക്കുകയും ഇന്ത്യയുടെ വളര്‍ന്നുവരുന്ന ശക്തിയില്‍ 'സ്ത്രീശക്തി' വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പറഞ്ഞു. ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവ് ഉള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. ക്ലീന്‍ എനര്‍ജി മേഖലയില്‍ ഇന്ത്യയുടെ വര്‍ധി ച്ചുവരുന്ന സാന്നിധ്യം ആഗോളതലത്തില്‍ പ്രശംസിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന പരിപാടിയുടെ നൂറാം എപ്പിസോഡിനുള്ള ആശയങ്ങള്‍ പങ്കുവെക്കാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു.

Keywords:  Mann ki Baat, News, National, Top-Headlines, New Delhi, Prime Minister, Narendra Modi, Central Government, Government-of-India, Mann ki Baat: PM Modi urges people to embrace organ donation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia