Announcement | മനു ഭാകര്‍ ഉള്‍പ്പെടെ 4 താരങ്ങള്‍ക്ക് ഖേല്‍ രത്ന; 2024 ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മുഴുവന്‍ പട്ടിക കാണാം
● മനു ഭാക്കർ, ഡി. ഗുകേഷ്, ഹർമൻപ്രീത് സിംഗ്, പ്രവീൺ കുമാർ എന്നിവർക്ക് ഖേൽ രത്ന അവാർഡ്.
● അർജുന അവാർഡും ദ്രോണാചാര്യ അവാർഡും പ്രഖ്യാപിച്ചു.
● രാഷ്ട്രപതി ഭവനിൽ പുരസ്കാര വിതരണം.
ന്യൂഡല്‍ഹി: (KVARTHA) 2024ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവനില്‍ ജനുവരി 17 ന് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഷൂട്ടിംഗ് താരം മനു ഭാക്കര്‍, ചെസ് താരം ഡി. ഗുകേഷ്, ഹോക്കി താരം ഹര്‍മന്‍പ്രീത് സിംഗ്, പാരാ അത്ലറ്റിക്‌സ് താരം പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്ക് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം ലഭിച്ചു.
കഴിഞ്ഞ നാല് വര്‍ഷത്തെ കളിക്കാരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ ഏറ്റവും വലിയ കായിക അവാര്‍ഡ് നല്‍കുന്നത് വിവിധ കായിക ഇനങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്കുള്ള അര്‍ജുന, ദ്രോണാചാര്യ പുരസ്‌കാരങ്ങളും ഈ ചടങ്ങില്‍ സമ്മാനിക്കും.
അര്‍ജുന പുരസ്‌കാര ജേതാക്കള്‍
അത്ലറ്റിക്‌സില്‍ ജ്യോതി യാരാജി, അന്നു റാണി, ബോക്‌സിംഗില്‍ നീതു, സ്വീറ്റി, ചെസില്‍ വന്‍തിക അഗര്‍വാള്‍, ഹോക്കിയില്‍ സലിമ ടെറ്റെ, അഭിഷേക്, സഞ്ജയ്, ജര്‍മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ്, പാരാ ആര്‍ച്ചറിയില്‍ രാകേഷ് കുമാര്‍, പാരാ അത്ലറ്റിക്‌സില്‍ പ്രീതി പാല്‍, ജീവന്‍ജി ദീപ്തി, അജീത് സിംഗ്, സച്ചിന്‍ സര്‍ജെറാവു ഖിലാരി, ധരംബീര്‍, പ്രണവ് സൂരമ, എച്ച്. ഹോകാറ്റോ സെമ, സിമ്രാന്‍, നവ്ദീപ്.
പാരാ ബാഡ്മിന്റണില്‍ നിതേഷ് കുമാര്‍, തുളസിമതി മുരുകേശന്‍, നിത്യ ശ്രീ സുമതി ശിവന്‍, മനീഷ രാമദാസ്, പാരാ ജൂഡോയില്‍ കപില്‍ പര്‍മാര്‍, പാരാ ഷൂട്ടിംഗില്‍ മോണ അഗര്‍വാള്‍, റുബീന ഫ്രാന്‍സിസ്, ഷൂട്ടിംഗില്‍ സ്വപ്നില്‍ സുരേഷ് കുസാലെ, സരബ്ജോത് സിംഗ്, സ്‌ക്വാഷില്‍ അഭയ് സിംഗ്, സ്വിമ്മിംഗില്‍ സജന്‍ പ്രകാശ്, റെസ്ലിംഗില്‍ അമന്‍ എന്നിവര്‍ അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായി. കൂടാതെ അത്ലറ്റിക്‌സില്‍ സുചാ സിംഗ്, പാരാ സ്വിമ്മിംഗില്‍ മുരളീകാന്ത് രാജാറാം പേട്കര്‍ എന്നിവര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അര്‍ജുന പുരസ്‌കാരവും ലഭിച്ചു.
ദ്രോണാചാര്യ പുരസ്‌കാര ജേതാക്കള്‍
കായികതാരങ്ങളെ പരിശീലിപ്പിച്ച് അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്ന പരിശീലകര്‍ക്കുള്ള പുരസ്‌കാരമാണ് ദ്രോണാചാര്യ അവാര്‍ഡ്. പാരാ ഷൂട്ടിംഗില്‍ സുഭാഷ് റാണ, ഷൂട്ടിംഗില്‍ ദീപ്ലി ദേശ്പാണ്ഡെ, ഹോക്കിയില്‍ സന്ദീപ് സാംഗ്വാന്‍ എന്നിവര്‍ റെഗുലര്‍ വിഭാഗത്തിലും ബാഡ്മിന്റണില്‍ എസ്. മുരളീധരന്‍, ഫുട്‌ബോളില്‍ അര്‍മാന്‍ഡോ അഗ്‌നെലോ കൊളാക്കോ എന്നിവര്‍ ലൈഫ് ടൈം വിഭാഗത്തിലും ദ്രോണാചാര്യ പുരസ്‌കാരത്തിന് അര്‍ഹരായി.
മറ്റു പുരസ്‌കാരങ്ങള്‍
കായിക രംഗത്തെ പ്രോത്സാഹനത്തിനുള്ള രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരം ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യക്ക് ലഭിച്ചു. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച സര്‍വ്വകലാശാലകള്‍ക്കുള്ള മൗലാന അബ്ദുള്‍ കലാം ആസാദ് (MAKA) ട്രോഫിയില്‍ ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റി ഒന്നാം സ്ഥാനവും ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റി (പഞ്ചാബ്) രണ്ടാം സ്ഥാനവും ഗുരു നാനാക്ക് ദേവ് യൂണിവേഴ്‌സിറ്റി (അമൃത്സര്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
#KhelRatna #NationalSportsAwards #IndianSports #SportsAwards #India