Tragedy | വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 6 പേര്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരുക്ക്
● 90 ശതമാനം പൊള്ളലേറ്റയാളെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
● 35 മുറികളിലായി 80 തൊഴിലാളികളാണ് ജോലി ചെയ്യുന്നുണ്ടായിരുന്നത്.
● രാസ മിശ്രിതങ്ങള്‍ തയാറാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.
ചെന്നൈ: (KVARTHA) തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ വന്‍ പൊട്ടിത്തറിയില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. വേല്‍മുരുകന്‍, നാഗരാജ്, കണ്ണന്‍, കാമരാജ്, ശിവകുമാര്‍, മീനാക്ഷിസുന്ദരം എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരുക്ക്. 90 ശതമാനം പൊള്ളലേറ്റ ഇയാളെ വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൊമ്മൈപുരം ഗ്രാമത്തില്‍ സായ്‌നാഥ് എന്ന ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്ക നിര്‍മാണ ശാലയിലാണ് അപകടമുണ്ടായത്. പല നിലകളിലായി 35 മുറികളാണ് ഇവിടെയുണ്ടായിരുന്നത്. സ്ഥാപനത്തില്‍ 35 മുറികളിലായി 80 തൊഴിലാളികളാണ് ജോലി ചെയ്യുന്നുണ്ടായിരുന്നത്. പടക്ക നിര്‍മാണത്തിനായി രാസ മിശ്രിതങ്ങള്‍ തയാറാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.
രാവിലെ ജോലി ചെയ്യുന്നതിനിടയിലാണ് പൊട്ടിത്തറി ഉണ്ടായതെന്ന് മറ്റ് ജോലിക്കാര്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാലയിലെ നാല് മുറികള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. ആറ് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. എത്ര പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണമെത്തിയിട്ടില്ല.
സത്തൂര്‍, ശിവകാശി, വിരുദുനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. വലിയ അപകടമാണ് സംഭവിച്ചിരിക്കുന്നത്.
#VirudhunagarBlast #TamilNadu #FirecrackerFactory #Accident #SafetyFirst #RIP