Modi's rally | മേഘാലയയിൽ പ്രധാനമന്ത്രി മോദിയുടെ തെരെഞ്ഞെടുപ്പ് റാലിക്ക് അനുമതി നൽകാതെ സംസ്ഥാന സർക്കാർ; കാരണം ഇതെന്ന് കായിക വകുപ്പ്
Feb 20, 2023, 11:14 IST
ഷില്ലോങ്: (www.kvartha.com) ഫെബ്രുവരി 27 ന് മേഘാലയയിലും നാഗാലാൻഡിലും തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഫെബ്രുവരി 24 ന് ഷില്ലോങ്ങിലും തുറയിലും ബിജെപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ, തുറയിലെ പിഎ സാംഗ്മ സ്റ്റേഡിയത്തിൽ മോദിയുടെ റാലിക്ക് മേഘാലയ സർക്കാർ അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ സ്വന്തം മണ്ഡലമായ ദക്ഷിണ് തുറയിലെ സ്റ്റേഡിയത്തിൽ റാലിക്ക് അനുമതി നിഷേധിച്ച് മേഘാലയ സർക്കാരിന് കീഴിലുള്ള സംസ്ഥാന കായിക വകുപ്പ്, ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെന്നും സൈറ്റിൽ സൂക്ഷിച്ചിരിക്കുന്ന സാമഗ്രികൾക്ക് സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാലും സ്റ്റേഡിയത്തിൽ ഇത്രയും വലിയ ഒത്തുചേരൽ നടത്തുന്നത് അനുയോജ്യമല്ലെന്ന് അറിയിച്ചു.
അതേസമയം, റാലിക്ക് സ്ഥലം നൽകാത്തതിന് സംസ്ഥാനം ഭരിക്കുന്ന നാഷണൽ പീപ്പിൾസ് പാർട്ടി (NPP) ക്കെതിരെ ബിജെപി രൂക്ഷമായി കടന്നാക്രമിച്ചു. സംസ്ഥാനത്തെ തൃണമൂൽ കോൺഗ്രസിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും ഒപ്പം എൻപിപി സർക്കാരും ബിജെപി തരംഗം തടയാൻ ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും ബിജെപി ആരോപിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നതിനാൽ സ്റ്റേഡിയത്തിൽ വലിയ പരിപാടി സംഘടിപ്പിക്കുന്നത് ഉചിതമല്ലെന്ന് കായിക വകുപ്പ് ബിജെപിയെ അറിയിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സ്വപ്നിൽ ടെംബെ പറഞ്ഞു. കേന്ദ്ര സർക്കാരാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് 90 ശതമാനം തുകയും നൽകിയതെന്ന് ബിജെപി പറയുന്നു. കഴിഞ്ഞ വർഷം ഡിസംബർ 16 നാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്ത് രണ്ട് മാസം പിന്നിടുമ്പോൾ, അത് അപൂർണമാണെന്നും റാലിക്ക് ലഭ്യമല്ലെന്നും സർക്കാർ പറയുന്നത് ആശ്ചര്യകരമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഋതുരാജ് സിൻഹ പറഞ്ഞു. വേദി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുൻനിശ്ചയിച്ച പ്രകാരം റാലി നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, National, PM, Narendra Modi,Prime Minister, Election, Meghalaya denies permission for PM Modi's rally.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.