Instagram | ഫേസ്ബുകിനടുത്തെത്തി ഇന്‍സ്റ്റഗ്രാം സജീവ ഉപയോക്താക്കളുടെ എണ്ണം; 200 കോടി കടന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com) ഫേസ്ബുകിനടുത്തെത്തി ഇന്‍സ്റ്റഗ്രാം സജീവ ഉപയോക്താക്കളുടെ എണ്ണം. ഇന്‍സ്റ്റഗ്രാമിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 200 കോടി (രണ്ട് ബില്യണ്‍) എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് കംപനി അറിയിച്ചു. 296 കോടി (2.96 ബില്യണ്‍) പ്രതിമാസ സജീവ ഉപയോക്താക്കളാണ് ഫേസ്ബുകിനുള്ളത്. 200 കോടിയിലധികം ആളുകള്‍ മെസേജിങ് ആപായ വാട്സ് ആപ് ദിവസവും ഉപയോഗിക്കുന്നുണ്ട്.

Instagram | ഫേസ്ബുകിനടുത്തെത്തി ഇന്‍സ്റ്റഗ്രാം സജീവ ഉപയോക്താക്കളുടെ എണ്ണം; 200 കോടി കടന്നു

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഫേസ്ബുകും ഇന്‍സ്റ്റഗ്രാമും. കഴിഞ്ഞ കുറച്ചുനാളുകളായി ഇന്‍സ്റ്റഗ്രാമിന്റെ സ്വീകാര്യത വര്‍ധിച്ചുവരികയാണ്. ഇതിനിടെയാണ് ഇന്‍സ്റ്റഗ്രാമിന്റെയും ഫേസ്ബുകിന്റെയും പ്രതിമാസ സജീവ ഉപയോക്താക്കളുടെ കണക്കുകള്‍ മാതൃ കംപനിയായ മെറ്റ പുറത്തുവിട്ടിരിക്കുന്നത്.

2018 ജൂണിലാണ് ഇന്‍സ്റ്റഗ്രാമിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടന്നത്. നാലുവര്‍ഷത്തിനിപ്പുറം സജീവ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയാക്കാന്‍ കംപനിക്ക് കഴിഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ഒട്ടനവധി മാറ്റങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമാണ് ഇന്‍സ്റ്റഗ്രാം വിധേയമായിരിക്കുന്നത്. മെറ്റ കൊണ്ടുവന്ന ഈ പരിഷ്‌കാരങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിന് ഗുണം ചെയ്തുവെന്നാണ് ഉപയോക്താക്കളിലുണ്ടായിരിക്കുന്ന ഈ കുതിച്ചുചാട്ടം കാണിക്കുന്നത്.

ഫോളോ ചെയ്തിരുന്നവരുടെ പോസ്റ്റുകള്‍ ഉപയോക്താക്കളുടെ മുന്നിലെത്തിക്കുന്ന രീതിയാണ് ഇന്‍സ്റ്റഗ്രാം പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അല്‍ഗോരിതം ഉപയോഗിച്ച് ഓരോരുത്തരുടെയും താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള പോസ്റ്റുകള്‍ ഫീഡില്‍ എത്തിക്കുന്നു. ടിക് ടോകിലേതിന് സമാനമായ ഷോര്‍ട് വീഡിയോസ് അഥവാ റീല്‍സ് എന്ന ഫീചര്‍ അവതരിപ്പിച്ചതും ഇന്‍സ്റ്റഗ്രാമിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് കാരണമായി.

ഫേസ്ബുകിലും ഇന്‍സ്റ്റഗ്രാമിലും ആളുകള്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടത് മെറ്റയെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്. ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്ന് ലഭിക്കുന്ന പരസ്യവരുമാനമാണ് മെറ്റയുടെ പ്രധാന വരുമാനമാര്‍ഗം. പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫേസ്ബുകിനെ ഇന്‍സ്റ്റഗ്രാം പിന്തള്ളുന്ന കാലം വരുമോയെന്ന ആകാംക്ഷയിലാണ് ടെക് ലോകം.

Keywords: Meta's Instagram reaches 2 billion users, closing in on Facebook, New Delhi, News, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia