NEET Exam | ചോദ്യപേപര്‍ ചോര്‍ച ബാധിച്ചത് ചുരുക്കം ചില വിദ്യാര്‍ഥികളെ മാത്രമെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍; പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ല
2004, 2015 കാലത്തെ പോലെ വ്യാപകമായ പ്രശ്‌നങ്ങള്‍ ഇത്തവണ ഉണ്ടായിട്ടില്ല
ഇപ്പോഴത്തെ നീറ്റ് ചോദ്യ പേപര്‍ ചോര്‍ച ചില പ്രദേശങ്ങളിലെ വിദ്യാര്‍ഥികളെ മാത്രം ബാധിക്കുന്നത്
ന്യൂഡെല്‍ഹി: (KVARTHA) ചോദ്യപേപര്‍ ചോര്‍ച ബാധിച്ചത് ചുരുക്കം ചില വിദ്യാര്‍ഥികളെ മാത്രമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നീറ്റ് ചോദ്യപേപര്‍ ചോര്‍ചയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വ്യാപക പ്രതിഷേധങ്ങള്‍ ഉയരുന്നുവരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. പരീക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍കാര്‍ തയാറായിരുന്നില്ല.
ഈ അവസരത്തിലാണ് പരീക്ഷ റദ്ദാക്കത്തതില്‍ പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്. ചോദ്യപേപര്‍ ചോര്‍ച ചുരുക്കം ചില വിദ്യാര്‍ഥികളെ മാത്രമാണ് ബാധിച്ചതെന്നും റദ്ദാക്കിയാല്‍ അത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. കേസ് സുപ്രീം കോടതിയുടെ മുന്‍പിലാണെന്നും, കോടതിയുടെ വിധിയായിരിക്കും അന്തിമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ വാക്കുകള്‍:
2004, 2015 കാലത്തെ പോലെ വ്യാപകമായ പ്രശ്‌നങ്ങള്‍ ഇത്തവണ ഉണ്ടായിട്ടില്ല. അന്ന് വ്യാപകമായി പ്രശ്‌നങ്ങള്‍ ഉയര്‍ന്നതിനാലാണ് പരീക്ഷകള്‍ റദ്ദാക്കിയത്. എന്നാല്‍ ഇപ്പോഴത്തെ നീറ്റ് ചോദ്യ പേപര്‍ ചോര്‍ച ചില പ്രദേശങ്ങളിലെ വിദ്യാര്‍ഥികളെ മാത്രം ബാധിക്കുന്നതാണ്. പരീക്ഷ റദ്ദാക്കിയാല്‍ ശരിയായ വഴിയില്‍ കൂടി പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ അത് ബാധിക്കും - എന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
നീറ്റ് ചോദ്യപേപര്‍ ചോര്‍ചയുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ജൂണ്‍ നാലിന് പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷാ ഫലത്തില്‍ വന്‍തോതിലുള്ള ക്രമക്കേടുകളുണ്ടെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചോദ്യപേപര്‍ ചോര്‍ച കണ്ടെത്തുകയും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയുമായിരുന്നു.
നീറ്റ് പരീക്ഷയില്‍ 67 വിദ്യാര്‍ഥികള്‍ 720-ല്‍ 720 മാര്‍ക് നേടിയിരുന്നു. ഇതില്‍ ആറ് വിദ്യാര്‍ഥികള്‍ ഹരിയാനയിലെ ഒരു സെന്ററില്‍ നിന്നുള്ളവരായിരുന്നു. ഗ്രേസ് മാര്‍കിനെച്ചൊല്ലിയും വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ പരീക്ഷ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നില്ല.
അതേസമയം, യുജിസി നെറ്റിലും സമാന പ്രശ്‌നം ചൂണ്ടിക്കാട്ടി പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷ കഴിഞ്ഞതിന്റെ തൊട്ടുപിന്നാലെയായിരുന്നു റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.