Arrested | ‘ദസറ ഘോഷയാത്രയിൽ പങ്കെടുത്ത ആൾക്കൂട്ടം കർണാടകയിലെ പുരാതന മദ്രസയിൽ പ്രവേശിച്ച് പൂജ നടത്തി; മുദ്രവാക്യങ്ങളും മുഴക്കി'; 4 പേർ അറസ്റ്റിൽ
ബിദർ: (www.kvartha.com) കർണാടകയിലെ ബിദറിൽ ദസറ ഘോഷയാത്രയിൽ പങ്കെടുത്ത ജനക്കൂട്ടത്തിൽ ചിലർ ബുധനാഴ്ച രാത്രി പുരാതന മദ്രസയിൽ അതിക്രമിച്ച് കയറി മുദ്രാവാക്യം വിളിക്കുകയും കെട്ടിടത്തിന്റെ ഒരു മൂലയിൽ പൂജ നടത്തുകയും ചെയ്തതായി പരാതി. ഒമ്പത് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം എല്ലാവരെയും അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് മുസ്ലീം സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
1460-കളിൽ നിർമിച്ച ബിദറിലെ മഹ്‌മൂദ് ഗവാൻ മദ്രസയിലാണ് സംഭവം നടന്നത്. ആർകിയോളജികൽ സർവേ ഓഫ് ഇൻഡ്യയയുടെ കീഴിലുള്ള പൈതൃക സ്ഥലമാണിത്. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളിൽ ഈ കെട്ടിടവും ഉൾപ്പെടുന്നുണ്ട്. ജനക്കൂട്ടം മദ്രസയുടെ പൂട്ട് തകർത്ത് അകത്ത് കടന്നതായി പൊലീസ് പറഞ്ഞു.
മദ്രസയുടെ പടികളിൽ നിന്നുകൊണ്ട് അവർ 'ജയ് ശ്രീറാം', 'ഹിന്ദു ധരം ജയ്' മുദ്രാവാക്യങ്ങൾ വിളിക്കുകയും പൂജ നടത്താൻ മൂലയിലേക്ക് നീങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. സംഭവത്തെ അപലപിച്ച് നിരവധി മുസ്ലീം സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തില്ലെങ്കിൽ ജുമുഅ നിസ്കാരത്തിന് ശേഷം വൻ പ്രതിഷേധം നടത്തുമെന്ന് സംഘടനകൾ വ്യക്തമാക്കി.
Keywords: Mob Enters Heritage Madrasa In Karnataka On Dussehra, Performs Puja, National, Karnataka, News, Top-Headlines, Latest-News,Muslims,Arrested,Police,Celebration.