ഇരയ്ക്ക് പിന്നാലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി റോബിന്‍ വടക്കുംചേരിയും സുപ്രീംകോടതിയെ സമീപിച്ചു
Aug 1, 2021, 14:00 IST
ന്യൂഡെല്‍ഹി: (www.kvartha.com 01.08.2021) കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയ്ക്ക് പിന്നാലെ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും മുന്‍വൈദികനുമായ റോബിന്‍ വടക്കുംചേരിയും സുപ്രീംകോടതിയെ സമീപിച്ചു. കുറ്റവാളിയെ വിവാഹം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി ഹര്‍ജി നല്‍കിയത്.
കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ റോബിന്‍ വടക്കുംചേരിക്ക് ഒപ്പം താമസിക്കാന്‍ തനിക്കും കുഞ്ഞിനും അവസരം ഒരുക്കണമെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹത്തിനായി റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം.
അഭിഭാഷകന്‍ അലക്‌സ് ജോസഫാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഇര സുപ്രീം കോടതിയില്‍ സമര്‍പിച്ച ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് ഇര നേരത്തെ തന്നെ ഹൈകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇരയേയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാ. റോബിന്‍ വടക്കുംചേരിയും ഹൈകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇരയുടേയും പ്രതിയുടേയും ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. കേസില്‍ 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷക്കപ്പെട്ട് ജയിലില്‍ കഴിയുന്ന റോബിന്‍ വടക്കുംചേരിക്ക് വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെടുന്നുണ്ട്.
ഇതേ ആവശ്യം ഉന്നയിച്ച് റോബിന്‍ നല്‍കിയ ഹര്‍ജി ഹൈകോടതി നേരത്തേ തള്ളിയിരുന്നു. ലൈംഗിക പീഡനക്കേസുകളില്‍ ഒത്തുതീര്‍പുകളോ അയഞ്ഞ സമീപനമോ സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഹൈകോടതിയുടെ നടപടി.
2017 ഫെബ്രുവരി 27 നാണ് കൊട്ടിയൂര്‍ പള്ളി വികാരിയായിരുന്ന റോബിന്‍ വടക്കുംചേരിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. വിദേശയാത്രയ്ക്കായി കൊച്ചിയിലേക്കു പോകും വഴി പുതുക്കാടു വച്ചായിരുന്നു അറസ്റ്റ്. പത്തോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ റോബിന്‍ ഒഴികെയുള്ളവരെ കോടതി വിട്ടയച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ സുപ്രീംകോടതി തന്നെ കേസില്‍നിന്ന് ഒഴിവാക്കി.
പോക്‌സോ നിയമം നടപ്പിലാക്കിയ ശേഷം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കേസുകളിലൊന്നായിരുന്നു കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം. അന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു ഇരയായ പെണ്‍കുട്ടി. മൂന്നു വകുപ്പുകളിലായി 60 വര്‍ഷം കഠിന തടവാണ് റോബിനു ലഭിച്ചത്. ഒന്നിച്ച് 20 വര്‍ഷം തടവ് അനുഭവിക്കണം എന്നായിരുന്നു തലശ്ശേരി പോക്‌സോ കോടതിയുടെ വിധി.
Keywords: Molest Survivor Moves Supreme Court Seeking Permission To Marry POCSO Convict Ex-Catholic Priest, News, New Delhi, Supreme Court of India, Molestation, High Court of Kerala, Bail, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.