Dance Legend | മൃണാളിനി സാരാഭായി വിട വാങ്ങിയിട്ട് 9 വർഷം; നൃത്തം ജീവിതസന്ദേശമാക്കിയ കലാകാരി
● ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിക്രം സാരാഭായിയുടെ ഭാര്യയാണ് മൃണാളിനി.
● സ്വിറ്റ്സർലണ്ടിലായിരുന്നു അവർ തന്റെ ബാല്യം ചിലവഴിച്ചത്.
● ജീവിതത്തിലെ ദുരന്തങ്ങൾക്കിടയിലും കലയിൽ വിശ്വാസം പുലർത്തി
● 'ലോകപ്രശസ്തിയാർജ്ജിച്ച 'ദർപ്പണ' എന്ന കലാകേന്ദ്രം ഇവരുടെ പ്രവർത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു.
● ജനുവരി 21 ന് 97 ാം വയസ്സിൽ അഹമ്മദാബാദിലെ സ്വവസതിയിൽ ഒൻപതുവർഷം മുമ്പാണ് അന്തരിച്ചത്.
(KVARTHA) ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്വത്തെ മനസ്സിലാക്കികൊടുത്ത മലയാളിയായ അനശ്വര നർത്തകിയാണ് മൃണാളിനി സാരാഭായി. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിക്രം സാരാഭായിയുടെ ഭാര്യയാണ് മൃണാളിനി. വർത്തമാനകാല ഇന്ത്യയിലെ പ്രശസ്ത നർത്തകിയും ഭാരതത്തിന്റെ സാംസ്കാരിക മേഖലകളിൽ തന്റേതായ കരുത്തുറ്റ നിലപാട് വഴി മനുഷ്യാവകാശ ധംസനം നടക്കുന്നിടങ്ങളിൽ പോരാട്ടത്തിന്റെ പ്രതീകമായി എത്തിപ്പെടുന്ന വ്യക്തിയുമായ മല്ലിക സാരാഭായിയുടെ അമ്മയുമാണ്.
പാലക്കാട് ജില്ലയിലെ ആനക്കരയിലെ വടക്കേടത്ത് തറവാട്ടിലെ സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായി 1918 മെയ് 11ന് ജനിച്ച മൃണാളിനി സ്വാതന്ത്ര്യസമര പോരാട്ടവീഥിയിലെ ഉജ്ജ്വല നക്ഷത്രവും നേതാജിയുടെ ഐഎൻഎയിലെ വനിതാ വിഭാഗമായ ഝാൻസി റാണി റെജിമെന്റിന്റെ മേധാവിയുമായ ക്യാപ്റ്റൻ ലക്ഷ്മിയുടെ സഹോദരിയുമാണ്. സ്വിറ്റ്സർലണ്ടിലായിരുന്നു അവർ തന്റെ ബാല്യം ചിലവഴിച്ചത്. അവിടെയുണ്ടായിരുന്ന ഒരു നൃത്തവിദ്യാലയത്തിൽ നിന്നുമാണ് മൃണാളിനി പാശ്ചാത്യ നൃത്തത്തിന്റെ ആദ്യ ചുവടുകൾ പഠിക്കുന്നത്.
ക്ലാസിക്കൽ ഡാൻസിന്റെ അടിസ്ഥാന ചുവടുകൾ സ്വായത്തമാക്കാതെ നൃത്തത്തിന്റെ ഒരു മേഖലയിലും മുന്നേറാൻ ആവില്ല എന്ന് സ്വയം പഠിക്കുകയും ലോകത്തെ ബോധിപ്പിക്കുകയും ചെയ്ത മൃണാളിനി കലയുടെ സമ്പൂർണ സാക്ഷാത്കാരത്തിന് വേണ്ടി തന്റെ ജീവിതം പൂർണമായും ഉഴിഞ്ഞുവെച്ച ഒരു അമൂല്യ പ്രതിഭയാണ്. നർത്തകി നൃത്ത സംവിധായിക എന്നീ നിലകളിൽ ലോകമെമ്പാടും അറിയപ്പെട്ടിരുന്നുവെങ്കിലും സാഹിത്യത്തിന്റെ അപൂർവമായ സിദ്ധിയുള്ള അനുഗ്രഹീത എഴുത്തുകാരി കൂടിയിരുന്നു അവർ. നൃത്തത്തിനും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങൾക്കും പൂർണ ശ്രദ്ധ പതിപ്പിച്ചതിനാൽ മാത്രമാണ് സാഹിത്യലോകത്തിൽ ഏറെ അറിയപ്പെടാതെ പോയത്.
ജീവിതത്തിലെ തിരക്കുകളും ദുരന്തങ്ങളും അതിജീവിക്കാൻ കലയുടെ മാന്ത്രികതക്ക് കഴിയും എന്ന് തെളിയിച്ച അവർ അത് സമൂഹത്തെ ബോധ്യപ്പെടുത്താനും മാനസിക പ്രതിസന്ധി മൂലം ആത്മഹത്യയിൽ അഭയം തേടുന്നവരെ പോലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കലയിലൂടെ സാധിക്കുമെന്ന് തന്റെ പ്രശസ്തമായ വോയിസ് ഓഫ് ഹെർട്ട് എന്ന ആത്മകഥ വഴി തെളിയിച്ചിട്ടുണ്ട്. കണ്ണൻ എന്ന കവിത ഏറെ വിവാദങ്ങൾക്ക് വഴി വച്ചെങ്കിലും എഴുത്തുകാരിയുടെ സ്വാതന്ത്ര്യം എന്ന നിലയിൽ അവർ എന്നും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. സഹോദരിയുടെ പോരാട്ടവീര്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് അവർ എഴുതിയ തോക്കേന്തിയ വനിതകൾ എന്ന കവിത ഇന്ത്യൻ വിപ്ലവകാരികൾക്ക് അതിശക്തമായ ആത്മധൈര്യം നൽകിയിരുന്നു.
ലോകപ്രശസ്തിയാർജ്ജിച്ച 'ദർപ്പണ' എന്ന കലാകേന്ദ്രം ഇവരുടെ പ്രവർത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. നിരവധി വിദ്യാർത്ഥികൾക്ക് കഥകളിയിലും, ഭരതനാട്യത്തിലും പരിശീലനം നൽകി വളർത്തുകയും ചെയ്തിട്ടുണ്ട്. 2014ലെ പ്രവാസി രത്‌ന, ഭാരത സർക്കാരിന്റെ പത്മഭൂഷൺ എന്നീ ബഹുമതികൾ അടക്കം നിരവധി ബഹുമതികൾ നേടിയ ഒരു കാലഘട്ടത്തിൽ ഇന്ത്യയുടെ കലാ ലോകത്തെ നയിച്ച ലോകത്തിനു മുമ്പിൽ ഇന്ത്യയുടെ സാംസ്കാരിക അംബാസഡറായി പ്രവർത്തിച്ച മൃണാളിനി സാരാഭായ് 2016 ജനുവരി 21 ന് 97 ാം വയസ്സിൽ അഹമ്മദാബാദിലെ സ്വവസതിയിൽ ഒൻപതുവർഷം മുമ്പാണ് അന്തരിച്ചത്.
ഈ കലാകാരിയുടെ ജീവിതത്തെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ പ്രിയപ്പെട്ടവരോടു പങ്കുവെക്കുക, അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുമല്ലോ.
Mrinalini Sarabhai, a legendary figure in classical dance, passed away in 2016. She is remembered for her contributions to the cultural world and her profound legacy.
#MrinaliniSarabhai #Bharatanatyam #VoiceOfHeart #IndianCulture #DanceIcon #Legacy