Lifeguard Charged | 'എംബിബിഎസ് വിദ്യാര്‍ഥിനിയെ പാറക്കെട്ടില്‍ തള്ളിയിട്ട് കൊന്നത് ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിനാല്‍'; സ്വാദിച്ഛ സെയ്ന് കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പിച്ച് മുംബൈ ക്രൈംബ്രാഞ്ച്
Apr 12, 2023, 16:19 IST
മുംബൈ: (www.kvartha.com) 2021ല്‍ എംബിബിഎസ് വിദ്യാര്‍ഥിനി സ്വാദിച്ഛ സെയ്ന് കൊലപാതകക്കേസില്‍ കുറ്റപത്രം സമര്‍പിച്ച് മുംബൈ ക്രൈംബ്രാഞ്ച്. സെയ്നെ അവസാനമായി കണ്ടത് ലൈഫ്ഗാര്ഡായിരുന്നു. ഈസമയം, പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന മിത്തു സിങ്ങിന് എതിരെയാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് മിത്തു കൊലപാതകം ചെയ്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റപത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്: ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡിലായിരുന്നു സംഭവം നടന്നത്. 2021 നവംബര്‍ 29നാണ് സെയ്നെ കാണാതായതായി പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. ബാന്ദ്ര പൊലീസ് അന്വേഷിച്ച കേസ് ഈ വര്‍ഷം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു.
1,790 പേജുള്ള കുറ്റപത്രത്തില്‍ മിത്തു സിങ്ങിനെ കൂടാതെ സുഹൃത്ത് ജബ്ബാര്‍ അന്‍സാരിക്കെതിരെയും പരാമര്‍ശമുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ സെയ്നെ സന്തോഷവതിയായി കണ്ടതിനാല്‍ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ഒഴിവാക്കി. 100 സാക്ഷികളുള്ള കേസില്‍ നാലു പേര് മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്കി.
താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പെടണമെന്ന് സ്വാദിച്ഛയോട് മിത്തു ആവശ്യപ്പെട്ടതിന് പിന്നാലെ ഇരുവരും തമ്മില്‍ സംഭവദിവസം തര്‍ക്കമുണ്ടായി. തുടര്‍ന്ന് മിത്തു പാറക്കെട്ടിലേക്കു തള്ളിയിടുകയോ സ്വാദിച്ഛ സെയ്ന് മറിഞ്ഞുവീഴുകയോ ചെയ്തതായിരിക്കാം എന്നാണ് നിഗമനം. യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകം ചെയ്തെന്ന് സമ്മതിച്ച മിത്തു, സ്വാദിച്ഛയുടെ മൃതദേഹം കടലില്‍ തള്ളിയെന്നാണ് പറയുന്നത്. മൃതദേഹം ഉപേക്ഷിച്ചെന്നു പറഞ്ഞ സ്ഥലത്തു പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. മിത്തു സിങ്ങിന്റെ ബാന്ദ്രയിലെ വീടും പരിസരവും കഴിഞ്ഞദിവസം പൊലീസ് പരിശോധിച്ചിരുന്നു. പൂന്തോട്ടം കുഴിച്ചും പരിശോധിച്ചു.
ബാന്ദ്രയില്‍ ചൈനീസ് സ്റ്റാള്‍ നടത്തുന്ന മിത്തു സിങ്ങിന്റെ രണ്ടു തൊഴിലാളികളാണ് ഇയാള്‍ക്കെതിരെ മൊഴി നല്‍കിയത്. 'അവളുമായി സെക്സ് ചെയ്തിരുന്നോ' എന്ന തരത്തില്‍ മിത്തുവിനോട് സുഹൃത്ത് അന്‍സാരി ഫോണില്‍ സംസാരിക്കുന്നത് കേട്ടെന്നാണ് ഇതിലൊരാളുടെ മൊഴി.
സെയ്നെ കാണാതായി രണ്ടു ദിവസത്തിനുശേഷം കടലില്‍ ഒരു മൃതദേഹം ഒഴുകുന്നതായി അറിഞ്ഞപ്പോള്‍, 'അതൊരു പുരുഷന്റെ മൃതദേഹമായതു നന്നായി. സ്ത്രീയുടേതായിരുന്നെങ്കില്‍ നമ്മള് രണ്ടുപേരും ജയിലിലായേനെ' എന്നു മദ്യലഹരിയില്‍ അന്‍സാരിയും മിത്തുവും പറയുന്നതു കേട്ടെന്നും മൊഴിയുണ്ട്. ഈ മൃതദേഹം പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച് ഫലത്തിനായി കാത്തിരിക്കുകയാണ്.
തന്റെ ചൈനീസ് സ്റ്റാള്‍ സാധാരണ പുലര്‍ചെ മൂന്നു മണിക്കാണ് മിത്തു അടയ്ക്കാറുള്ളത്. എന്നാല്‍ കൊലപാതകദിവസം നേരത്തേ അടയ്ക്കാന്‍ നിര്‍ദേശിച്ചു. സെയ്നയും മിത്തുവും ഒരുമിച്ച് പാറക്കെട്ടിലേക്കു നടക്കുന്നതു കണ്ടെന്നും മിത്തു ഒറ്റയ്ക്കാണു തിരികെ വന്നതെന്നും പഞ്ചനക്ഷത്ര ഹോടെലിലെ മൂന്നു സുരക്ഷാ ജീവനക്കാരും പറഞ്ഞു.
Keywords: Chargesheet, Crime, Mumbai, News, National, National-News ,Mumbai-News, Crime-News, Accused, Killed, Medical Student, Mumbai Bandstand Murder case: Lifeguard Charged with Killing MBBS Student.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.