Injury | വാഹനാപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് 16 ആഴ്ച വിശ്രമം;  ഇറാനി കപ്പും രഞ്ജി ട്രോഫിയിലെ ആദ്യ മത്സരങ്ങളും നഷ്ടമാകും

 
Musheer Khan Injury: Indian Cricketer Ruled Out of Irani Cup and Ranji Trophy
Musheer Khan Injury: Indian Cricketer Ruled Out of Irani Cup and Ranji Trophy

Photo Credit: Facebook / ICC Cricket World Cup

● നിലവില്‍  ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്
● ആരോഗ്യനില തൃപ്തികരമാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി

ലക്‌നൗ: (KVARTHA) വാഹനാപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം മുഷീര്‍ ഖാന് 16 ആഴ്ചത്തെ വിശ്രമം നിര്‍ദേശിച്ച്  ഡോക്ടര്‍മാര്‍. ഇതോടെ 19 വയസ്സുകാരനായ മുഷീര്‍ ഖാന് ഇറാനി കപ്പും രഞ്ജി ട്രോഫിയിലെ ആദ്യ മത്സരങ്ങളും നഷ്ടമാകും. ഇറാനി കപ്പ് കളിക്കാനായി ലക് നൗവിലേക്കു പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്.  കഴുത്തിന് പരുക്കേറ്റ മുഷീര്‍ ഖാന്‍ ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരമാണ് മുഷീര്‍ ഖാന്‍. 

 

മുഷീര്‍ ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഭയ് ഹതപ് വ്യക്തമാക്കി. ബിസിസിഐയുടെ മേല്‍നോട്ടത്തിലായിരിക്കും മുഷീര്‍ ഖാന്റെ ചികിത്സ. താരത്തെ ഞായറാഴ്ച മുംബൈയിലേക്ക് മാറ്റിയേക്കും.


അസംഗഡില്‍ നിന്ന് ലക്‌നൗവിലേക്കുള്ള യാത്രയില്‍ മുഷീര്‍ ഖാനും പിതാവ് നൗഷാദ് ഖാനുമൊപ്പം രണ്ടുപേര്‍ കൂടി വാഹനത്തില്‍ ഉണ്ടായിരുന്നു. പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍വച്ച് ഡിവൈഡറില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ പിന്‍ഭാഗം തകര്‍ന്നതായി പുറത്തുവന്ന ചിത്രങ്ങളില്‍നിന്നു വ്യക്തമാകുന്നുണ്ട്.  കാറില്‍ നടുവിലായാണ് മുഷീര്‍ ഖാന്‍ ഇരുന്നത്. മുഷീറിന്റെ പിതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ക്കും നിസാര പരുക്കുകള്‍ മാത്രമാണുള്ളത്.

 

ദുലീപ് ട്രോഫിയിലെ ഏതാനും ഇന്നിങ്‌സുകളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതിനാല്‍, പിതാവ് നൗഷാദ് ഖാന്റെ അഭ്യര്‍ഥന പ്രകാരം അസംഗഡിലായിരുന്നു മുഷീര്‍ പരിശീലിച്ചിരുന്നത്. മുംബൈ ടീമിന്റെ പരിശീലന സെഷനുകളില്‍ മുഷീര്‍ പങ്കെടുത്തിരുന്നില്ല. മത്സരം നടക്കുന്ന ലക്‌നൗവിലെത്തി ടീമിനൊപ്പം ചേരാനായിരുന്നു താരത്തിന്റെ തീരുമാനം. 

ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ചു വരെ ലക്‌നൗ ഏകദിന സ്റ്റേഡിയത്തില്‍ വച്ചാണ് ഇറാനി കപ്പ് പോരാട്ടം നടക്കുന്നത്. രഞ്ജി ട്രോഫി ചാംപ്യന്‍മാരായ മുംബൈയെ റെസ്റ്റ് ഓഫ് ഇന്ത്യ ടീം നേരിടും. മുഷീര്‍ ഖാന് പകരം ആരാണ് ടീമില്‍ വരികയെന്ന് മുംബൈ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബര്‍ 11നാണ് രഞ്ജി ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്.

#MusheerKhan #CricketPlayer #Hospitalized  #Treatment #IraniCup #RanjiTrophy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia