മുനിസിപ്പല്‍ കണ്‍സിലറെ അക്രമിസംഘം ഓഫീസിലിട്ട് വെട്ടിക്കൊന്നു

 


നാഗര്‍കോവില്‍: (www.kvartha.com 21.07.2015) മുനിസിപ്പല്‍ കണ്‍സിലറെ ബൈക്കിലെത്തിയ അക്രമിസംഘം ഓഫീസിലിട്ട് വെട്ടിക്കൊന്നു. നാഗര്‍കോവില്‍ നഗരസഭയിലെ 23-ാം വാര്‍ഡ് കൗണ്‍സിലര്‍ ആശാരിവള്ളം സ്വദേശി ജോണ്‍ രാജസിംഗിനെയാണ് (41) ബൈക്കിലെത്തിയ ആറംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഡി.എം.കെയുടെ കൗണ്‍സിലറായിരുന്നു ജോണ്‍രാജസിംഗ്. ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിന് വേണ്ടി ആശാരിവള്ളംമെഡിക്കല്‍ കോളജിനും അനന്തനാര്‍ പാലത്തിനും ഇടയ്ക്ക് ഇദ്ദേഹം ഓഫീസ് തുറന്നിരുന്നു. തിങ്കളാഴ്ച രാത്രി 8.30 മണിയോടെ ഓഫീസില്‍  ടി.വി കണ്ടുകൊണ്ടിരുന്ന രാജസിംഗിനെ അക്രമിസംഘം വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വടിവാള്‍ കൊണ്ട് കഴുത്തിലും തലയിലും മാരകമായി വെട്ടിയ ശേഷം അക്രമി സംഘം ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഓഫീസിലേക്ക് ബൈക്കുകള്‍ തുരുതുരാ വരുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ഓഫീസിലെത്തി നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടന്ന ജോണ്‍രാജസിംഗിനെ കണ്ടത്. ഉടന്‍ കൗണ്‍സിലറെ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ആശാരിവള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ചന്ദ്രലേഖയാണ് ജോണ്‍രാജസിംഗിന്റെ ഭാര്യ. മക്കള്‍: അഭിഷേക് സിംഗ്,ബിനോയി സിംഗ്. സ്ഥലത്ത് ഡി.എം.കെ പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia