Campaign | നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 14-ന് ജമ്മു കശ്മീരിലേക്ക്

 
Narendra Modi to Campaign in Jammu & Kashmir on September 14
Narendra Modi to Campaign in Jammu & Kashmir on September 14

Photo Credit: Facebook / Narendra Modi

 തിരഞ്ഞെടുപ്പ് നടക്കുക സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തിയതികളില്‍ മൂന്ന് ഘട്ടമായി

ശ്രീനഗര്‍: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബര്‍ 14-ന് ജമ്മു കശ്മീരിലേക്ക് തിരിക്കും. വിവിധ റാലികളില്‍ പങ്കെടുക്കുന്ന അദ്ദേഹം, മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 

ഏത് വിധേനയും ജമ്മുവില്‍ തുടര്‍ഭരണം ആഗ്രഹിക്കുന്ന ബിജെപി തിരഞ്ഞെടുപ്പ് പത്രികയില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. 10 വര്‍ഷത്തിന് ശേഷമാണ് ജമ്മുവില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014-ലാണ് ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അന്ന് പൂര്‍ണ സംസ്ഥാനപദവിയുണ്ടായിരുന്ന ജമ്മു കശ്മീരില്‍ 25 സീറ്റുകളില്‍ വിജയിച്ച ബിജെപി 28 സീറ്റുകളില്‍ വിജയിച്ച പിഡിപിയുമായി കൈകോര്‍ത്ത് അധികാരം കൈപിടിയിലാക്കി. 

റമ്പാന്‍, ബനിഹാള്‍ മണ്ഡലങ്ങളില്‍ ഞായറാഴ്ച നടക്കുന്ന പ്രചാരണ പരിപാടികളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരില്‍ ഉണ്ടായിരുന്നു.

ഭരണഘടനയില്‍ ജമ്മു-കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന 370-ാം അനുച്ഛേദം ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്നും ഇനിയൊരിക്കലുമത് മടങ്ങിവരില്ലെന്നും ചടങ്ങിനിടെ അമിത് ഷാ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.

ലോക് സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വിലയിരുത്തി ജമ്മുവിലെ പ്രകടനപത്രികയില്‍ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു ബിജെപി നല്‍കിയത്. ജമ്മു-കശ്മീരില്‍നിന്ന് ഭീകരവാദം പൂര്‍ണമായും തുടച്ചുനീക്കുമെന്ന് അവകാശപ്പെടുന്ന പത്രികയില്‍ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീക്ക് പ്രതിവര്‍ഷം 18,000 രൂപയുടെ സഹായധനം, കോളജ് വിദ്യാര്‍ഥികള്‍ക്ക് യാത്രാ ചിലവിനത്തില്‍ പ്രതിവര്‍ഷം 3000 രൂപ, ഉള്‍ഗ്രാമങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ടാബുകളും ലാപ് ടോപ്പുകളും, കൃഷിയാവശ്യത്തിന് പകുതിനിരക്കില്‍ വൈദ്യുതി, ഉജ്ജ്വല പദ്ധതിപ്രകാരം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം രണ്ടു ഗ്യാസ് സിലിന്‍ഡറുകള്‍ സൗജന്യം തുടങ്ങി 25 ഇന വാഗ്ദാനങ്ങളാണ് പത്രികയുടെ കാതല്‍. വയോധികര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ പെന്‍ഷന്‍ ആയിരം രൂപയില്‍ നിന്ന് മൂവായിരം രൂപയായി ഉയര്‍ത്തുമെന്നും പത്രികയില്‍ പറയുന്നുണ്ട്. 

കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരില്‍ സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തിയതികളില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍.

 #NarendraModi #JammuKashmir #BJP #Elections2024 #Article370 #PoliticalCampaign
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia