NEET Row | നീറ്റ് ചോദ്യപേപര്‍ ചോര്‍ച; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഉന്നയിക്കും
വിഷയത്തില്‍ കേന്ദ്രസര്‍കാര്‍ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു
രാജ്യത്ത് പുകയുന്ന എല്ലാ കാര്യങ്ങളും പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി
ന്യൂഡെല്‍ഹി: (KVARTHA) നീറ്റ് ചോദ്യപേപര്‍ ചോര്‍ച വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വെള്ളിയാഴ്ച (ജൂണ്‍ 28) അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടുമെന്ന് വ്യക്തമാക്കി ഇന്‍ഡ്യാ സഖ്യം. നീറ്റ് വിഷയത്തില്‍ കേന്ദ്രസര്‍കാര്‍ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
നീറ്റ് വിഷയം ലോക് സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിക്കുമെന്നും സഖ്യം അറിയിച്ചു. വിഷയത്തില്‍ ചര്‍ച അനുവദിച്ചില്ലെങ്കില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്‍ഡ്യാ സഖ്യ കക്ഷികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. വിവിധ വിഷയങ്ങളെ കുറിച്ച് യോഗം ചര്‍ച ചെയ്ത് തീരുമാനമെടുത്തു.
നീറ്റ്, അഗ്‌നിവീര്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, മിനിമം താങ്ങുവില, സിബിഐ, ഇഡി തുടങ്ങിയ സര്‍കാര്‍ ഏജന്‍സികളെയും ഗവര്‍ണര്‍മാരുടെ ഓഫിസുകളെയും ദുരുപയോഗം ചെയ്യല്‍ എന്നീ വിഷയങ്ങളും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള ചര്‍ചയ്ക്കിടെ പാര്‍ലമെന്റില്‍ ഉന്നയിക്കും. തിങ്കളാഴ്ച പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ഒത്തുകൂടാനും തീരുമാനമായി.
രാജ്യത്ത് പുകയുന്ന എല്ലാ വിഷയങ്ങളും പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തില്‍ ഒട്ടേറെ വിഷയങ്ങള്‍ ചര്‍ചയായെന്ന് കോണ്‍ഗ്രസ് എംപി ജയറാം രമേശ് പറഞ്ഞു. രാഷ്ട്രപതിയുടെ അഭിസംബോധനയായാലും ഡപ്യൂടി സ്പീകര്‍ തിരഞ്ഞെടുപ്പായാലും എല്ലാ വിഷയത്തിലും പാര്‍ലമെന്റില്‍ സംവാദം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.