Shut Down | മുസ്ലിം കുട്ടിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് മര്‍ദിപ്പിച്ച സംഭവം; ഉത്തര്‍പ്രദേശിലെ വിവാദ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്; പഠിപ്പ് മുടങ്ങാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മറ്റുവിദ്യാലയത്തില്‍ പ്രവേശനം നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ്
Aug 27, 2023, 17:14 IST
ലക്‌നൗ: (www.kvartha.com) രണ്ടാം ക്ലാസ് മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അധ്യാപിക തല്ലിച്ചതിനെ തുടര്‍ന്ന് വിവാദമായ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂള്‍ പൂട്ടാന്‍ സര്‍കാര്‍ ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച് സ്‌കൂള്‍ ഓപറേറ്റര്‍ക്ക് യുപി വിദ്യാഭ്യാസ വകുപ്പ് നോടീസ് അയച്ചതായാണ് വിവരം.
നേഹ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സമീപത്തുള്ള മറ്റു സ്‌കൂളുകളില്‍ പ്രവേശനം നല്‍കുമെന്നും അതിനാല്‍ പഠനത്തെ ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.
പ്രിന്‍സിപലിന്റെ ചുമതലയുള്ള അധ്യാപികയായ ത്രിപ്ത ത്യാഗിക്കെതിരെയാണ് ആരോപണമുയര്‍ന്നത്. സഹാഠികളോട് 7 വയസുള്ള മുസ്ലീം വിദ്യാര്‍ഥിയെ തല്ലാന്‍ ആവശ്യപ്പെടുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് അധ്യാപികക്കെതിരെ കേസെടുത്തു.
അതേസമയം, ഇതൊരു ചെറിയ പശ്നമാണെന്നും സംഭവത്തെ പെരുപ്പിച്ച് കാട്ടുകയാണെന്നുമായിരുന്നു സ്‌കൂള്‍ ഉടമ കൂടിയായ അധ്യാപികയുടെ നിലപാട്. സംഭവത്തില്‍ വര്‍ഗീയതയില്ലെന്നും കുട്ടി 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും താന്‍ ഭിന്നശേഷിക്കാരിയായതിനാലാണ് അടി നല്‍കാന്‍ സഹപാഠികളെ ചുമതലപ്പെടുത്തിയതെന്നും അവര്‍ വിശദീകരിച്ചു.
ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളില്‍ വ്യാഴാഴ്ചയാണ് മുസ്‌ലിം വിദ്യാര്‍ഥിക്ക് സ്വന്തം ക്ലാസ് മുറിയില്‍നിന്ന് ദുരനുഭവം ഉണ്ടായത്. സഹപാഠിയെ മര്‍ദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക കസേരയിലിരുന്നു നിര്‍ദേശം നല്‍കുകയും കുട്ടികള്‍ ഓരോരുത്തരായെത്തി കുട്ടിയെ മര്‍ദിക്കുകയുമായിരുന്നു. 'എന്താണിത്ര പതുക്കെ തല്ലുന്നത്? ശക്തിയായി അടിക്കൂ' എന്നും അധ്യാപിക വീഡിയോയില്‍ പറയുന്നത് വ്യക്തമാണ്. ഇതിനിടെ കുട്ടി കണ്ണുനീര്‍ ഒഴുകി നിസഹായനായി നില്‍ക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി കുട്ടി പറഞ്ഞു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ അധ്യാപികയ്‌ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസ് രെജിസ്റ്റര്‍ ചെയ്തു. അധ്യാപിക മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതായി വീഡിയോയില്‍ ഉള്ളതിനാല്‍ ഇതിനെതിരായ ജാമ്യമില്ലാവകുപ്പും (153എ) ചുമത്തണമെന്നാവശ്യപ്പെട്ട് യുപി സ്വദേശിയായ അഭിഭാഷകന്‍ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചു.
അതേസമയം, കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയില്‍ ഉറച്ചുനിന്നു. കുട്ടിയോട് പഠനത്തില്‍ മോശമായാല്‍ കര്‍ക്കശമായി പെരുമാറാന്‍ മാതാപിതാക്കളില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നതായും അധ്യാപിക പറഞ്ഞു. ശിശുക്ഷേമ സമിതി കുട്ടിയുമായും മാതാപിതാക്കളുമായും സംസാരിച്ചു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്‌കൂളിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞെങ്കിലും ഈ സ്‌കൂളിലേക്ക് തന്റെ കുട്ടിയെ ഇനി അയക്കില്ലന്നും പിതാവ് പറഞ്ഞു. അതേസമയം, അടിച്ച കുട്ടിയുമായി കര്‍ഷക നേതാവ് രാകേഷ് ടികായത്ത് മര്‍ദനമേറ്റ കുട്ടിയുടെ വീട്ടിലെത്തുകയും കുട്ടികള്‍ ആലിംഗനം ചെയ്യുന്ന ചിത്രവും വീഡിയോയും പ്രചരിക്കുകയും ചെയ്തു.
Keywords: News, National, National-News, Religious Discrimination, Neha School, Muzaffarnagar News, Viral Video, UP News, School, Teacher, FIR, Police, Case, Neha Public School shut down for inquiry after the controversial incident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.