Suresh Gopi | സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഒഴിയുമോ? മിന്നുന്ന വിജയം നേടിയിട്ടും സഹമന്ത്രിയാക്കി ഒതുക്കിയതില്‍ അതൃപ്തിയുണ്ടെന്ന് സൂചന
ശ്രീപത്മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉള്‍പെടെ നാലെണ്ണത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുന്നു
സുരേഷ് ഗോപി സാംസ്‌കാരിക മന്ത്രാലയത്തിലേക്കെന്ന് സൂചന.
ജോര്‍ജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ കിട്ടിയേക്കും.
ന്യൂഡെല്‍ഹി: (KVARTHA) സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും. സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിന് തടസമാണെന്നും സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാല്‍ കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. തൃശ്ശൂരില്‍നിന്ന് മിന്നുന്ന വിജയം നേടിയിട്ടും അദ്ദേഹത്തെ സഹമന്ത്രിസ്ഥാനത്ത് ഒതുക്കിയെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചത്.
കാബിനെറ്റ് പദവിയോ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിസ്ഥാനമോ സുരേഷ് ഗോപിക്ക് ലഭിക്കുമെന്നായിരുന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നത്. വൈകാതെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിനിമ ചെയ്‌തേ മതിയാകൂവെന്നും കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെയെന്നും അദ്ദേഹം തന്റെ നിലപാട് എന്താണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഡെല്‍ഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോള്‍ സിനിമകള്‍ക്ക് കരാറില്‍ ഏര്‍പെട്ട കാര്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉള്‍പെടെ നാല് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപി തയ്യാറെടുക്കുകയാണ്. സിനിമകള്‍ മുടങ്ങിയാല്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാകുമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചു.
അതേസമയം സിനിമയില്‍ അഭിനയിക്കാന്‍ ഉള്ള സൗകര്യം കണക്കില്‍ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നല്‍കിയതെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം. സുരേഷ് ഗോപി സാംസ്‌കാരിക മന്ത്രാലയത്തിലേക്കെന്ന് സൂചന. ജോര്‍ജ് കുര്യന് വിദേശകാര്യമോ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി സ്ഥാനമോ കിട്ടിയേക്കും.
തൃശ്ശൂരില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും തറപറ്റിച്ച് നേടിയ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തില്‍ ബിജെപി അകൗണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാല്‍ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്. ഒപ്പം സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കിട്ടിയ പിന്തുണക്കുള്ള മറുപടിയായി ജോര്‍ജ് കുര്യനും സഹ മന്ത്രിസ്ഥാനം ലഭിച്ചു.