Legislative Reforms | 2024-ല്‍ ഇന്ത്യയില്‍ നടപ്പാക്കിയതോ അവതരിപ്പിച്ചതോ ആയ പുതിയ നിയമങ്ങള്‍; അറിയാം വിശദമായി 

 
 New laws in India 2024, legal reforms
 New laws in India 2024, legal reforms

Photo Credit: Facebook/Ministry of Parliamentary Affairs, Government of India

● 2024-ൽ ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങൾ പുതുക്കി, ശിക്ഷയ്ക്ക് പകരം നീതി നൽകാൻ ശ്രമം
● പുതിയ ബില്ലുകൾ ഇ-എഫ്ഐആർ, ഭീകരവാദ നിയമം, വരുന്നു
● വ്യോമയാന, കപ്പൽ നിർമ്മാണ, റെയിൽവേ, ബാങ്കിംഗ് മേഖലകളിൽ വലിയ പരിഷ്‌കാരങ്ങൾ

ന്യൂഡല്‍ഹി: (KVARTHA) 2014 മുതല്‍ 1500-ലധികം നിയമങ്ങള്‍ മോദി ഗവണ്‍മെന്റ് റദ്ദാക്കിയിട്ടുണ്ട്. 2024ലും സുപ്രധാനമായ നിയമനിര്‍മ്മാണ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയോ നടപ്പാക്കുകയോ ചെയ്തു. ഈ പരിഷ്‌കാരങ്ങള്‍ കപ്പല്‍നിര്‍മ്മാണം, ബാങ്കിങ്, റെയില്‍വേ, വ്യോമയാനം തുടങ്ങി വിവിധ മേഖലകളെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. നൂറ്റാണ്ട് പഴക്കമുള്ള ഭാരതീയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരം പുതിയ ബില്ലുകള്‍, 1934-ലെ എയര്‍ക്രാഫ്റ്റ് ആക്ടിന് പകരമുള്ള വായുയാന്‍ വിധായക് ബില്‍, നൂറ്റാണ്ട് പഴക്കമുള്ള കടല്‍ വഴിയുള്ള ചരക്ക് നീക്ക നിയമം 1925-ന് പകരമായി കടല്‍ വഴിയുള്ള ചരക്ക് നീക്ക ബില്‍ എന്നിവ പാസാക്കുന്നതിന് 2024 സാക്ഷ്യം വഹിച്ചു. 

പുതിയ ക്രിമിനല്‍ നിയമങ്ങള്‍

ഭാരതീയ സാക്ഷ്യ (രണ്ടാം) ബില്‍, 2023; ഭാരതീയ ന്യായ (രണ്ടാം) സംഹിത, 2023, ഭാരതീയ നാഗരിക സുരക്ഷാ (രണ്ടാം) സംഹിത, 2023 എന്നിവ 2023 ഡിസംബറില്‍ പാസാക്കിയെങ്കിലും ഈ വര്‍ഷം 2024 ജൂണ്‍ 1 മുതലാണു പ്രാബല്യത്തില്‍ വന്നത്. കോളനിവാഴ്ചക്കാലത്തെ നിയമങ്ങളെ അടിസ്ഥാനമാക്കി ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യയുടെ നിയമവ്യവസ്ഥയെ സ്വദേശിവല്‍ക്കരിക്കാനുള്ള നീക്കമായാണ് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചത്. രാജ്യദ്രോഹ നിയമം പോലുള്ള കാലഹരണപ്പെട്ട വ്യവസ്ഥകള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത നിലവില്‍ വന്നു. 

ചരിത്രപരമായി ബ്രിട്ടീഷ് ഭരണകാലത്ത് വിയോജിപ്പുകളെ അടിച്ചമര്‍ത്താനാണ് ഈ നിയമം ഉപയോഗിച്ചിരുന്നത്. ഭാരതീയ സാക്ഷ്യ അധിനിയം, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി. ഇത് ഇലക്ട്രോണിക് തെളിവുകള്‍ക്കുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള തെളിവ് കൈകാര്യം ചെയ്യല്‍ ആധുനികവല്‍ക്കരിക്കുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ക്രിമിനല്‍ നടപടി ചട്ടത്തിന് പകരമായി ആവിഷ്‌കരിച്ചു. ഇതില്‍ പൊലീസ് കസ്റ്റഡി കാലയളവിലും കേസുകളില്‍ സംശയിക്കുന്നവരെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവന്നു. 

പുതിയ നിയമങ്ങളുടെ ലക്ഷ്യം ജനങ്ങള്‍ക്ക് ശിക്ഷയ്ക്കുപകരം നീതി നല്‍കുക എന്നതാണ്. സീറോ എഫ്‌ഐആര്‍, ഇ-എഫ്‌ഐആര്‍, ഭീകരവാദത്തിന്റെ പുതിയ നിര്‍വചനം, ചെറിയ കുറ്റകൃത്യങ്ങളോടുള്ള സമീപനം, ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള കഠിന ശിക്ഷ, വഞ്ചനാപരമായ വിവാഹങ്ങള്‍ക്കുള്ള ശിക്ഷ, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ വധശിക്ഷ, വേശ്യാവൃത്തിക്കായി കുട്ടിയെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ കഠിന തടവ്, കുട്ടിയെ ഉപേക്ഷിച്ചാല്‍ ശിക്ഷ തുടങ്ങിയ സുപ്രധാന സവിശേഷതകള്‍ ഈ നിയമങ്ങളില്‍ ഉണ്ട്.

വഖഫ് ഭേദഗതി ബില്‍

2024 ഓഗസ്റ്റ് 8 ന്, രണ്ട് ബില്ലുകള്‍, വഖഫ് (ഭേദഗതി) ബില്‍, 2024, മുസ്സല്‍മാന്‍ വഖഫ് (റദ്ദുചെയ്യല്‍) ബില്‍, 2024 എന്നിവ ലോക്‌സഭയില്‍ അവതരിപ്പിച്ചു. വഖഫ് സ്വത്തുക്കള്‍ക്കായി കേന്ദ്രീകൃത പോര്‍ട്ടല്‍ സ്ഥാപിക്കുമെന്നും വ്യവസ്ഥയുണ്ട്. കേന്ദ്ര വഖഫ് കൗണ്‍സിലിലും സംസ്ഥാന വഖഫ് ബോര്‍ഡിലും മുസ്ലിങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്താന്‍ ബില്‍ നിര്‍ദേശിക്കുന്നു. ശരിയായ രേഖകള്‍ സൂക്ഷിക്കുന്നതില്‍ പരാജയപ്പെടുകയോ വഖഫ് ഭൂമി കയ്യേറിയവരോ ആയ മുതവല്ലികളെ (ട്രസ്റ്റികള്‍) നീക്കം ചെയ്യലും ഓഡിറ്റും ഈ ഭേദഗതി അവതരിപ്പിക്കുന്നു. ഗവണ്‍മെന്റ് സ്വത്തുക്കള്‍ വഖഫാക്കി മാറ്റുന്നത് നിരോധിക്കുന്നു തുടങ്ങിയവയാണ് പ്രധാന കാര്യങ്ങള്‍. ബില്‍ ഇപ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെ.പി.സി) യുടെ പരിഗണനയിലാണ്.

പൊതു പരീക്ഷകളില്‍ സുതാര്യത 

എന്‍ഇപി 2020-ലൂടെ വിദ്യാഭ്യാസത്തില്‍ പരിവര്‍ത്തനാത്മക പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നശേഷം, പൊതു പരീക്ഷാ ബില്‍ 2024 ബില്‍ പൊതു പരീക്ഷകളിലെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും രാജ്യമെമ്പാടുമായി പൊതു പരീക്ഷകളിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ച, തട്ടിപ്പുകള്‍ എന്നീ പ്രശ്‌നങ്ങളെ ചെറുക്കുന്നതിനും ലക്ഷ്യമിടുന്നു. പരീക്ഷാ അധികാരികളോ സേവനദാതാക്കളോ ഉള്‍പ്പെട്ട സംഘടിത കുറ്റകൃത്യങ്ങളില്‍ ഭാഗമാകുന്ന കുറ്റവാളികള്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്. 

വ്യോമയാന മേഖലയില്‍ പുതിയ നിയമം

ഇന്ത്യയുടെ വ്യോമയാന മേഖല ശ്രദ്ധേയമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങള്‍ 2014-ലെ 74-ല്‍ നിന്ന് 2024-ല്‍ 157 എന്ന നിലയില്‍ ഇരട്ടിയായി. 2047-ഓടെ 350-400 എന്ന ലക്ഷ്യത്തിലേക്കെത്താനാണു പദ്ധതിയിടുന്നത്. ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ ഗണ്യമായി വിമാനയാത്രകളുടെ എണ്ണം വര്‍ധിപ്പിച്ചതിന്റെ ഫലമായി കഴിഞ്ഞ ദശകത്തില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കിയതില്‍ ഉഡാന്റെ ശ്രദ്ധേയമായ വിജയം പ്രതിഫലിക്കുന്നു. 2024-ല്‍ ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി. 2030ഓടെ 4 ശതകോടി ഡോളറിന്റെ എംആര്‍ഒ വ്യവസായവുമായി മുന്‍നിര വ്യോമയാന ഹബ്ബായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

വ്യോമയാന മേഖലയില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ഭാരതീയ വായുയാന്‍ വിധേയക്, 2024 എന്ന ബില്‍. 1934-ലെ എയര്‍ക്രാഫ്റ്റ് ആക്റ്റിന് പകരമാണ് ഈ ബില്‍. നിയന്ത്രണ ചട്ടക്കൂട് നവീകരിക്കുന്നതിനും ഇന്ത്യയുടെ വ്യോമയാന മേഖലയുടെ സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. നിര്‍മാണത്തില്‍ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിന് വിദേശ രാജ്യങ്ങള്‍ മുമ്പ് ചെയ്ത വിമാന രൂപകല്‍പ്പനകള്‍ അംഗീകരിക്കാനും സാക്ഷ്യപ്പെടുത്താനും ഇന്ത്യയെ അധികാരപ്പെടുത്തുന്ന 'സ്റ്റേറ്റ് ഓഫ് ഡിസൈന്‍' എന്ന ആശയം ഇതാദ്യമായി ബില്‍ അവതരിപ്പിക്കുന്നു. ഇതു വ്യോമയാന മേഖലയില്‍ വ്യവസായ നടത്തിപ്പു സുഗമമാക്കും. വ്യോമയാന വ്യവസായത്തില്‍ ഇന്ത്യയെ പ്രമുഖ അറ്റകുറ്റപ്പണി, മൊത്തത്തിലുള്ള അഴിച്ചുപണി (എംആര്‍ഒ) കേന്ദ്രമായി മാറ്റുന്നതും ലക്ഷ്യമിടുന്നു.

കപ്പല്‍ വ്യാപാര മേഖലയിലെ പരിഷ്‌കാരങ്ങള്‍

ആണവ അന്തര്‍വാഹിനികളും വിമാനവാഹിനിക്കപ്പലുകളും രൂപകല്‍പ്പന ചെയ്യാനും നിര്‍മിക്കാനും കഴിവുള്ള ആഗോളതലത്തിലെ അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം, വ്യവസായത്തിന് അത്യന്താപേക്ഷിതമായ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തിയും രാജ്യത്തിനുണ്ട്. നാവികരെ വിതരണം ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 10-12% വിഹിതമുണ്ട്. നേരേമറിച്ച്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ മുന്‍നിര കപ്പല്‍നിര്‍മാണ രാജ്യങ്ങള്‍ പ്രായമേറിയ ജനസംഖ്യ എന്ന പ്രശ്‌നം നേരിടുകയാണ്. 

കപ്പല്‍നിര്‍മാണം ശാരീരികശേഷി ആവശ്യപ്പെടുന്നതിനാല്‍, ഈ മാറ്റം ഇന്ത്യയിലെ യുവതൊഴിലാളികള്‍ക്ക് ചുവടുവയ്ക്കാനും നയിക്കാനുമുള്ള സവിശേഷ അവസരം നല്‍കുന്നു. കപ്പല്‍ ഉടമസ്ഥത- കപ്പല്‍നിര്‍മാണ മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍, തീരദേശ ഷിപ്പിങ് ബില്‍, 2024; കടല്‍ മാര്‍ഗമുള്ള ചരക്കുഗതാഗത ബില്‍, 2024; കപ്പല്‍ ചരക്കുകളുടെ വിശദമായ വിവരണത്തിനുള്ള ബില്‍, 2024 (ബില്‍സ് ഓഫ് ലേഡിങ് ബില്‍) എന്നിങ്ങനെ സമഗ്രമായ നിയമനിര്‍മാണ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചു. 

ലളിതമായ ലൈസന്‍സിങ്, തീരദേശ ഷിപ്പിങ്ങിനായി ദേശീയ വിവരസഞ്ചയം സൃഷ്ടിക്കല്‍, തീരദേശ വ്യാപാരം പ്രാഥമികമായി ഇന്ത്യന്‍ പൗരന്മാരുടെ ഉടമസ്ഥതയിലുള്ളതും അവര്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായ ഇന്ത്യന്‍ കപ്പലുകളാല്‍ നടത്തപ്പെടുന്നുവെന്ന് ഉറപ്പാക്കല്‍, സമുദ്രമേഖലയില്‍ ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, വാഹകരുടെ ഉയര്‍ന്ന നിലവാരം, ചരക്ക് ഉടമകളുടെയും ഷിപ്പര്‍മാരുടെയും സംരക്ഷണം, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കല്‍, ഷിപ്പിങ് പ്രവര്‍ത്തനങ്ങളില്‍ വിശ്വാസം വളര്‍ത്തല്‍, സമുദ്രഗതാഗതത്തിലെ കാര്യക്ഷമത, നിയമപരമായ വ്യക്തത, സുരക്ഷ എന്നിവ വര്‍ദ്ധിപ്പിക്കല്‍, ചട്ടങ്ങള്‍ ലഘൂകരിക്കല്‍ തുടങ്ങിയവയാണ് ഈ ബില്ലുകളുടെ പ്രധാന ലക്ഷ്യങ്ങള്‍. 

മര്‍ച്ചന്റ് ഷിപ്പിങ് ബില്‍ 2024-ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ചട്ടങ്ങള്‍ പാലിക്കല്‍ ഭാരം കുറയ്ക്കുക, കപ്പല്‍ച്ചുങ്കം വര്‍ധിപ്പിക്കുക, സമുദ്രസഞ്ചാരികളുടെ ക്ഷേമം മെച്ചപ്പെടുത്തുക, സമുദ്രസുരക്ഷ വര്‍ധിപ്പിക്കുക, സമുദ്ര മലിനീകരണം തടയുക, ഇന്ത്യയുടെ അന്താരാഷ്ട്ര കടമകള്‍ നടപ്പാക്കുക, സുതാര്യതയും വ്യവസായം സുഗമമാക്കലും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ബില്‍ ലക്ഷ്യമിടുന്നത്.

റെയില്‍വേ മേഖലയിലെ പരിഷ്‌കാരങ്ങള്‍

ഇന്ത്യന്‍ റെയില്‍വേ ബ്രോഡ്ഗേജ് ശൃംഖലയുടെ 97% വൈദ്യുതവല്‍ക്കരിച്ചു. 2024-25 ഓടെ സമ്പൂര്‍ണ വൈദ്യുതവല്‍ക്കരണത്തിലേക്ക് അതിവേഗം മുന്നേറുന്നു. 105 വര്‍ഷം പഴക്കമുള്ള നിര്‍മിതിക്കു പകരമായി ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലമായ പുതിയ പാമ്പന്‍ പാലം പൂര്‍ത്തിയായി. 102 വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ പ്രവര്‍ത്തനക്ഷമമായതിനാല്‍ (സെപ്റ്റംബര്‍ 2024 വരെ), യാത്രക്കാരുടെ അനുഭവം റെയില്‍വേ നിരന്തരം പുനര്‍നിര്‍വചിക്കുകയാണ്. 

റെയില്‍വേ (ഭേദഗതി) ബില്‍ 2024 പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും റെയില്‍വേ സോണിന് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കുന്നതിനുമാണ് അവതരിപ്പിച്ചത്. റെയില്‍വേ സോണുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കുന്നു, ബജറ്റുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍, നിയമനം എന്നിവ സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ അവരെ അനുവദിക്കുന്നു. 

1905-ലെ ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് ആക്റ്റില്‍ നിന്നുള്ള വ്യവസ്ഥകള്‍ 1989-ലെ റെയില്‍വേ ആക്റ്റിലേക്ക് ലയിപ്പിക്കുന്നതിലൂടെ, ബില്‍ ഇന്ത്യന്‍ റെയില്‍വേയെ നിയന്ത്രിക്കുന്ന നിയമപരമായ ഘടനയെ ലളിതമാക്കുന്നു. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളുടെ ദ്രുതഗതിയിലുള്ള വികസനത്തിനും നിര്‍ണായകമായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കും വ്യവസ്ഥകളുണ്ട്. റെയില്‍വേ ബോര്‍ഡിന്റെ ഭരണഘടനയും ഘടനയും കാര്യക്ഷമമാക്കാനും അതുവഴി റെയില്‍വേ പ്രവര്‍ത്തനങ്ങളുടെ മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് ഈ മാറ്റങ്ങള്‍ ഉദ്ദേശിക്കുന്നത്.

ജമ്മു കശ്മീരിലെ തദ്ദേശ സ്ഥാപന നിയമ ഭേദഗതി

അനുച്ഛേദം 370 റദ്ദാക്കല്‍ ജമ്മു കശ്മീരിനെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും തുല്യമാക്കി. വിവിധ പദ്ധതികളും പരിപാടികളും നേരിട്ട് നടപ്പിലാക്കാന്‍ കേന്ദ്രഗവണ്മെന്റിന് ഇപ്പോള്‍ അധികാരമുണ്ട്. ജമ്മു കശ്മീരിന് ബാധകമായ 890 നിയമങ്ങള്‍ കൊണ്ടുവരികയും, 205 സംസ്ഥാന നിയമങ്ങള്‍ റദ്ദാക്കുകയും, 129 നിയമങ്ങള്‍ പരിഷ്‌കരിക്കുകയും ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പഹാഡി സംസാരിക്കുന്നവര്‍ക്കും ആദ്യമായി സംവരണം അനുവദിച്ചു. 

ജമ്മു കശ്മീര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമ (ഭേദഗതി) ബില്‍, 2024 തദ്ദേശ സ്ഥാപനങ്ങളിലെ സംവരണത്തിന് കൂടുതല്‍ ഉത്തേജനം പകരുന്നു. ജമ്മു കശ്മീര്‍ തദ്ദേശ സ്ഥാപന നിയമ (ഭേദഗതി) ബില്‍, 2024, ജമ്മു കശ്മീരിലെ മുമ്പു ബാധകമായ മൂന്ന് നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നു: ജമ്മു കശ്മീര്‍ പഞ്ചായത്തി രാജ് നിയമം, 1989; ജമ്മു കശ്മീര്‍ മുനിസിപ്പല്‍ ആക്റ്റ്, 2000; ജമ്മു കശ്മീര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്റ്റ്, 2000. ഭരണഘടനയുടെ അനുച്ഛേദം 243D, 243T എന്നിവയുമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയമങ്ങള്‍ പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണ് ഭേദഗതികള്‍ ശ്രമിക്കുന്നത്. 

പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒബിസി) ബില്‍ സംവരണം വ്യാപിപ്പിച്ചു. കൂടാതെ, 33% വനിതാ സംവരണം ബാധകമാക്കി.

ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍

2024-ല്‍ ഇന്ത്യയുടെ ബാങ്കിങ് സംവിധാനം ശ്രദ്ധേയമായ പുനരുജ്ജീവനവും കരുത്തും പ്രകടമാക്കി. പൊതുമേഖലാ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അനുപാതം 2018 മാര്‍ച്ചിലെ 14.58 ശതമാനത്തില്‍ നിന്ന് 2024 സെപ്റ്റംബറില്‍ 3.12 ശതമാനമായി കുറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ അവരുടെ എക്കാലത്തെയും ഉയര്‍ന്ന മൊത്ത അറ്റാദായം 1.41 ലക്ഷം കോടി രൂപ നേടി. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഗ്ലോബല്‍ ഫിനാന്‍സിന്റെ സെന്‍ട്രല്‍ ബാങ്കര്‍ റിപ്പോര്‍ട്ട് കാര്‍ഡ്‌സ് 2024, എ പ്ലസ് റേറ്റിങ് നല്‍കി. 

ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്തുകയും നിക്ഷേപകരുടെ സംരക്ഷണം വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ബാങ്കിങ് നിയമ (ഭേദഗതി) ബില്‍ 2024-ന്റെ ലക്ഷ്യം. അക്കൗണ്ട് ഉടമകളെ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്കോ സ്ഥിര നിക്ഷേപങ്ങള്‍ക്കോ വേണ്ടി നാല് വ്യക്തികളെ വരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുവദിക്കുന്നതാണ് ബില്ലിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ക്ലെയിം ചെയ്യപ്പെടാത്ത ഡിവിഡന്റുകളും ഓഹരികളും പലിശയും ഇന്‍വെസ്റ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടിലേക്ക് (IEPF) കൈമാറാന്‍ ബില്‍ നിര്‍ദേശിക്കുന്നു; ഈ തുകകള്‍ പിന്നീട് ക്ലെയിം ചെയ്യാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നു. ഇന്ത്യയുടെ ബാങ്കിങ് രംഗത്ത് സുപ്രധാന പങ്ക് വഹിക്കുന്ന സഹകരണ ബാങ്കുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഭേദഗതികള്‍.

ഒറ്റ തെരഞ്ഞെടുപ്പ്

ലോക്‌സഭയിലേക്കും സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നതിനായി ഭരണഘടന (നൂറ്റി ഇരുപത്തിയൊമ്പതാം) ഭേദഗതി ബില്ലും കേന്ദ്ര ഭരണ പ്രദേശങ്ങളുടെ നിയമ (ഭേദഗതി) ബില്ലും അവതരിപ്പിച്ചു. ഈ ബില്ലും സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) ക്ക് വിട്ടിരിക്കുകയാണ്.

#IndiaNews #LawReforms2024 #AviationLaw #BankingReforms #MaritimeLaw #CriminalLaw

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia