ഭീമാ കൊറേഗാവ് കേസില്‍ സുധാ ഭരദ്വാജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ; സുപ്രീം കോടതിയെ സമീപിക്കും

 



ന്യൂഡെല്‍ഹി: (www.kvartha.com 03.12.2021) ഭീമാ കൊറേഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ബൈകുള ജയിലില്‍ പൊലീസ് കസ്റ്റഡിയിലുള്ള സുധാ ഭരധ്വാജിന് ബോംബെ ഹൈകോടതിയാണ് ബുധനാഴ്ച ജാമ്യം അനുവദിച്ചത്.

ഭീമാ കൊറേഗാവില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2018 ഓഗസ്റ്റ് 28 നാണ് അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവലേഖ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭീമാ കൊറേഗാവ് കേസില്‍ എന്‍ ഐ എ കസ്റ്റഡിയിലിരിക്കെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി മരിച്ചിരുന്നു. 

ഭീമാ കൊറേഗാവ് കേസില്‍ സുധാ ഭരദ്വാജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ; സുപ്രീം കോടതിയെ സമീപിക്കും


അറസ്റ്റിലായവര്‍ക്ക് മാവോവാദി ബന്ധമുണ്ടായിരുന്നു എന്നായിരുന്നു പൊലീസീന്റെ ഭാഷ്യം. ഇത് തെളിയിക്കുന്ന ആയിരക്കണക്കിന് കത്തുകളാണ് മഹാരാഷ്ട്ര പൊലീസ് ഹാജരാക്കിയത്. എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അറസ്റ്റില്‍ തെളിവുകളായി ചൂണ്ടിക്കാണിച്ച കത്തുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് തുടക്കം മുതലേ സുധാ ഭരദ്വാജ് ആരോപിക്കുന്നത്. 

2018 ജനുവരി ഒന്നിന്, ഭീമാ കൊറേഗാവ് യുദ്ധത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങിലെ സംഘര്‍ഷമാണ് കേസിന് ആധാരം. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മൂന്ന് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തു. 

2018 ജനുവരി എട്ടിന് രെജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ ഇടത്, മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നു. ഇതിന് പിന്നാലെ മൂന്ന് ചാര്‍ജ് ഷീറ്റിലുമായി 16 പേരെ അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ല. സുധാ ഭരധ്വാജിനൊപ്പം മറ്റ് എട്ട് പേര്‍കൂടി ജാമ്യാപേക്ഷ സമര്‍പിച്ചിരുന്നുവെങ്കിലും അവ കോടതി റദ്ദാക്കി.

Keywords:  News, National, India, New Delhi, Court, Bail, Case, Prime Minister, Narendra Modi, NIA, Supreme Court of India, NIA Moves Supreme Court Against Bombay High Court's Order Granting Bail To Sudha Bharadwaj In Bhima Koregaon Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia