Nitish Kumar | മമതക്ക് പിന്നാലെ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍; ബിജെപിക്കൊപ്പം ചേര്‍ന്നേക്കുമെന്ന് റിപോര്‍ട്

 


ന്യൂഡെല്‍ഹി: (KVARTHA) പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആര്‍ജെഡിയും കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാറിന്റെ ജെഡിയു വീണ്ടും ബിജെപിക്കൊപ്പം ചേര്‍ന്നേക്കുമെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. സീറ്റ് വിഭജന ചര്‍ചകള്‍ എങ്ങുമെത്താതെ നീളുന്നതില്‍ നിതീഷ് അസ്വസ്ഥനാണെന്നും അതാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് നയിക്കുന്നതെന്നുമാണ് വിവരം.

ഇതു സംബന്ധിച്ച് ബിജെപിയുമായി ചര്‍ച തുടങ്ങിയെന്നും റിപോര്‍ടുണ്ട്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും കേന്ദ്രമന്ത്രി അശ്വിനി ചൗബേയും പാര്‍ടി നേതൃത്വത്തെ കാണാനായി ഡെല്‍ഹിയിലേക്ക് യാത്ര തിരിച്ചതായും റിപോര്‍ടുകളുണ്ട്. ഇതിനിടെ, ബിഹാറിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ജെ ഡി യു നേതാക്കളായ ലാലന്‍ സിങ്, വിജയ് കുമാര്‍ ചൗധരി തുടങ്ങിയവരും എത്തി.

Nitish Kumar | മമതക്ക് പിന്നാലെ കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍; ബിജെപിക്കൊപ്പം ചേര്‍ന്നേക്കുമെന്ന് റിപോര്‍ട്


രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ശക്കീല്‍ അഹ് മദ് ഖാന്‍ മുഖേന നിതീഷിനെ യാത്രയിലേക്ക് ക്ഷണിച്ചെങ്കിലും യാത്ര ബിഹാറില്‍ എത്തുമ്പോള്‍ അതില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് നിതീഷ് അറിയിച്ചതെന്നാണ് റിപോര്‍ട്.

രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍നിന്ന് നിതീഷ് വിട്ടു നില്‍ക്കുന്നതും ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്‍ഡ്യ മുന്നണിക്ക് കനത്ത തിരിച്ചടിയാകും. നേരത്തെ ബംഗാളില്‍ തൃണമൂലും പഞ്ചാബില്‍ എഎപിയും ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും അറിയിച്ചിരുന്നു. സീറ്റ് വിഭജന ചര്‍ചകള്‍ വൈകുന്നതില്‍ പ്രതിപക്ഷ പാര്‍ടികള്‍ അസ്വസ്ഥരാണ് എന്ന് തെളിയിക്കുന്നതാണ് ഈ ദിവസങ്ങളില്‍ നടന്ന രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍.

അടുത്തിടെ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ കര്‍പ്പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പ്രഖ്യാപിച്ചതിന് നിതീഷ് കുമാര്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ചയായിരുന്നു. കര്‍പ്പൂരി ഠാക്കൂറിന് ഭാരതരത്ന നല്‍കിയതില്‍ മോദി സര്‍കാരിന് നന്ദി അറിയിച്ച നിതീഷ് കുമാര്‍, ഏറെക്കാലം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും യു പി എ സര്‍കാര്‍ അത് പരിഗണിച്ചില്ലെന്നും കുറ്റപ്പെടുത്തി.

ഇതിനുപുറമേ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെക്കുറിച്ചും നിതീഷ് കുമാര്‍ ചില പരാമര്‍ശങ്ങള്‍ നടത്തി. കര്‍പ്പൂരി ഠാക്കൂര്‍ ഒരിക്കലും കുടുംബരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ പരാമര്‍ശം. ഇത് പരോക്ഷമായി ലാലു കുടുംബത്തെ ഉന്നംവെച്ചുള്ള പരാമര്‍ശമാണെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.

ഇതിനുപിന്നാലെ നിതീഷ് കുമാറിനെ ലക്ഷ്യമിട്ട് ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ രംഗത്തെത്തുകയും ചെയ്തു. 'ചിലര്‍ക്ക് സ്വന്തം പോരായ്മകള്‍ കാണാന്‍ കഴിയില്ലെങ്കിലും മറ്റുള്ളവരുടെ മേല്‍ ചെളി വാരിയെറിയുന്നത് തുടരും' എന്നായിരുന്നു രോഹിണി സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചത്. അര്‍ഹതയില്ലാതവര്‍ക്ക് പ്രധാന്യം നല്‍കുമ്പോള്‍ ഒരാള്‍ക്ക് എന്തുമാത്രം രോഷമുണ്ടാകുമെന്നും രോഹിണി എക്സില്‍ കുറിച്ചിരുന്നു. എന്നാല്‍, ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം രോഹിണി ഇവയെല്ലാം പിന്‍വലിച്ചു.

Keywords: Nitish Kumar may end alliance with RJD, recommend dissolution of assembly: Sources, New Delhi, News, Nitish Kumar, RJD, BJP, JDU, Politics, Congress, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia