Tax Relief | ആദായ നികുതി വകുപ്പ് നോടീസില്‍ സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന് ആശ്വാസം; ജൂലൈ 24 വരെ നടപടി സ്വീകരിക്കില്ല

 


ന്യൂഡെല്‍ഹി: (KVARTHA) ആദായ നികുതി വകുപ്പ് നോടീസില്‍ സുപ്രീം കോടതിയെ സമീപിച്ച കോണ്‍ഗ്രസിന് ആശ്വാസം. 3,500 കോടിയിലധികം രൂപയുടെ കുടിശ്ശിക നോടീസില്‍ ജൂലൈ 24 വരെ നടപടി സ്വീകരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയെ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഒരു പാര്‍ടിക്കും പ്രശ്നമുണ്ടാക്കാന്‍ വകുപ്പ് ആഗ്രഹിക്കുന്നില്ലെന്ന് ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

Tax Relief | ആദായ നികുതി വകുപ്പ് നോടീസില്‍ സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന് ആശ്വാസം; ജൂലൈ 24 വരെ നടപടി സ്വീകരിക്കില്ല

3500 കോടി നികുതി കുടിശ്ശികയുണ്ടെന്നറിയിച്ച സോളിസിറ്റര്‍ ജെനറല്‍, വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍, കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ടിയാണെന്നും ലാഭമുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും കോണ്‍ഗ്രസിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി പറഞ്ഞു. 135 കോടിയുടെ സ്വത്തുക്കള്‍ ഇപ്പോള്‍ തന്നെ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

പാര്‍ടിയുടെ വിവിധ അകൗണ്ടുകളില്‍ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ബിവി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ആണ് പരിഗണിച്ചത്. 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിടേണ്‍ താമസിച്ചതിന്റെ 103 കോടി പിഴയും പലിശയുമടക്കം 135 കോടി പിടിച്ചെടുത്തതിന് എതിരെയായിരുന്നു ഹര്‍ജി.

കേസ് ജൂലൈ 24ന് വീണ്ടും പരിഗണിക്കും. രണ്ടുതവണ ആദായ നികുതി വകുപ്പിന്റെ നോടീസ് ലഭിച്ചതോടെയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് പാര്‍ടിയെ തകര്‍ക്കാനാണ് കേന്ദ്രസര്‍കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ആദ്യം 1823 കോടി രൂപ അടക്കണമെന്നായിരുന്നു നിര്‍ദേശം. ഞായറാഴ്ച 1745 കോടി കൂടി അടക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നോടീസ് ലഭിച്ചു. ആകെ 3568 കോടി രൂപ അടക്കാനായിരുന്നു നിര്‍ദേശം. കോണ്‍ഗ്രസിന്റെ അകൗണ്ടില്‍ നിന്ന് 135 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ 'ടാക്‌സ് ടെററിസം' എന്നാണ് കോണ്‍ഗ്രസ് ഇതിനെ വിശേഷിപ്പിച്ചത്.

കോണ്‍ഗ്രസിന് പുറമെ സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ടികള്‍ക്കും ആദായ നികുതി വകുപ്പ് നോടീസ് നല്‍കിയിരുന്നു. ബിജെപി കടുത്ത നികുതി ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍, ഇതേ അളവുകോല്‍വെച്ച് അവര്‍ 4600 കോടി രൂപ നികുതി അടക്കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

11 കോടി രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐയ്ക്ക് നോടീസ് അയച്ചത്. നികുതി റിടേണ്‍ ഫയല്‍ ചെയ്യുന്നതിന് പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ചുവെന്നും ഇതുവഴി 11 കോടി രൂപ സിപിഐ കുടിശ്ശികയാക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോടീസ്.

Keywords: 'No Coercive Steps Over Rs 3,500 Crore Demand': Tax Relief For Congress, New Delhi, News, Congress, Politics, Tax Relief, Supreme Court, Petition, Lok Sabha Poll, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia