രാജിക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ സന്ദേശം ലഭിച്ചശേഷം കൂടുതല്‍ പ്രതികരണം; ബി എസ് യെദ്യൂരപ്പ

 


ബെംഗളൂരു: (www.kvartha.com 25.07.2021) കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രതികരണവുമായി ബി എസ് യെദ്യൂരപ്പ. ബിജെപി ദേശീയ നേതൃത്വത്തിന്റെ സന്ദേശം ലഭിച്ചശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്തുമെന്ന് പറഞ്ഞ യെദ്യൂരപ്പ 'ഹൈകമാന്‍ഡില്‍ നിന്നുള്ള സന്ദേശങ്ങള്‍ വൈകിട്ടോടെ ലഭിച്ചേക്കുമെന്നും അതിനുശേഷം എല്ലാവരെയും കാര്യങ്ങള്‍ ധരിപ്പിക്കാം' എന്നും വ്യക്തമാക്കി.

രാജിക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ സന്ദേശം ലഭിച്ചശേഷം കൂടുതല്‍ പ്രതികരണം; ബി എസ് യെദ്യൂരപ്പ

'കൂടുതലായൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ബെംഗളൂരുവില്‍ എത്തുമ്പോള്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരും. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അനുസരിക്കുക എന്നത് എന്റെ കടമയാണ്' എന്നും 78 കാരനായ യെദ്യൂരപ്പ പ്രതികരിച്ചു. ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി ഡെല്‍ഹിയില്‍ എത്തിയ യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു.

ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍കൊടുവില്‍ തന്നോടു പാര്‍ടി നേതൃത്വം രാജി ആവശ്യപ്പെട്ടിട്ടില്ലെന്നു കഴിഞ്ഞ വ്യാഴാഴ്ച യെദ്യൂരപ്പ പ്രതികരിച്ചിരുന്നു. മക്കള്‍ക്ക് ഉചിതമായ സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍ രാജിവെക്കുന്ന കാര്യം പരിഗണിക്കാം എന്നും യെദ്യൂരപ്പ പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു.

സര്‍കാരിന്റെ ഭരണം രണ്ടു വര്‍ഷം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങ് 26നു നടക്കുമെന്നും അതിനുശേഷം പാര്‍ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ എന്തു തീരുമാനം എടുത്താലും അംഗീകരിക്കുമെന്നുമാണു യെദ്യൂരപ്പ അന്ന് പറഞ്ഞത്.

എന്നാല്‍ സംസ്ഥാനം വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന സമയത്തു നേതൃത്വം യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ടേക്കുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. വെള്ളപ്പൊക്കം കനത്ത നാശനഷ്ടം വിതച്ച ബെല്‍ഗാവി ജില്ല യെദ്യൂരപ്പ ഞായറാഴ്ച സന്ദര്‍ശിച്ചു. കനത്ത മഴയില്‍ കര്‍ണാടകയില്‍ ഒമ്പതുപേരാണ് മരിച്ചത്. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റി പാര്‍പിച്ചു.

നദികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വടക്കന്‍ മേഖലയിലെ ഒട്ടേറെ ഡാമുകള്‍ തുറന്നുവിട്ടിരുന്നു. ജുലൈ 28 വരെ മഴ തുടരുമെന്നാണു പ്രതീക്ഷിക്കുന്നത്. 2019ല്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റ സമയത്തും സംസ്ഥാനത്തു വെള്ളപ്പൊക്കമായിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം ഡെല്‍ഹിയിലെത്തിയ യെദ്യൂരപ്പയെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി കേന്ദ്രമന്ത്രി അമിത് ഷാ അന്ന് ഉടന്‍തന്നെ തിരിച്ചയച്ചിരുന്നു.

വെള്ളപ്പൊക്കബാധിത മേഖലങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ യെദ്യൂരപ്പ ഒറ്റയ്ക്കു സംസ്ഥാന പര്യടനവും നടത്തി. ഇത്തവണ അതതു ജില്ലകളില്‍ നിന്നുള്ള മന്ത്രിമാര്‍ക്കു തന്നെയാണ് ജില്ലയുടെ ചുമതല നല്‍കിയിരിക്കുന്നത്.

Keywords:  'No Word Has Come Till Now...': BS Yediyurappa On Replacement, Bangalore, News, Karnataka, Chief Minister, Resignation, Trending, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia