Open Letter | പ്രവാചകനിന്ദാ വിവാദം: നൂപുര്‍ ശര്‍മയ്ക്കെതിരായ സുപ്രീംകോടതി പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ജഡ്ജുമാരും വിരമിച്ച ഉദ്യോഗസ്ഥരും തുറന്ന കത്തെഴുതി; 'വിചാരണ കൂടാതെ കുറ്റക്കാരിയായി പ്രഖ്യാപിക്കുകയും നീതി ലഭിക്കാതിരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല'

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയ്ക്കെതിരായ സുപ്രീംകോടതി പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ജഡ്ജുമാരും വിരമിച്ച ഉദ്യോഗസ്ഥരും തുറന്ന കത്ത് നല്‍കി. ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയ്‌ക്കെതിരായ സമീപകാല പരാമര്‍ശങ്ങളോടെ സുപ്രീം കോടതി ലക്ഷ്മണരേഖ മറികടന്നെന്ന് ആരോപിച്ച് 15 ഹൈകോടതി മുന്‍ ജഡ്ജുമാര്‍, നിരവധി വിരമിച്ച ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരാണ് കത്ത് നല്‍കിയത്. പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള നൂപുറിന്റെ പരാമര്‍ശം വിവാദമായതോടെ രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടായിരുന്നു.
        
Open Letter | പ്രവാചകനിന്ദാ വിവാദം: നൂപുര്‍ ശര്‍മയ്ക്കെതിരായ സുപ്രീംകോടതി പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ജഡ്ജുമാരും വിരമിച്ച ഉദ്യോഗസ്ഥരും തുറന്ന കത്തെഴുതി; 'വിചാരണ കൂടാതെ കുറ്റക്കാരിയായി പ്രഖ്യാപിക്കുകയും നീതി ലഭിക്കാതിരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല'

'ജുഡീഷ്യറിയുടെ ചരിത്രത്തില്‍ നിര്‍ഭാഗ്യകരമായ അഭിപ്രായങ്ങള്‍ ഒളിമങ്ങാതെ നിലനില്‍ക്കും, ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിലെ മായാത്ത മുറിവാണിത്. ജനാധിപത്യ മൂല്യങ്ങളിലും രാജ്യത്തിന്റെ സുരക്ഷയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ കോടതി പരാമര്‍ശങ്ങളില്‍ അടിയന്തരമായി തിരുത്തല്‍ നടപടികള്‍ വേണം,' തുറന്ന കത്തിലൊപ്പിട്ട 117 പേരടങ്ങുന്ന സംഘം ആവശ്യപ്പെട്ടു. രാജ്യവ്യാപകമായ അശാന്തിക്ക് പിന്നിലെ കാരണം നൂപുര്‍ ശര്‍മയുടെ 'എല്ലില്ലാത്ത നാവ്' ആണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി കൊണ്ട് നടത്തിയ നിരീക്ഷണങ്ങള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബോംബെ ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് ക്ഷിതിജ് വ്യാസ്, ഗുവാഹതി ഹൈകോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് കെ ശ്രീധര്‍ റാവു, വിരമിച്ച ഡെല്‍ഹി ഹൈകോടതി ജഡ്ജ് എസ് എന്‍ ധിംഗ്ര, വിവിധ ഹൈകോടതികളിലെ മുന്‍ ജഡ്ജുമാര്‍ എന്നിവരും ഒപ്പിട്ടവരില്‍ ഉള്‍പെടുന്നു. കൂടാതെ, 77 ബ്യൂറോക്രാറ്റുകളും (മുന്‍ ചീഫ് സെക്രടറിമാര്‍, അംബാസഡര്‍മാര്‍, ഡിജിപിമാര്‍ എന്നിവരുള്‍പെടെ), 25 സൈനിക വിദഗ്ധരും കൂട്ടത്തിലുണ്ട്.

വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ നിലനില്‍ക്കുന്ന എല്ലാ ക്രിമിനല്‍ കേസുകളും ഡെല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ സമര്‍പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി അവര്‍ക്കെതിരെ രൂക്ഷമായ പരാമര്‍ശം നടത്തിയത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി പര്‍ദിവാല എന്നിവരടങ്ങി ബെഞ്ച്, അവരുടെ അപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചുകൊണ്ട് പറഞ്ഞു: 'രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദി ഹര്‍ജിക്കാരി മാത്രമാണ്. അവരുടെ എല്ലില്ലാത്ത നാവ് രാജ്യം മുഴുവന്‍ വിദ്വേഷം ആളിക്കത്തിച്ചു. അതിനാല്‍ രാജ്യത്തോട് മാപ്പ് പറയണം'. എന്തുകൊണ്ടാണ് അവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് എന്നും കോടതി ആശ്ചര്യപ്പെട്ടു.

'രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് നൂപുര്‍ ശര്‍മ ഒറ്റയ്ക്ക് ഉത്തരവാദിയാണ്' എന്ന വിമര്‍ശനത്തിന് യുക്തിയില്ല. അത്തരം നിരീക്ഷണത്തിലൂടെ ഉദയ്പൂരില്‍ പകല്‍ വെളിച്ചത്തില്‍ ശിരഛേദം ചെയ്യപ്പെട്ടയാളെ സാങ്കല്‍പ്പികമായി കുറ്റവിമുക്തമാക്കുകയാണ്. ഇത് നീതീകരിക്കാനാകാത്ത 'ഒരു അജന്‍ഡ നടപ്പാക്കാന്‍ വേണ്ടി മാത്രമുള്ള നിരീക്ഷണങ്ങളായിരുന്നു. എല്ലാ സ്ഥാപനങ്ങളും ഭരണഘടനയനുസരിച്ച് അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിലൂടെ ഏതൊരു രാജ്യത്തിന്റെയും ജനാധിപത്യത്തിന് കോട്ടംവരുത്തില്ല. എന്നാല്‍ സുപ്രീം കോടതിയിലെ രണ്ട് ജഡ്ജുമാരുടെ സമീപകാല അഭിപ്രായങ്ങള്‍ ലക്ഷ്മണ്‍ രേഖ മറികടന്നത് ഒരു തുറന്ന പ്രസ്താവന പുറപ്പെടുവിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി,' കത്തില്‍ പറയുന്നു.

ഈ നിരീക്ഷണങ്ങള്‍ ജുഡീഷ്യല്‍ ധാര്‍മികതയുമായി പൊരുത്തപ്പെടുന്നില്ല എന്നതിനുപുറമെ, 'ജുഡീഷ്യല്‍ ഔചിത്യത്തിന്റെയും നീതിയുടെയും കാര്യത്തില്‍ ന്യായീകരിക്കാനും' കഴിയില്ലെന്നും ഇത് ജഡ്ജുമാര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയുടെ ഭാഗമല്ലെന്നും ഒപ്പിട്ടവര്‍ ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഇത്തരം അതിക്രമങ്ങള്‍ സമാനതകളില്ലാത്തതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നതിലൂടെ, ശര്‍മയ്ക്ക് ജുഡീഷ്യറിയെ ആശ്രയിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടെന്നും ഈ നിരീക്ഷണങ്ങളുടെ ഫലമായി വൈകാരിക ചിന്തകള്‍ വ്യാപകമായി പൊട്ടിപ്പുറപ്പെട്ടുവെന്നും ഉദയ്പൂരില്‍ പട്ടാപ്പകല്‍ ക്രൂരമായി ഒരാളെ ശിരഛേദം ചെയ്ത സംഭവത്തെ ഒരു അര്‍ത്ഥത്തില്‍ ലഘൂകരിക്കുന്നെന്നും കത്തില്‍ പറയുന്നു.

'ഇത്തരം അപകീര്‍ത്തികരമായ നിരീക്ഷണങ്ങളിലൂടെ ഒരു ഹര്‍ജിക്കാരിയെ മാപ്പ് പറയാന്‍ നിര്‍ബന്ധിക്കുകയും വിചാരണ കൂടാതെ കുറ്റക്കാരിയായി പ്രഖ്യാപിക്കുകയും ഹര്‍ജിയില്‍ ഉന്നയിച്ച വിഷയത്തില്‍ നീതി ലഭിക്കാതിരിക്കുകയും ചെയ്യുന്നത് ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല ' മുന്‍ കേരള കോടതി ജഡ്ജി പി എന്‍ രവീന്ദ്രനും മുന്‍ ചീഫ് സെക്രടറി സിവി ആനന്ദ് ബോസും അടക്കമുള്ള ഉന്നതര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു. മുന്‍കാലങ്ങളില്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതി നല്‍കിയ സമാന ആശ്വാസങ്ങളെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്, ശര്‍മയുടെ കേസ് മറ്റൊരു രീതിയില്‍ പരിഗണിക്കുന്നത് എന്തുകൊണ്ടാണെന്നും ഇവര്‍ ആശ്ചര്യപ്പെട്ടു.

സുപ്രീം കോടതിയുടെ ഇത്തരമൊരു സമീപനം കരഘോഷം അര്‍ഹിക്കുന്നില്ല, അത് പരമോന്നത കോടതിയുടെ പവിത്രതയെയും ബഹുമാനത്തെയും ബാധിക്കുന്നതാണെന്നും കത്തില്‍ ആരോപിക്കുന്നു. ആര്‍ടികിള്‍ 20 (2) ഓരോ പൗരനും ലഭ്യമായ അവകാശത്തെ വ്യക്തമാക്കുന്നു, ഇത് ഒരേ കുറ്റത്തിന് ഒന്നിലധികം തവണ പ്രോസിക്യൂഷനും ശിക്ഷയും നിരോധിക്കുകയും ചെയ്യുന്നെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Keywords:  Latest-News, National, Top-Headlines, Controversy, Supreme Court of India, Judge, Court Order, BJP, Prophet, Nupur Sharma, Nupur Sharma case: Ex-HC judges, retired bureaucrats seek recall of SC's remarks.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia