കേരള ഗവര്‍ണറെ തള്ളി ബിജെപിയുടെ ഏക എംഎല്‍എ; ഗവര്‍ണറെ നിയമിക്കുന്നത് ഏറ്റുമുട്ടലിനല്ല, ആരിഫ് മുഹമ്മദ് ഖാനും തെറ്റുപറ്റിയെന്ന് ഒ രാജഗോപാല്‍

 


ന്യൂഡല്‍ഹി: (www.kvartha.com 20.01.2020) പൗരത്വ നിയമം പാസായത് മുതല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചാവിഷയം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ ബില്ലിനെ അനുകൂലിക്കുകയും നിയമത്തിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തെ എതിര്‍ക്കുകയും ചെയ്തതോടെയാണ് ഗവര്‍ണര്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കണ്ണിലെ കരടായത്. അതിനിടെ ഗവര്‍ണറെ അനുകൂലിച്ച് ബിജെപിയും രംഗത്തെത്തിയതോടെ രാഷ്ട്രീയ പോര് രൂക്ഷമായി.

എന്നാലിപ്പോള്‍ കേരള സര്‍ക്കാരും ഗവര്‍ണറും തര്‍ക്കം തുടരുന്നതിനിടെ ഗവര്‍ണറെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് കേരള നിയമസഭയിലെ ബിജെപിയുടെ ഏക എംഎല്‍ ഒ രാജഗോപാല്‍. മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടലിന് അല്ലല്ലോ ഗവര്‍ണറെ നിയമിക്കുന്നതെന്നും വിഷയത്തില്‍ ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് തെറ്റുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം കുറ്റം പറയുന്ന ഏര്‍പ്പാട് നിര്‍ഭാഗ്യകരമാണെന്നും അതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ ഇരുവരും പരസ്യമായി പരസ്പരം പോരടിക്കരുത്. ഇത് ആശ്വാസ്യകരമല്ല. പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. ഇതൊക്കെ ഒരു ചായ കുടിച്ച് സംസാരിച്ചാല്‍ തീര്‍ക്കാവുന്നതാണ് - രാജഗോപാല്‍ വിശദീകരിച്ചു.

ഭരണഘടന അനുസരിച്ച് ഗവര്‍ണറാണ് സര്‍ക്കാരിന്റെ തലപ്പത്ത്. സര്‍ക്കാര്‍ ഗവര്‍ണറുടേതാണ്, എന്നാല്‍ രാഷ്ട്രീയപരമായി നോക്കുമ്പോള്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് കൂടുതല്‍ അധികാരമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ച വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ കൂടിക്കാഴ്ച. ഹര്‍ജി നല്‍കാനിടയായ സാഹചര്യങ്ങള്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചു. റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ അറിയിച്ചതായാണ് വിവരം.

കേരള ഗവര്‍ണറെ തള്ളി ബിജെപിയുടെ ഏക എംഎല്‍എ; ഗവര്‍ണറെ നിയമിക്കുന്നത് ഏറ്റുമുട്ടലിനല്ല, ആരിഫ് മുഹമ്മദ് ഖാനും തെറ്റുപറ്റിയെന്ന് ഒ രാജഗോപാല്‍

Keywords:  India, National, News, BJP, Governor, MLA, New Delhi, O Rajagopal against Kerala Governor 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia