Arrested | ഗര്‍ഭിണിയായ യുവതിയെയും 5 വയസ്സുള്ള മകനെയും കൊലപ്പെടുത്തിയെന്ന കേസില്‍ ബന്ധു അറസ്റ്റില്‍; അന്വേഷണം നടക്കുന്നതിനിടെ പ്രതികളില്‍ ഒരാള്‍ ജീവനൊടുക്കിയെന്ന് പൊലീസ്; ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Sep 3, 2022, 19:45 IST
ലക്നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗര്‍ഭിണിയായ യുവതിയെയും അഞ്ചുവയസ്സുള്ള മകനെയും കൊലപ്പെടുത്തിയെന്ന കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കൊല്ലപ്പെട്ട ശിഖ(26)യുടെ ഭര്‍ത്താവ് സന്ദീപിന്റെ സഹോദരീ ഭര്‍ത്താവായ ഹരീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും രണ്ട് കൂട്ടാളികളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും സന്ദീപിന്റെ കുടുംബം സാമ്പത്തികമായി ഉയര്‍ന്നനിലയിലായതിലുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമായതെന്നും ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
സന്ദീപിന്റെ ഭാര്യ ശിഖ, മകന്‍ രുക്നാഷ് എന്നിവരെ തിങ്കളാഴ്ച രാത്രിയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ബാങ്ക് മാനേജരായ സന്ദീപ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും മകനും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പൊലീസിനേയും അയല്‍ക്കാരേയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിയിലെ കട്ടിലിനുള്ളിലെ അറയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൈകള്‍ കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
വീട്ടിലെ സാധനങ്ങളെല്ലാം വാരി വലിച്ചിട്ടനിലയിലായിരുന്നു. പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായും വീട്ടുകാര്‍ അറിയിച്ചിരുന്നു.
നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരീഷ് കുമാറിനെ കഴിഞ്ഞദിവസം പിടികൂടിയത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി കൃത്യത്തില്‍ പങ്കെടുത്തിരുന്നു. ഇതിലൊരാളായ രവി സിങ്ങിനെ കഴിഞ്ഞദിവസം ഹാപുരിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കൊലക്കേസില്‍ അറസ്റ്റ് ഭയന്ന് ഇയാള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം.
സന്ദീപിന്റെ സഹോദരീ ഭര്‍ത്താവായ ഹരീഷ് ടാക്സി ഡ്രൈവറാണ്. നേരത്തെ ഒരു വിവാഹ ചടങ്ങിനിടയിലെ കവര്‍ച അടക്കം ചില മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
Keywords: One accused in murder case of bank manager’s wife, son ends life, News, Killed, Arrested, Accused, Pregnant Woman, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.