നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഉത്തരവ്

 


നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഉത്തരവ്
ബംഗ്‌ളൂരു: ലൈംഗിക ആരോപണ വിധേയനായ വിവാദ സ്വാമി നിത്യാനന്ദയെ അറസ്റ്റു ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഉത്തരവ് നല്‍കി. നിത്യാനന്ദയ്‌ക്കെതിരെ ജനരോഷം രൂക്ഷമായതോടെയാണ് നിത്യാനന്ദയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

നിത്യാനന്ദയുടെ ആശ്രമം അടച്ചിടാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം നിത്യാനന്ദയെ അറസ്റ്റ് ചെയ്യാനാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിത്യാനന്ദയെ അറസ്റ്റ് ചെയ്യണമെന്ന് സദാനന്ദ ഗൗഡ ആവശ്യപ്പെട്ടത്. നിത്യാനന്ദ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് വിദേശവനിതയും രംഗത്ത് വന്നിരുന്നു. നേരത്തേ തെന്നിന്ത്യന്‍ നടി രജ്ഞിതയോടൊപ്പമുള്ള അശ്ലീല വീഡിയോ പുറത്തു വന്നതോടെയാണ് നിത്യാനന്ദ വിവാദങ്ങളില്‍ നിറഞ്ഞത്.

തനിക്കെതിരെ ഉയര്‍ന്ന പുതിയ ലൈംഗികാതിക്രമ ആരോപണത്തിനു മറുപടി പറയാന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനവും വിവാദമായിരുന്നു. നിത്യാനന്ദയോട് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച പ്രമുഖ കന്നട ടിവി ചാനലായ സുവര്‍ണ്ണ ടിവിയുടെ റിപ്പോര്‍ട്ടറെ നിത്യാനന്ദയും അനുയായികളും ചേര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ നിത്യാനന്ദ വീണ്ടും ഒളിവില്‍ പോകുകയായിരുന്നു. നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Keywords:  Bangalore, Karnataka, Sexual case, Arrest, CM, Sadananda gowda,  Swami Nithyananda
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia