P S Sreedharan Pillai | ഗവര്‍ണര്‍ - സര്‍കാര്‍ പോരില്‍ പ്രതികരിക്കാനില്ല, അത് തെറ്റായി വ്യാഖ്യാനിക്കപ്പെടും; കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പി എസ് ശ്രീധരന്‍ പിള്ള
Nov 6, 2022, 17:38 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗവര്‍ണര്‍ സര്‍കാര്‍ പോരില്‍ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രതികരണങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ അഭിപ്രായങ്ങള്‍ കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും സമയമാകുമ്പോള്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിസി നിയമനവുമായി ബന്ധപ്പെട്ട് സര്‍കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുകയാണ്. പുറത്താക്കിയ വിസിമാര്‍ക്ക് കാരണം കാണിക്കുന്നതിന് ഗവര്‍ണര്‍ അനുവദിച്ച സമയപരിധി തിങ്കളാഴ്ച അവസാനിക്കും. പുറത്താക്കാതിരിക്കാനുള്ള കാരണങ്ങള്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കാന്‍ നിര്‍ദേശിച്ചാണ് ഗവര്‍ണര്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോടിസ് നല്‍കിയിരിക്കുന്നത്.
ആറ് വിസിമാരാണ് ഇതുവരെ മറുപടി നല്‍കിയത്. മറ്റ് വിസിമാര്‍ കൂടി ഞായറും തിങ്കളുമായി മറുപടി നല്‍കുമെന്നാണ് കരുതുന്നത്. എല്ലാവരുടെയും മറുപടി കിട്ടിയ ശേഷം ഗവര്‍ണര്‍ തുടര്‍ നടപടികളിലേക്ക് കടന്നേക്കും. ഡെല്‍ഹിയിലുള്ള ഗവര്‍ണര്‍ തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ നിയമനിര്‍മാണത്തിന് സര്‍കാരിന് സിപിഎം അനുമതി നല്‍കും. ഞായറാഴ്ചത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ഓര്‍ഡിനന്‍സ് തയാറാക്കി ഗവര്‍ണറുടെ അനുമതിക്ക് അയക്കാനാണ് ആലോചന.
ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായില്ലെങ്കില്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും. ഗവര്‍ണര്‍ എതിര്‍പ്പ് തുടര്‍ന്നാല്‍ കോടതിയെ സമീപിക്കാനാണ് ധാരണ. ഇതിന് മുമ്പായി പ്രതിപക്ഷ പിന്തുണയും തേടും. തുടര്‍ നടപടിക്കായി പാര്‍ടി സര്‍കാരിനെ ചുമതലപ്പെടുത്തി. ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാടുമായി യോജിച്ച് പ്രക്ഷോഭവും ആലോചനയിലുണ്ട്. ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭത്തില്‍ സീതാറാം യെചൂരിയും ഡി രാജയും ഡിഎംകെ നേതാക്കളും പങ്കെടുക്കും.
അതേസമയം തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ ബിജെപി ഗവര്‍ണറുടെ ഇടപെടല്‍ തേടി. 35 ബിജെപി കൗണ്‍സിലര്‍മാര്‍ തിങ്കളാഴ്ച ഗവര്‍ണറെ കാണും.
Keywords: P S Sreedharan Pillai about Governor CM clash in Kerala, New Delhi, News, Politics, Trending, Governor, BJP, CPM, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.