പഹൽഗാം ആക്രമണം: ഭീകരരുടെ ചിത്രങ്ങൾ പുറത്ത്, ടിആർഎഫിൻ്റെ ഭീഷണി തുടരുന്നു


● സുരക്ഷാ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം.
● ഭീകരർക്കായി വനമേഖലയിൽ ഹൈടെക് തിരച്ചിൽ തുടരുന്നു.
● എൻഐഎ സംഘം ബൈസരൺ വാലിയിൽ പരിശോധന നടത്തുന്നു.
ശ്രീനഗർ: (KVARTHA) പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടത്തിയ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടതയി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ പിടികൂടാനായി കശ്മീർ താഴ്‌വരയിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പറയുന്ന പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കറെ ത്വയ്ബയുടെ അനുബന്ധ സംഘടനയായ 'ദ് റെസിസ്റ്റൻസ് ഫ്രണ്ട്' (TRF) വീണ്ടും പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തി.
പുതിയ വാർത്താക്കുറിപ്പിൽ, ആക്രമണം ഇന്ത്യക്ക് ഒരു പാഠമായിരിക്കണമെന്നും സൈനിക ഉദ്യോഗസ്ഥരെയും വധിച്ചെന്നുമാണ് ഇവരുടെ അവകാശവാദം. വാർത്താക്കുറിപ്പിൽ കൂടുതൽ പ്രകോപനപരമായ ആവശ്യങ്ങളും ഭീഷണികളും ഉൾക്കൊള്ളുന്നു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കും; ഉന്നതതല ചർച്ചകൾ
ഭീകരാക്രമണത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഉടൻ തന്നെ അവരുടെ സ്വദേശങ്ങളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൊച്ചി സ്വദേശി രാമചന്ദ്രൻ്റെ മൃതദേഹം വൈകുന്നേരം 7:30 ഓടെ നാട്ടിലെത്തിക്കും.
സൗദി അറേബ്യയിൽ നിന്നുള്ള സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേരുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിലവിൽ ശ്രീനഗറിലാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലും സുരക്ഷാ അവലോകന യോഗം ചേർന്നു. ഭീകരാക്രമണം നടന്ന പഹൽഗാമിൽ എത്തിയ അമിത് ഷാ കൊല്ലപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് അദ്ദേഹം ആക്രമണമുണ്ടായ ബൈസരൺ വാലി പ്രദേശം സന്ദർശിച്ചു. ഇതിനിടെ, കരസേനാ മേധാവി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.
ഹൈടെക് തിരച്ചിൽ; എൻഐഎ അന്വേഷണം
പഹൽഗാമിലെ വനമേഖലയിൽ ഭീകരർക്കായി സൈന്യം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് പ്രധാനമായും തിരച്ചിൽ നടത്തുന്നത്. ഭീകരാക്രമണം നടന്ന ബൈസരൺ വാലിയിൽ ദേശീയ അന്വേഷണ ഏജൻസി (NIA) സംഘം വിശദമായ പരിശോധന ആരംഭിച്ചു.
ഇന്ത്യൻ സുരക്ഷാ ഏജൻസികൾ പഹൽഗാം ആക്രമണത്തിന് പിന്നിൽ ലഷ്‌കറെ ത്വയ്ബ-ഐഎസ്ഐ കൂട്ടുകെട്ടാണെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളിൽ പയുന്നു. നാല് ഭീകരർ പിടിയിലായതായും ഇതിൽ മൂന്നുപേർ പാകിസ്ഥാൻ സ്വദേശികളും ഒരാൾ പ്രാദേശികമായി ഉള്ളയാളുമാണെന്നും പറയുന്നു.
ഭീകരരുടെ കൈവശം അമേരിക്കൻ നിർമ്മിത എം 4 കാർബൈൻ റൈഫിളുകൾ കണ്ടെത്തിയിരുന്നു. ഭീകരരിൽ രണ്ടുപേർ പഷ്തോ ഭാഷ സംസാരിക്കുന്നവരാണ് എന്നും സൂചനകളുണ്ട്. തിരച്ചിലിനായി എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്.
നാല് ബൈക്കുകളിലാണ് ഭീകര സംഘം എത്തിയത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ, ബാരാമുല്ലയിൽ സൈന്യവും ഭീകരരും തമ്മിൽ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഈ സംഭവവികാസങ്ങളെല്ലാം കശ്മീർ താഴ്‌വരയിലെ സുരക്ഷാ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary: Security agencies have released sketches of three terrorists involved in the Pahalgam assault. Identified as Asif Fauji, Sulaiman Shah, and Abu Talha, a massive search is underway. TRF issued further threats. Efforts are on to repatriate the victims' bodies, and high-level security discussions are being held.
#PahalgamAssault, #TerroristsSketches, #TRFThreats, #NIAInvestigation, #KashmirTerrorism, #SecurityUpdate