Parking Fee | മാളുകൾ, ആശുപത്രികൾ, തീയേറ്ററുകൾ എന്നിവിടങ്ങളിലെ പാർക്കിംഗ് ഫീസ് ചട്ടവിരുദ്ധമാണോ? നിയമം പറയുന്നത്
● അനുമതിയില്ലാതെ പാർക്കിംഗ് ഫീസ് വാങ്ങുന്നത് ചട്ടവിരുദ്ധമാണ്.
● പാർക്കിംഗ് ഫീസ് ഈടാക്കുന്നത് ഒരു പ്രധാന പ്രശ്നമാണ്.
സോണിച്ചൻ ജോസഫ്
(KVARTHA) ഇന്ന് നമ്മുടെ സംസ്ഥാനത്ത് പാർക്കിംഗ് ഫീസിനെ ചൊല്ലി പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പലയിടത്തും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ അമിത പാർക്കിംഗ് ഫീസ് ഇടാക്കുന്നതിനെപ്പറ്റി നിരവധി പരാതികളും ഉയർന്നുവരുന്നുണ്ട്. പല സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകളിലും ഇതു സംബന്ധിച്ച ചർച്ചകളും സജീവമായി നടക്കുന്നു എന്നതാണ് വാസ്തവം. സ്വകാര്യ ഷോപ്പിംഗ് മാളുകൾ, ആശുപത്രികൾ, സിനിമാശാലകൾ എന്നിവിടങ്ങളിലെ പാർക്കിംഗ് ഫീസ് ചട്ടവിരുദ്ധമാണോ? ഇത് സംബന്ധിച്ച് 2003 ലെ ആന്ധ്ര ഹൈക്കോടതിയുടെ വിധിയുടെ പ്രസക്ത ഭാഗങ്ങളുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുകയാണ്.
കുറിപ്പിൽ പറയുന്നത്:
'1. മുൻസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ഷോപ്പിംഗ് മാളുകൾ പോലെയുള്ള ബഹുനിലക്കെട്ടിടങ്ങളിൽ പാർക്കിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്.
2. ബഹുനിലക്കെട്ടിടങ്ങൾ പണിതുയർത്തുവാൻ വേണ്ടി സമർപ്പിക്കുന്ന പ്ലാനുകളിൽ പാർക്കിംഗ് സ്പേസ്, മറ്റ് വാണിജ്യപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുയില്ലായെന്ന് അപേക്ഷകൻ സമ്മതിക്കുന്നുണ്ട്. ആയതുകൊണ്ട് അംഗീകൃത പ്ലാൻ പ്രകാരം പാർക്കിംഗ് സ്പേസിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽനിന്ന് ഫീസ് ഈടാക്കുന്നത് ചട്ട വിരുദ്ധമാണ്.
3. പ്ലാനിൽ കാണിച്ചിട്ടുള്ള പാർക്കിങ് ഏരിയയിൽ നിന്ന് പാർക്കിംഗ് ഫീസ് ഈടാക്കുമ്പോൾ പാർക്കിംഗ് ഏരിയ നിർമ്മിക്കുന്നതിന്റെ ഉദ്ദേശ ശുദ്ധി ഇല്ലാതാവുന്നു.
4. പൊതുജനത്തിന് വേണ്ടി നിർമ്മിച്ചിട്ടുള്ള മാളുകളിലും, ആശുപത്രികളിലും, സിനിമ തിയേറ്ററുകളിലും അവർക്ക് പ്രവേശനം നിഷിദ്ധമല്ലാത്തതിനാൽ അവയെല്ലാം പൊതു സ്ഥലത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ പാർക്കിങ് പ്ലേസ് പൊതുസ്ഥലങ്ങളാണ്. അത്തരം സ്ഥലങ്ങളിൽ എത്തുന്ന ഉപഭോക്താക്കളുടെ വാഹനത്തിന് പാർക്കിംഗ് ഫീസ് ഈടാക്കുവാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതി അത്യാവശ്യമാണ്.
5. കേരള മുനിസിപ്പൽ ചട്ടങ്ങൾ സെക്ഷൻ 475 പ്രകാരം യാതൊരു വ്യക്തികൾക്കും മുനിസിപ്പൽ ലൈസൻസില്ലാതെ പാർക്കിംഗ് സ്പേസ് സ്ഥാപിക്കുവാനോ, ഫീസ് പിരിക്കുവാനോ ഉള്ള അധികാരമില്ല. പാർക്കിംഗ് സ്പേസ്സായി പ്ലാനിൽ കാണിച്ചിട്ടുള്ള സ്ഥലത്ത് പാർക്കിങ് ഫീസ് പിരിക്കുവാനുള്ള ലൈസൻസ് മുൻസിപ്പാലിറ്റി നൽകുകയാണെങ്കിൽ അത് ചട്ടവിരുദ്ധമായി കണക്കാക്കപ്പെടും.
6. ഉപഭോക്തൃ സംരക്ഷണ നിയമം (Consumer Protection Act, Section 2(1)(nnn)) പ്രകാരം ആശുപത്രിയിൽ രോഗികളായി വരുന്നവരുടെയും, ഷോപ്പിംഗ് മാളിൽ ഷോപ്പിംഗിന് വരുന്നവരുടെയും വാഹനങ്ങൾ സംരക്ഷിക്കേണ്ട മാനേജ്മെന്റ് ഉപഭോക്താക്കളുടെ പക്കൽ നിന്നും പാർക്കിംഗ് ഫീസ് വാങ്ങുന്നത് Restrictive Trade practice ആണ്. മാത്രവുമല്ല Common Law ക്ക് എതിരുമാണ്.
7. ബഹുനില ഷോപ്പിംഗ് മാളുകളുടെയും, ആശുപത്രിയുടേയും മാനേജ്മെന്റ് കെട്ടിട നിർമ്മാണ അനുമതിക്കു വേണ്ടി അപേക്ഷകൊടുക്കുമ്പോൾ തന്നെ പാർക്കിംഗ് സ്ഥലം പൊതുസ്ഥലമായി നിലനിർത്തുമെന്നും, സന്ദർശകരുടെ പക്കൽ നിന്നും പാർക്കിംഗ് ഫീസ് വാങ്ങില്ലായെന്നുമുള്ള Implied Consent തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൊടുക്കുന്നുണ്ട്.
അതുകൊണ്ട് അനുമതിയില്ലാതെ പാർക്കിംഗ് ഫീസ് വാങ്ങുന്നത് ചട്ടവിരുദ്ധമാണ്. പരാതി ലഭിച്ചാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്വാകാര്യ ഷോപ്പിംഗ് മാളുകൾ, ആശുപത്രികൾ സിനിമാശാലകൾ എന്നിവിടങ്ങളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നുണ്ടെങ്കിൽ നിരോധനം ഏർപ്പെടുത്തുവാൻ കഴിയുന്നതാണ്. (Madan Mohan And Ors. vs Municipal Corporation Of Hyderabad on 2 May, 2003 ANDHRA HIGH COURT).
ഈ കുറിപ്പ് വളരെ പ്രധാനപ്പെട്ട ഒരു വിഷയം ഉന്നയിക്കുന്നു. പാർക്കിംഗ് ഫീസ് ഈടാക്കുന്നത് ഒരു പ്രധാന പ്രശ്നമാണ്, ഇതിനെക്കുറിച്ച് ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. ഈ ലേഖനം സുഹൃത്തുക്കളിലേക്കും കുടുംബാംഗങ്ങളിലേക്കും പങ്കുവെക്കുക. കൂടുതൽ പേർ ഈ വിഷയത്തെക്കുറിച്ച് അറിയുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് മാറ്റം സാധ്യമാകുക.
#ParkingFee #LegalDebate #ConsumerRights #PublicSpace #Malls #Theaters