Warning | ഇനി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ആർക്കും നൽകാനാവില്ല, ശിക്ഷ പുറകേ എത്തും; പതഞ്ജലി ഒരു ഓർമ്മപ്പെടുത്തൽ മാത്രം

 
Warning
Warning

Representational Image Generated by Meta AI

ഈ വിധി, പ്രത്യേകിച്ച് ദീർഘകാല രോഗങ്ങൾക്കുള്ള ചികിത്സയെക്കുറിച്ച് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് ഒരു പാഠമായിരിക്കും

സോണി കല്ലറയ്ക്കൽ

(KVARTHA) ഇനി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ആര് ഇറക്കിയാലും ശിക്ഷ ഉറപ്പെന്ന് വ്യക്തമാക്കുന്നതാണ് പതാഞ്ജലി ലിമിറ്റഡ്, സ്ഥാപകൻ ബാബ രാംദേവ്, മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ എന്നിവർക്കെതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചുകൊണ്ട് സുപ്രീംകോടതി നടത്തിയ വിധി. ശരിക്കും തങ്ങളുടെ ബിസിനസ് വളർത്താൻ വലിയ കാശുകൊടുത്ത് സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരെ വെച്ച് വലിയ പരസ്യങ്ങൾ നിർമ്മിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പലർക്കും ഭാവിയിൽ ഇവിടെ നിലനിൽപ്പില്ലെന്ന് തെളിയിക്കുന്നതാണ് അതിൽ പറയുന്ന കാര്യങ്ങൾ. എത്ര വലിയ താരങ്ങളായാലും ഇതിനോട് ചേർന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കൂട്ടുനിന്നാൽ അവരും കുടുങ്ങും എന്നതാണ് വാസ്തവം. 

Warning

ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളുമായി, കേരളത്തിലെ ഉഡായിപ്പുകാരും സൂക്ഷിക്കുക എന്ന തലക്കെട്ടോടെ പ്രകാശ് നായർ എന്നയാൾ എഴുതിയ കുറിപ്പാണ് ഈ അവസരത്തിൽ ശ്രദ്ധേയമാകുന്നത്. കുറിപ്പിൽ പറയുന്നത്: 'സുപ്രീം കോടതി മാപ്പപേക്ഷ ഒടുവിൽ അംഗീകരിച്ചു. പതഞ്ജലി ലിമിറ്റഡ്, സ്ഥാപകൻ ബാബ രാംദേവ്, മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ എന്നിവർ ക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി അവസാനിപ്പിക്കുകയും ഭാവിയിൽ കോടതി ഉത്തരവുകൾ ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പതഞ്ജലി ആയുർവേദ് ലിമിറ്റഡിൻ്റെ രണ്ട് സ്ഥാപകരും തങ്ങളുടെ കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ 'ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്റ്റ്' ലംഘിച്ച് തെറ്റി ദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്നാണ് ആരോപണം. 

ഭാവിയിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകില്ലെന്ന് രേഖാമൂലം എഴുതി നൽകണമെന്ന് കോടതി നിർദേശിച്ചു. ഈ കേസിൽ രാംദേവിൻ്റെയും ബാലകൃഷ്ണയുടെയും മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ഇതേത്തുടർന്ന് ഇവർക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു. ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് എഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഈ കേസിൽ നേരത്തെ സംഭവിച്ചത് പോലെ കോടതി ഉത്തരവുകൾ ലംഘിച്ച് ഒന്നും ചെയ്യില്ലെന്ന് കോടതി  അവർക്ക് കർശനമായ മുന്നറിയിപ്പ് നൽകുന്നുവെന്നും ഉത്തരവിൽ പറയുന്നു. ഭാവിയിൽ ഇത് സംഭവിക്കരുതെന്ന് കോടതി താക്കീതു നൽകുകയും ചെയ്തു.

പതഞ്ജലി ആയുർവേദം പ്രമേഹം, ആസ്തമ, ക്യാൻസർ ഉൾപ്പടെ പല ഗുരുതര രോഗങ്ങളും പൂർണ്ണമായും ഭേദമാകുമെന്ന പരസ്യം മാധ്യമങ്ങൾ വഴി വ്യാപകമായി നൽകി ചില മരുന്നുകൾ വിപണിയിലിറക്കുകയും അലോപ്പതി മരുന്നുകളെയും ചികിത്സാ രീതികളെയും വ്യാപകമായി അധിക്ഷേപിക്കുകയും വിമർശിക്കുകയും ചെയ്തതിനെതിരേ നല്കപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതി വാദം കേട്ടത്. ആധുനിക വൈദ്യശാസ്ത്രത്തെ ബാബാ രാംദേവ് അപകീർത്തിപ്പെടുത്തുന്ന വിഷയത്തിൽ ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. ഇതിന് പിന്നാലെ പതഞ്ജലി ആയുർവേദയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ രാംദേവും ആചാര്യ ബാലകൃഷ്ണയും നിരുപാധികം കോടതിയിൽ മാപ്പ് പറഞെങ്കിലും പത്രസമ്മേളനം നടത്തിയും പത്രങ്ങളിലൂടെയും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് മാപ്പ് പറയാൻ കോടതി നിർദ്ദേശിച്ചു. 

പത്രങ്ങളിൽ നിൽകിയ ചെറിയകോളം മാപ്പപേക്ഷ കോടതി അംഗീകരിച്ചില്ല. മരുന്നുകൾക്ക് നൽകിയ പരസ്യം പോലെ വലിയ കോളത്തിൽ മാപ്പപേക്ഷ പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി വീണ്ടും നിർദ്ദേശിച്ച പ്രകാരം ഇൻഡ്യയൊട്ടാകെയുള്ള 73 ദിനപ്പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വലിയ കോളം മാപ്പപേക്ഷ പതഞ്‌ജലി കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു. ഇതോടൊപ്പം രണ്ടുതവണ കോടതിയിൽ മാപ്പപേക്ഷ ഇവർ ഇരുവരും എഴുതി സമർപ്പിക്കുകയും ചെയ്തു. കോവിഡ് കാലത്ത് ഒരുവിധ ക്ലിനിക്കൽ ട്രയലും നടത്താതെ കോവിഡ് ഭേദമാകുമെന്ന അവകാശവാദത്തോ ടെ പത്രസമ്മേളനം നടത്തി ബാബാ രാംദേവ് പുറത്തിറക്കിയ മരുന്നും കോടതിയിടപെടലിലൂടെ പിൻവലിക്കുകയായിരുന്നു. 

മൂന്നുമാസം മുൻപ് പതഞ്ജലിക്ക് നൽകിയിരുന്ന 14 മരുന്നുകളുടെ ലൈസൻസുകൾ ഉത്തരാഖണ്ഡ് സർക്കാർ റദ്ദാക്കുകയുണ്ടായി. കേരളത്തിലും സമൂഹമദ്ധ്യമങ്ങളിലൂടെ പ്രമേഹത്തിനു ശാശ്വത പരിഹാരം, മുട്ടുവേദന - നടുവേദന എന്നിവയ്ക്ക് പൂർണ്ണ സൗഖ്യം, കാലുകളിലെയും കൈകളിലെയും പെരുപ്പിനുള്ള സർജിക്കൽ ന്യുറോപ്പതി ചികി ത്സ, നാട്ട് വൈദ്യം, ഒറ്റമൂലി, വണ്ണം കുറയ്ക്കാൻ മരുന്ന്.. എന്നിങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി വ്യാപകമായ തട്ടിപ്പുകൾ നടക്കുകയാണ്. പലർക്കും പണം നഷ്ടമാകുന്നുണ്ട്. നമ്മളോർക്കേണ്ടത് ഏതു മരുന്നായാലും പല ആശുപത്രികൾ വഴി അത് നിരവധിയാളുകളിൽ ക്ലിനിക്കൽ ട്രയൽ നടത്തി ഫലപ്രദമാണെന്നും പാർശ്വഫലങ്ങളില്ലെന്നും വർഷങ്ങളുടെ പരീക്ഷണം നടത്തി ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടെങ്കിൽ മാത്രമേ അവർക്ക് മരുന്നുകൾ വിൽക്കാനും ചികിൽസിക്കാനും കഴിയുകയുള്ളു എന്ന വസ്തുതയാണ്. 

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗം പ്രമേഹമാണ്. ഇത് ഭേദമാകാൻ എത്രപണം ചെലവാക്കാനും ആളുകൾ തയ്യാറാണ് . അത് മുതലെടുക്കുകയാണ് ഒരു കൂട്ടർ ഇത്തരം പരസ്യങ്ങളിലൂടെ. പ്രമേഹം പൂർണ്ണമായി മാറുന്നതിനുള്ള ഒരു മരുന്നും ലോകത്ത് ലഭ്യമല്ല എന്ന വസ്തുതയാണ് നാം ആദ്യം അറിയേണ്ടത്. പ്രമേഹം നിയന്ത്രിക്കാൻ ഗുളികകളും ഇൻസുലിനുമാണ് ഉപയോഗിച്ചുവരുന്നത്. ഇതൊക്കെയാണെങ്കിലും ആഹാരം നിയന്ത്രിക്കാതെ ഈ രോഗത്തെ കൺട്രോൾ ചെയ്യാൻ കഴിയുകയില്ല എന്നതാണ് സത്യം. ആഹാരത്തിൽ ഇലകളും പച്ചക്കറികളും പരമാവധി വർദ്ധിപ്പിച്ച് ചോറും ചപ്പാത്തിയും പേരിനുമാത്രം കഴിച്ചാൽ പ്രമേഹം പൂർണ്ണമായും നിയന്ത്രണത്തിലാകും. ദിവസം തൈരു കഴിക്കുന്നതും ഗുണകരമാണ്. ഇത് എൻ്റെ അനുഭവമാണ്. 

പ്രമേഹം അനിയന്ത്രിതമാകുമ്പോൾ കാൽവിരലുകളിലും കൈകാലുകളിലും പെരുപ്പ് അനുഭവപ്പെടുക സാധാരണമാണ്. അതുപോലെ കരൾ, കിഡ്‌നി എന്നിവയ്ക്ക് തകരാറും, കണ്ണുകളുടെ കാഴ്ച മങ്ങൽ, തളർച്ച, അറ്റാക്ക് എന്നിവയ്ക്കും സാധ്യത കുറവാണ്. പ്രമേഹം ഒരു സൈലന്റ് കില്ലർ തന്നെയാണ്. ഇതൊക്കെ പൂർണ്ണമായും ഭേദമാക്കാമെന്നാണ് ഇപ്പോൾ പലരും പരസ്യം ചെയ്യുന്നത്. നമ്മുടെ പണം പോകുമെന്നല്ലാതെ ഇതിനൊന്നും ഒരു അടിസ്ഥാനവുമില്ല. 

അതുപോലെ പൊണ്ണത്തടി കുറയ്ക്കാനും മുട്ടുവേദന, നടുവേദന ഒക്കെ ഞൊടിയിടയിലോ ഒന്ന് രണ്ടോ തവണത്തെ മരുന്നുകൊണ്ട് ഭേദമാക്കാമെന്ന തരത്തിലുള്ള പരസ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാണ്. ദയവായി അതിലൊന്നും ആരും പോയി തലവച്ചു കൊടുക്കാതിരിക്കുക. ധനനഷ്ടമല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ദിനചര്യകളും ആഹാരക്രമങ്ങളും നിയന്ത്രിക്കാതെ ജീവിതശൈലീ രോഗങ്ങളായ പ്രമേഹവും പൊണ്ണത്തടി യുമൊന്നും മാറുമെന്ന് ആരും കരുതരുത്. അതുകൊണ്ട് ഇത്തരം പരസ്യങ്ങളിൽ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കുക'. 

ഇതാണ് കുറിപ്പ്. ഇതിൽ പതാഞ്ജലിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറയുന്നതോടൊപ്പം ഇനി ആരെങ്കിലും ഇതുപോലൊരു തട്ടിപ്പിന് ഇറങ്ങിയാൽ അവരും കുടുങ്ങുമെന്ന് കൃത്യമായി പ്രതിപാദിക്കുന്നു.  കാര്യങ്ങൾ ആർക്കും കൃത്യമായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ അത് സംബന്ധിച്ച് എല്ലാ നിയമവശങ്ങളും ഇതിൽ സൂചിപ്പിച്ചിരുന്നു. ധാരാളം പ്രസ്ഥാനങ്ങൾ ഇതുപോലെ ഈ നാട്ടിൽ പരസ്യങ്ങളിലൂടെ വൻ തട്ടിപ്പ് നടത്തുന്നുണ്ട്. അവർക്കെല്ലാം ഒരു പാഠമാകണം പതഞ്ജലിയും അവരുടെ കേസും.

#Patanjali #MisleadingAds #SupremeCourt #Healthcare #Ayurveda #ConsumerProtection #HealthFraud

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia