CAR-T Cell | ഡോ. വികെ ഗുപ്തയ്ക്ക് പിന്നാലെ ഇന്‍ഡ്യയില്‍ വികസിപ്പിച്ച അര്‍ബുദ ചികിത്സാരീതിയില്‍ ഫലം കണ്ട് നാസികില്‍ നിന്നുള്ള ഒമ്പതുകാരിയും!

 


ന്യൂഡെല്‍ഹി: (KVARTHA) ഇന്‍ഡ്യയില്‍ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ അറുപത്തിനാലുകാരന്‍ കാന്‍സര്‍രോഗവിമുക്തനായ വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇന്‍ഡ്യയുടെ ഡ്രഗ് റെഗുലേറ്ററായ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അംഗീകരിച്ച CAR-T സെല്‍ തെറാപി സ്വീകരിച്ച ഡോ. വികെ ഗുപ്തയാണ് കാന്‍സറില്‍ നിന്നും മുക്തനായ ആ ആള്‍.

എന്നാല്‍ ഇപ്പോഴിതാ നാസികില്‍ നിന്നുള്ള ഈശ്വരി ഭാഗീരവ് എന്ന ഒമ്പതുവയസ്സുകാരിലും ഇതേചികിത്സ ഫലംകണ്ടുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇത് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത തന്നെയാണ്. കുട്ടികളില്‍ ഈ ചികിത്സ നടത്തിയതിന്റെ ആദ്യഗുണഭോക്താവായി മാറിയിരിക്കയാണ് ഇതോടെ ഈശ്വരി. 2023 ഒക്ടോബറിലാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈ ചികിത്സാരീതിക്ക് അംഗീകാരം നല്‍കിയത്.

CAR-T Cell | ഡോ. വികെ ഗുപ്തയ്ക്ക് പിന്നാലെ ഇന്‍ഡ്യയില്‍ വികസിപ്പിച്ച അര്‍ബുദ ചികിത്സാരീതിയില്‍ ഫലം കണ്ട് നാസികില്‍ നിന്നുള്ള ഒമ്പതുകാരിയും!

ആറാംവയസ്സില്‍ രക്തത്തേയും മജ്ജയേയും ബാധിക്കുന്ന അക്യൂട് ലിംഫോസൈറ്റിക് ലുകീമിയ സ്ഥിരീകരിച്ച പെണ്‍കുട്ടിയിലാണ് ഇന്‍ഡ്യയില്‍ വികസിപ്പിച്ച ചികിത്സ ഫലംകണ്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് റിപോര്‍ട് ചെയ്തത്. മുംബൈയിലെ ടാറ്റമെമോറിയല്‍ സെന്ററിലാണ് ഈശ്വരിയുടെ ചികിത്സ നടന്നത്. നിരവധി ചികിത്സകള്‍ക്കുശേഷവും ഈശ്വരിയുടെ ശരീരത്തില്‍ കാന്‍സര്‍ തിരിച്ചുവന്നിരുന്നു. തുടര്‍ന്നാണ് CAR-T സെല്‍ തെറാപി സ്വീകരിക്കാന്‍ കുടുംബം തീരുമാനിച്ചത്.

തുടര്‍ പരിശോധനകള്‍ക്കൊടുവില്‍ ഈശ്വരി കാന്‍സര്‍മുക്തയാണെന്നു തെളിഞ്ഞുവെന്നും കുട്ടി ആരോഗ്യവതിയാണെന്നും കുടുംബം പറയുന്നു. രാജ്യത്ത് അര്‍ബുദബാധിതരായ കുട്ടികള്‍ക്ക് പ്രതീക്ഷയേകുന്നതാണ് ഈശ്വരിയുടെ അതിജീവനകഥ. ഈ തെറാപിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള അനുമതി വര്‍ഷാവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ടാറ്റാ മെമോറിയല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മുതിര്‍ന്നവര്‍ക്കായി ഈ തെറാപി ഇതിനകംതന്നെ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

CAR-T തെറാപ്പിക്കുവേണ്ടി വികെ ഗുപ്ത 42 ലക്ഷത്തോളം രൂപ ചെലവാക്കിയെന്നാണ് ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപോര്‍ട് ചെയ്തത്. ഇന്‍ഡ്യക്ക് പുറത്ത് മൂന്നുമുതല്‍ നാലുകോടിയോളം ചെലവുവരുന്ന ചികിത്സാരീതിയാണിത്.

NexCAR19 എന്ന പേരിലുള്ള തദ്ദേശീയമായി വികസിപ്പിച്ച ഈ ചികിത്സാരീതി ലുകീമിയ, ലിംഫോമ തുടങ്ങിയ രക്താര്‍ബുദ രോഗികളില്‍ കൂടുതല്‍ ഫലപ്രദമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

രോഗിയുടെ രക്തത്തില്‍ നിന്ന് ഇമ്യൂണ്‍ സെലുകളായ ടി-സെലുകളെ വേര്‍തിരിച്ചെടുത്ത് ലബോറടറിയില്‍ പരിഷ്‌കരിച്ചെടുക്കുകയാണ് ഈ ചികിത്സാരീതിയിലൂടെ. രോഗിയുടെ പ്രതിരോധശേഷിയെ ജനിതകപരമായി പരിഷ്‌കരിച്ചെടുത്ത് കാന്‍സര്‍ സെലുകളോട് പോരാടാന്‍ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്.

ടാറ്റാ മെമോറിയല്‍ സെന്ററിലും ഐഐടി ബോംബേ ലബോറടറികളിലുമായാണ് ഗുപ്തയ്ക്കു വേണ്ടിയുള്ള തെറാപിയും വികസിപ്പിച്ചത്. കാലങ്ങളായി കീമോതെറാപി, റേഡിയേഷന്‍, സര്‍ജറി തുടങ്ങിയ ചികിത്സാരീതികളാണ് കാന്‍സര്‍രോഗികളെ ചികിത്സിക്കാന്‍ സ്വീകരിച്ചുവരുന്നത്. എന്നാല്‍ ഈ പ്രത്യേകയിനം ചികിത്സാരീതിയില്‍ ഇമ്യൂണ്‍ സെലുകളെ(പ്രത്യേകിച്ച് ടി-സെലുകളെ) പരിഷ്‌കരിക്കുകയും അവയെ കാന്‍സര്‍ കോശങ്ങളോട് പൊരുതുന്നവയാക്കുകയും ചെയ്യുകയാണ്.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി നിലനിര്‍ത്തുന്നതിലും മറ്റ് ഉപദ്രവകാരികളായ കോശങ്ങളെ ഇല്ലാതാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നവയാണ് ടി-സെലുകള്‍. ഈ ചികിത്സയുടെ ഭാഗമായി ഓരോ രോഗികള്‍ക്കും വേണ്ടി പ്രത്യേകമായി ടി-സെലുകളെ പരിഷ്‌കരിച്ച് ശരീരത്തിലേക്ക് തിരികെ കയറ്റുകയും അവ കാന്‍സര്‍ കോശങ്ങളോട് പൊരുതുകയും ചെയ്യുന്നു.

മറ്റുരാജ്യങ്ങളിലേതിനെ അപേക്ഷിച്ച് ഇവിടെ വികസിപ്പിച്ച CAR-T cell തെറാപിക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നാണ് മൃഗങ്ങളില്‍ നടത്തിയ ലബോറടറി ടെസ്റ്റുകളിലും പരീക്ഷണങ്ങളിലും വ്യക്തമായത്. കീമോതെറാപിയില്‍ നിന്നെല്ലാം വ്യത്യസ്തമായി പല സെഷനുകള്‍ വേണ്ടിവരുന്നില്ല എന്നതാണ് ഈ ചികിത്സാരീതിയെ വേറിട്ടതാക്കുന്നത് എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Keywords: Patient declared cancer free using Indian-made CAR-T cell therapy. Know what it is, New Delhi, News, Indian-Made CAR-T Cell Therapy, Girl, Treatment, Health, Doctors, Media, Report, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia