Vande Bharat Express | വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ബെംഗ്ലൂറില്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു; പുതിയ യാത്ര 3 പ്രധാന നഗരങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുമെന്ന് നരേന്ദ്ര മോദി; കന്നിയാത്രയില്‍ ഓടിക്കുന്നത് കണ്ണൂര്‍ സ്വദേശിയായ ലോകോപൈലറ്റ്

 


ബെംഗ്ലൂറു: (www.kvartha.com) രാജ്യത്തെ അഞ്ചാമത്തേതും ദക്ഷിണേന്‍ഡ്യയിലെ ആദ്യത്തേതുമായ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ബെംഗ്ലൂറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ബെംഗ്ലൂറു കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഉദ്ഘാടനം ചെയ്തത്.

ഇത് ചെന്നൈയിലെ വ്യാവസായിക കേന്ദ്രവും ബെംഗ്ലൂറിലെ ടെക്, സ്റ്റാര്‍ടപ്പ് ഹബും, പ്രശസ്ത ടൂറിസ്റ്റ് നഗരമായ മൈസൂരും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുമെന്ന് ഉദ് ഘാടനവേളയില്‍ പ്രധാനമന്ത്രി പറഞ്ഞു. കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് ഗൗരവ് കാശി ദര്‍ശന്‍ ട്രെയിനും ഫ് ളാഗ് ചെയ്തു.

കര്‍ണാടക സര്‍കാരും റെയില്‍വേ മന്ത്രാലയവും ചേര്‍ന്ന് കര്‍ണാടകയില്‍ നിന്ന് വാരണാസിയിലേക്ക് (കാശി) തീര്‍ഥാടകരെ അയയ്ക്കാന്‍ ശ്രമിക്കുന്ന ഭാരത് ഗൗരവ് പദ്ധതിക്ക് കീഴില്‍ ഈ ട്രെയിന്‍ ഏറ്റെടുക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കര്‍ണാടക.

കാശി, അയോധ്യ, പ്രയാഗ്രാജ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തീര്‍ഥാടകര്‍ക്ക് സുഖപ്രദമായ താമസവും മാര്‍ഗനിര്‍ദേശവും നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ബെംഗ്ലൂര്‍ വിധാന സൗധയിലെ കവി കനകദാസിന്റെയും മഹര്‍ഷി വാല്‍മീകിയുടെയും പ്രതിമകളില്‍ പ്രധാനമന്ത്രി മോദി പുഷ്പാര്‍ചന നടത്തി.

പിന്നീട് ബെംഗ്ലൂറിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് നാദപ്രഭു കെംപെഗൗഡയുടെ 108 അടി വെങ്കല പ്രതിമ അദ്ദേഹം വിമാനത്താവളത്തില്‍ അനാച്ഛാദനം ചെയ്യും.

ഉച്ചകഴിഞ്ഞ് 3:30 ഓടെ, തമിഴ്നാട്ടിലെ ഡിണ്ടിഗലിലുള്ള ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂടിന്റെ 36-ാമത് ബിരുദദാന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.

വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടന സര്‍വീസ് ഓടിക്കുന്നത് മലയാളി ലോകോ പൈലറ്റാണ്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ് വണ്ടി ഓടിക്കുന്നത്. 33 വര്‍ഷത്തെ സര്‍വീസുള്ള സുരേന്ദ്രന്‍ ബെംഗ്ലൂറു ഡിവിഷനിലെ ലോകോ പൈലറ്റാണ്. വന്ദേഭാരത് തീവണ്ടി ഓടിക്കാനായി പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ട്.

ഉദ്ഘാടന സര്‍വീസായതിനാല്‍ ബെംഗ്ലൂറില്‍ നിന്ന് പുറപ്പെടുന്ന നവീന സൗകര്യങ്ങളോടുകൂടിയ അതിവേഗ തീവണ്ടി ജനങ്ങള്‍ക്ക് കാണാനായി എല്ലാ പ്രധാനസ്റ്റേഷനുകളിലും നിര്‍ത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളെ കയറ്റാതെയാണ് തീവണ്ടി ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുള്ളത്.

ശനിയാഴ്ച മുതല്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക. രാവിലെ 5.50-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 12.20-ന് മൈസൂരിലെത്തും. മൈസൂരില്‍നിന്ന് ഉച്ചയ്ക്ക് 1.05-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 7.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. ശനിയാഴ്ച മുതലുള്ള സര്‍വീസുകള്‍ക്ക് ടികറ്റ് ബുകിങ് ആരംഭിച്ചു. ബുധനാഴ്ച ഒഴികെയുള്ള എല്ലാദിവസങ്ങളിലും സര്‍വീസ് നടത്തും.

ചെന്നൈയില്‍ നിന്ന് മൈസൂരിലേക്കുള്ള യാത്രയ്ക്ക് ചെയര്‍ കാറിന് 1200 രൂപയാണ് ടികറ്റ് ചാര്‍ജ്. എക്സിക്യൂടീവ് ക്ലാസില്‍ യാത്ര ചെയ്യുന്നതിന് 2295 രൂപ. മൈസൂരില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്ക് യഥാക്രമം 1365-ഉം 2486 രൂപയുമാണ് ടികറ്റിന് ഈടാക്കുന്നത്. ചെന്നൈക്കും മൈസൂരിനും ഇടയില്‍ 500 കിലോമീറ്റര്‍ 6.30 മണിക്കൂര്‍ കൊണ്ട് എത്താനാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കാട്പാഡി, ബെംഗ്ലൂറു എന്നിവിടങ്ങളില്‍ മാത്രമാണ് വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപുണ്ടാകുക. വന്ദേഭാരത് എക്സ്പ്രസ് അതിന്റെ പൂര്‍ണശേഷിയില്‍ ഓടുകയാണെങ്കില്‍ ചെന്നൈയില്‍ നിന്ന് ബെംഗ്ലൂറിലേക്ക് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താനാകുമെന്നും റെയില്‍വേ അവകാശപ്പെടുന്നു.

എല്ലാ കോചുകളിലേയും ഡോറുകള്‍ ഓടോമാറ്റിക് സംവിധാനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രാ വിവരണങ്ങള്‍ ഓഡിയോ വീഡിയോ ആയി യാത്രക്കാര്‍ക്ക് ലഭ്യമാകും. എല്ലാ കോചുകളിലും വൈ ഫൈ ഉണ്ട്.



Vande Bharat Express | വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ബെംഗ്ലൂറില്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു; പുതിയ യാത്ര 3 പ്രധാന നഗരങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുമെന്ന് നരേന്ദ്ര മോദി;  കന്നിയാത്രയില്‍ ഓടിക്കുന്നത് കണ്ണൂര്‍  സ്വദേശിയായ ലോകോപൈലറ്റ്


Keywords: PM Flags Off South's First Semi-High Speed Vande Bharat Express, Bangalore, News, Prime Minister, Narendra Modi, Inauguration, Train, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia