മുത്വലാഖ് പോലെയുള്ള കാര്യങ്ങളില്‍ കേന്ദ്രം നടപ്പാക്കിയ മാറ്റങ്ങള്‍ കണ്ട് മുസ്ലിം സ്ത്രീകള്‍ തന്നെ പുകഴ്ത്തുന്നു, ഇത് കണ്ട് പലരും അസ്വസ്ഥരാകുന്നു; പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു ശ്രമവും യുപിയില്‍ വിലപ്പോവില്ലെന്നും മോദി
Feb 10, 2022, 17:48 IST
സഹരന്‍പുര്‍: (www.kvartha.com 10.02.2022) നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ടിക്കും സഖ്യകക്ഷികള്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്നവര്‍ അധികാരത്തിലിരുന്നപ്പോള്‍ എന്താണ് ചെയ്തത് എന്ന കാര്യം ജനങ്ങളുടെ മനസ്സിലുണ്ടാകും.
ഉത്തര്‍പ്രദേശില്‍ ആര്‍ക്കാണ് വോട് ചെയ്യേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞു. സംസ്ഥാനത്തെ കലാപങ്ങളില്‍ നിന്ന് മുക്തമാക്കി, ക്രിമിനലുകളെ ജയിലില്‍ അടച്ചു, അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യവും ബിജെപി സര്‍കാര്‍ യുപിയില്‍ സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു ശ്രമവും യുപിയില്‍ വിലപ്പോവില്ലെന്നും സംസ്ഥാനത്തിന്റെ വികസനത്തിനും മുന്നോട്ടുള്ള കുതിപ്പിനും ആരോണോ യോഗ്യര്‍ അവരെ ജനങ്ങള്‍ അധികാരത്തിലെത്തിക്കുമെന്നും മോദി പറഞ്ഞു. സഹരന്‍പുറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മുസ്ലിം സ്ത്രീകള്‍ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തുകയാണ്. മുത്വലാഖ് പോലെയുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍കാര്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇതിന് കാരണം. മോദിയെ മുസ്ലിം വനിതകള്‍ പുകഴ്ത്തുമ്പോള്‍ പലര്‍ക്കും അസ്വസ്ഥതയാണെന്നും അദ്ദേഹം പരിഹസിച്ചു.
കുടുംബാധിപത്യ പാര്‍ടികളെ ജനം അംഗീകരിക്കില്ലെന്ന് പറഞ്ഞ മോദി അവര്‍ അധികാരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ വില്‍പന തെരുവിലും കരിഞ്ചന്തയിലും പൊടിപൊടിക്കുമായിരുന്നുവെന്നും കുറ്റപ്പെടുത്തി. കലാപകാരികളേയും മാഫിയകളേയും സഹായിക്കുന്നവരാണ് മുന്‍പ് സംസ്ഥാനം ഭരിച്ചിരുന്നത്. ഇവര്‍ മാനസാന്തരം വന്നിട്ടാണ് ഇപ്പോള്‍ സംസാരിക്കുന്നതെന്ന് കരുതരുത്. അധികാരത്തില്‍ എത്താനുള്ള അവസരത്തിനായി അവര്‍ കാത്തിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.
അഖിലേഷ് യാദവിനേയും സഖ്യകഷിയായ ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയേയും പേരെടുത്ത് പറയാതെ മോദി വിമര്‍ശിച്ചു. മുന്‍പ് ഭരണത്തിലിരുന്നപ്പോള്‍ ജനങ്ങളുടെ കാര്യം ശ്രദ്ധിക്കാന്‍ കുടുംബാധിപത്യം വെച്ച് പുലര്‍ത്തുന്ന പാര്‍ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. അവര്‍ ചെയ്തത് എന്താണെന്ന് ജനങ്ങള്‍ മറക്കില്ല. അത് നന്നായി അറിയുന്നതുകൊണ്ടാണ് അവര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
Keywords: PM Modi Calls On Voters To Elect BJP To Power In UP Election 2022 For Welfare Of State, Assembly Election, News, Politics, Prime Minister, Narendra Modi, Criticism, National, BJP, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.