Inauguration | മോപ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുതല്‍ മുടക്കിയത് 2,870 കോടി
Dec 11, 2022, 19:47 IST
പനാജി: (www.kvartha.com) മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ മോപ വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത് 2,870 കോടി മുതല്‍ മുടക്കിലാണ്. നവീന സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തിലൊരുക്കിയ അത്യാധുനിക വിമാനത്താവളമാണ് മോപയിലേത്.
ജനുവരി അഞ്ചിന് പ്രവര്‍ത്തനസജ്ജമാകുന്ന വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിന് പ്രതിവര്‍ഷം 44 ലക്ഷത്തോളം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. പ്രതിവര്‍ഷം 33 ലക്ഷം യാത്രക്കാര്‍ എന്ന പരമാവധി ശേഷിയിലേക്ക് പിന്നീട് അത് വര്‍ധിപ്പിക്കുകയും ചെയ്യും.
3D മോണോലിതിക് പ്രീകാസ്റ്റ് കെട്ടിടങ്ങള്‍, റോബോമാറ്റിക് ഹോളോ പ്രീകാസ്റ്റ് ഭിത്തികള്‍, 5G അനുകൂല ഐടി ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എന്നിവ മോപ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രത്യേകതകളാണ്. പൂര്‍ണമായും സുസ്ഥിര വികസനത്തിന് ഊന്നല്‍ നല്‍കിയൊരുക്കിയ വിമാനത്താവളത്തില്‍ സോളാര്‍ പവര്‍ പ്ലാന്റ്, ഹരിത നിര്‍മിത കെട്ടിടങ്ങള്‍, മഴവെള്ള സംഭരണികള്‍, പുനരുത്പാദന ശേഷിയുള്ള മലിനജല സംസ്‌കരണ പ്ലാന്റ്, തുടങ്ങിയ സൗകര്യങ്ങളുണ്ട്. കൂടാതെ റണ്‍വേയില്‍ എ ഇ ഡി ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും ഭാരമേറിയ വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പാകത്തിനാണ് മോപ വിമാനത്താവളത്തിലെ റണ്‍വേ സജ്ജമാക്കിയിരിക്കുന്നത്. 14 പാര്‍കിങ്ങ് ബേയുകള്‍, വിമാനങ്ങള്‍ക്കുള്ള രാത്രി കാല പാര്‍കിങ്ങ് സൗകര്യം, സെല്‍ഫ് ബാഗേജ് ഡ്രോപ് സൗകര്യം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തനതു ഗോവന്‍ സംസ്‌കാരത്തെ ഓര്‍മിപ്പിക്കും വിധമാണ് വിമാനത്താവളത്തിന്റെ അകത്തളങ്ങള്‍ രൂപകല്‍പന ചെയ്തത്. മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഗോവയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിച്ചേരുമെന്നും അതുവഴി ടൂറിസം മേഖല കൂടുതല്‍ ഉത്തേജിപ്പിക്കാനാകുമെന്നുമാണ് പ്രതീക്ഷ. ജിഎംആര്‍ ഗോവ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് ലിമിറ്റഡിനാണ് 40 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല. ഇത് 20 വര്‍ഷം വരെ നീട്ടിയേക്കാം.
ഗോവയിലെ നിലവിലുള്ള അന്താരാഷ്ട്ര വിമാനത്താവളമായ ദബോലിം വിമാനത്താവളത്തിന് ചരക്കു ഗതാഗതത്തിനുള്ള സൗകര്യമില്ല. അത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചാണ് മോപ വിമാനത്താവളത്തിന്റെ നിര്‍മാണം. പനാജിയില്‍ നിന്നും 35 കിലോമീറ്റര്‍ മാറി 2,312 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്.
Keywords: PM Modi inaugurates new international airport in Goa, names it after former CM Parrikar, Goa, News, Inauguration, Airport, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.