Swearing Ceremony | നാലാം തവണയും മുഖ്യമന്ത്രി കസേരയില്‍; ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച; ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത് നരേന്ദ്ര മോദി ഉള്‍പെടെയുള്ള നേതാക്കള്‍
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ രാവിലെ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിന് സമീപത്തെ കേസരപ്പള്ളി ഐടി പാര്‍കില്‍ വച്ച് നടക്കും
നായിഡുവിന്റെ മകനും ടിഡിപി ജെനറല്‍ സെക്രടറിയുമായ നാരാ ലോകേഷ്, ജനസേന നേതാവ് എന്‍ മനോഹര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്യും
അമരാവതി: (KVARTHA) നാലാം തവണയും മുഖ്യമന്ത്രി കസേരയില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു. ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി ബുധനാഴ്ച ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.27ന് വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിന് സമീപത്തെ കേസരപ്പള്ളി ഐടി പാര്‍കില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പെടെയുള്ള വിവിധ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. നായിഡുവിന്റെ മകനും ടിഡിപി ജെനറല്‍ സെക്രടറിയുമായ നാരാ ലോകേഷും ജനസേന നേതാവ് എന്‍ മനോഹറും സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ ഉള്‍പെടുന്നു. ജനസേന നേതാവ് പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടതായുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്.
തന്റെ മന്ത്രിസഭയില്‍ പ്രധാനപ്പെട്ട സ്ഥാനം തന്നെ പവന്‍ കല്യാണിന് നല്‍കുമെന്ന് ചന്ദ്രബാബു നായിഡു നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. അഞ്ച് മന്ത്രിസ്ഥാനങ്ങളും പാര്‍ടി ആവശ്യപ്പെടുന്നു. രണ്ടു മന്ത്രി സ്ഥാനമാണ് ബിജെപി ആവശ്യപ്പെടുന്നത്. 175 അംഗ സഭയില്‍ ടിഡിപി 135, ജനസേന 21, ബിജെപി എന്നിങ്ങനെയാണ് കക്ഷിനില.
ആന്ധ്രയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് എന്‍ഡിഎ സഖ്യം സ്വന്തമാക്കിയത്. 135 സീറ്റുകളില്‍ ടിഡിപിയും 21 സീറ്റുകളില്‍ ജനേസേന പാര്‍ടിയും വിജയിച്ചു. എട്ട് സീറ്റുകള്‍ ബിജെപിയും സ്വന്തമാക്കിയതോടെ 175 അംഗ നിയമസഭയിലെ 164 സീറ്റുകളും എന്‍ഡിഎ നേടി.
1995-ലാണ് നായിഡു ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. 2004 വരെ സ്ഥാനത്ത് തുടര്‍ന്നു. 2014-ലും അദ്ദേഹം മുഖ്യമന്ത്രിയായി.