Apology | ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ പരസ്യമായി മാപ്പുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി 

 
 A collapsed statue of Chhatrapati Shivaji Maharaj
 A collapsed statue of Chhatrapati Shivaji Maharaj

Image Credit: X / Charuhaas Parab

നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ആരാധനാമൂര്‍ത്തിയേക്കാള്‍ വലുതായി ഒന്നുമില്ലെന്നും പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: (KVARTHA) മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ പരസ്യമായി മാപ്പുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന റാലിയില്‍ വച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാപ്പുപറച്ചില്‍.


ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല എനിക്ക്, ഞങ്ങളുടെ ആരാധനാപാത്രമാണെന്ന് പറഞ്ഞ മോദി  ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍, പ്രയാസം നേരിട്ട ജനങ്ങളോട് ഞാന്‍ തല കുമ്പിട്ട് മാപ്പു ചോദിക്കുന്നു എന്നും നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ആരാധനാമൂര്‍ത്തിയേക്കാള്‍ വലുതായി ഒന്നുമില്ലെന്നും മോദി പറഞ്ഞു. 



കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് നാവികസേനാദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. എന്നാല്‍, ഒരു വര്‍ഷം തികയും മുമ്പുതന്നെ പ്രതിമ തകര്‍ന്നു വീഴുകയായിരുന്നു. 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകര്‍ന്നത്. പ്രതിമയുടെ കാല്‍പാദത്തിന്റെ ഭാഗം മാത്രമാണ് പീഠത്തില്‍ ബാക്കിയായത്. ബാക്കിയെല്ലാം തകര്‍ന്നിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനവുമായി സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. ഇത്രപെട്ടെന്ന് പ്രതിമ തകര്‍ന്നതോടെ കോടികള്‍ ചെലവിട്ട നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 


നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കത്തിലുള്ള മഹാരാഷ്ട്രയില്‍ സംഭവം വലിയ രാഷ്ടിരീയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. പ്രതിമയുടെ നിര്‍മാണത്തിനിടെയുണ്ടായ അഴിമതിയാണ് തകര്‍ച്ചയിലേക്ക് നയിച്ചതെന്നും വിഷയത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് (യു.ബി.ടി.) രംഗത്തെത്തിയിരുന്നു.


പിന്നാലെ ഛത്രപതി ശിവാജി മഹാരാജിന്റെ പാദങ്ങളില്‍ 100 പ്രാവശ്യം തൊടാനും ആവശ്യമെങ്കില്‍ പ്രതിമ തകര്‍ന്നതില്‍ മാപ്പ് ചോദിക്കാനും മടിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുറ്റം  നാവികസേനയുടെ തലയില്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.  

പ്രതിമയുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത് സംസ്ഥാന സര്‍ക്കാരല്ലെന്നും ഇന്ത്യന്‍ നാവികസേനയാണെന്നുമായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം. തകര്‍ന്ന പ്രതിമക്ക് പകരം അതേസ്ഥലത്ത് അതിലും വലുത് നിര്‍മിക്കുമെന്നും ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. പ്രതിമ തകര്‍ന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ എന്‍ജിനിയര്‍മാര്‍, ഐ.ഐ.ടി. വിദഗ്ധര്‍, നാവികസേന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സാങ്കേതികസമിതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപംനല്‍കി.

സംഭവത്തില്‍ ഇന്ത്യന്‍ നാവിക സേന അന്വേഷണം ആരംഭിച്ചിരുന്നു. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പ്രതിമയുടെ നിര്‍മാണവും സ്ഥാപനവും നടന്നതെന്ന് നാവികസേന വ്യക്തമാക്കി. 

സംഭവത്തില്‍ കരാറുകാരന്‍ ജയദീപ് ആപ്തേക്കും നിര്‍മാണ മേല്‍നോട്ടം വഹിച്ച ചേതന്‍ പാട്ടീലിനും എതിരെ കേസെടുത്ത പൊലീസ് ചേതന്‍ പാട്ടീലിനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

#ModiApology, #ShivajiStatue, #MaharashtraPolitics, #IndianNavy, #PoliticalControversy, #DevendraFadnavis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia