പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്ചയില്‍ ആശങ്കയറിച്ച് രാഷ്ട്രപതി; കോണ്‍ഗ്രസിനെതിരെ പരസ്യമായി പോരിനിറങ്ങി ബി ജെ പി
Jan 6, 2022, 16:28 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.01.2022) പഞ്ചാബില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്ചയില്‍ ആശങ്കയറിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് നടന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി സുരക്ഷാ വീഴ്ചയെ കുറിച്ച് രാഷ്ട്രപതിയോട് വിശദികരിച്ചു.
ആശങ്ക അറിയിച്ച് രാഷ്ട്രപതി രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രപതി ഭവനിലെത്തിയ പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടികാഴ്ച നടത്തുകയുണ്ടായി. 40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ സംഭവിച്ച കാര്യങ്ങള്‍ പ്രധാന മന്ത്രി രാഷ്ട്രപതിയോട് വിശദീകരിച്ചു.
ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലി അര്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബുധനാഴ്ച ഭടിന്‍ഡയില്‍ എത്തിയത്. മഴകാരണം ഹെലികോപ്റ്റര്‍ മാര്‍ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം രണ്ടു മണിക്കൂര്‍ സഞ്ചരിച്ച് റോഡുമാര്‍ഗം ഹുസൈനിവാലയിലേക്ക് പോകാന്‍ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ് പി ജിക്ക് ഉറപ്പു നല്കി. എന്നാല്‍ ഹുസൈനിവാലയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ പ്രതിഷേധക്കാര്‍ വാഹനവ്യൂഹം തടയുകയായിരുന്നു. 15 മിനിറ്റിലധികം പ്രധാനമന്ത്രി ഒരു ഫ്ളൈഓവറില്‍ കിടന്നു.
അതേസമയം, സുരക്ഷാ വീഴ്ചയുടെ അന്വേഷണത്തിന് പഞ്ചാബ് സര്‍കാര്‍ രൂപീകരിച്ച പ്രത്യേക സമിതിയെ തള്ളി ബിജെപി രംഗത്തെത്തി. പ്രത്യേക സമിതിയുടെ അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്നും പഞ്ചാബ് മുഖ്യമന്ത്രിക്ക് സുരക്ഷാ വീഴ്ചയില്‍ നേരിട്ട് പങ്കുണ്ടെന്നും ബിജെപി പഞ്ചാബ് അധ്യക്ഷന്‍ അശ്വനി ശര്‍മ ആരോപിച്ചു.
ജസ്റ്റിസ് എം എസ് ഗില്‍ അധ്യക്ഷനായ സമിതിയെയാണ് പഞ്ചാബ് സര്‍കാര്‍ അന്വേഷണ ചുമതല ഏല്പിച്ചത്. പഞ്ചാബ് സര്‍കാരിനെതിരെ പരാതിയുമായി ബിജെപി നേതാക്കള്‍ പഞ്ചാബ് ഗവര്‍ണറെ കാണുകയുണ്ടായി. സംഭവത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പരസ്യപ്പോര് തുടരുകയാണ്.
പ്രധാനമന്ത്രിയെ റോഡില്‍ തടയാന്‍ പഞ്ചാബ് സര്‍കാര്‍ അവസരമൊരുക്കിയെന്ന് ചില പൊലീസ് രേഖകള്‍ പുറത്തുവിട്ട് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. കര്‍ഷകരുടെ പ്രതിഷേധം മുന്നില്‍ കണ്ട് പഞ്ചാബ് എഡിജിപി സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്കിയ കത്തിന്റെ പകര്‍പ്പ് പുറത്തുവിട്ടാണ് കോണ്‍ഗ്രസിനെതിരെ ബിജെപി ആക്രമണം നടത്തിയത്.
കര്‍ഷകര്‍ റോഡ് ഉപരോധിച്ചാല്‍ പ്രധാനമന്ത്രിക്ക് പോകാന്‍ ബദല്‍ റൂട് ഒരുക്കണമെന്ന നിര്‍ദേശം കത്തിലുണ്ട്. റോഡ് ഉപരോധം ഉണ്ടാകുമെന്ന് പഞ്ചാബ് സര്‍കാരിന് നേരത്തെ തന്നെ അറിയാമായിരുന്നു എന്നതിന്റെ തെളിവാണിതെന്ന് ഈ കത്ത് പുറത്തുവിട്ടുകൊണ്ട് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
വിവരങ്ങള്‍ എസ് പി ജിയില്‍ നിന്ന് മറച്ചുവെച്ച് പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കമുണ്ടായി എന്ന ആരോപണം കടുപ്പിക്കുകയാണ് ബിജെപി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയെയും ഡിജിപിയെയും പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ദീര്‍ഘായുസിന് വേണ്ടി ബിജെപി നേതാക്കള്‍ ഡെല്‍ഹിയിലെ വിവിധ ക്ഷേത്രങ്ങളില്‍ മൃത്യുഞ്ജയ പൂജയും നടത്തി. ബിജെപി ജനറല്‍ സെക്രെടറിമാരായ അരുണ്‍ സിംഗ്, ബൈജയന്ത് പാണ്ഡ, ദുഷ്യന്ത് ഗൗതം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിക്ക് വേണ്ടി പൂജ നടത്തിയത്.
അതിനിടെ ഫിറോസ് പുരിലെ റാലിയില്‍ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്ന വീഡിയോകള്‍ കോണ്‍ഗ്രസ് അനുകൂല ട്വിറ്റെര്‍ അകൗണ്ടുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. റാലിക്കായി 70,000 കസേരകള്‍ നിരത്തിയെങ്കിലും 700 പേരാണ് എത്തിയതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി പറഞ്ഞു.
സുരക്ഷാ വീഴ്ചയില്‍, ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപോര്‍ട് തേടിയിരുന്നു. എന്നാല്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി പറയുന്നത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാര്‍ഗമാക്കാന്‍ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ് പി ജിയും സംഭവത്തില്‍ റിപോര്‍ട് തയാറാക്കുന്നുണ്ട്.
Keywords: PM's 'First-Hand Account Of Security Breach' In Meeting With President, New Delhi, News, Politics, BJP, Congress, Criticism, Controversy, Prime Minister, Narendra Modi, President, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.