Arrested | നവജാതശിശുക്കളെ ദത്തെടുക്കാമെന്ന് പറഞ്ഞ് ഇടപാടുകാര്‍ക്ക് വില്‍ക്കുന്ന സംഘത്തെ പിടികൂടിയതായി പൊലീസ്; വലയിലായത് 6.5 ലക്ഷം രൂപയ്ക്ക് ആണ്‍കുഞ്ഞിനെ കൊടുക്കാന്‍ എത്തിയപ്പോള്‍
Jul 19, 2022, 11:07 IST
ന്യൂഡെല്‍ഹി: (www.kvartha.com) നവജാതശിശുക്കളെ ദത്തെടുക്കാമെന്ന് പറഞ്ഞ് ഇടപാടുകാര്‍ക്ക് വിറ്റ സംഘത്തിലെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും അറസ്റ്റില്‍. രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെടുത്തു. ബബ്ലു ഷാ (28), ബര്‍ഖ (28), വീണ (55), മധു ശര്‍മ (50), ജ്യോതി (32), പവന്‍ (45), സാല്‍മി ദേവി എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തം നഗറിലെ ഓടോ റിക്ഷാ സ്റ്റാന്‍ഡിന് സമീപം ആണ്‍കുഞ്ഞിനെ വില്‍ക്കാനെത്തിയ നാല് സ്ത്രീകളെയും ഒരു പുരുഷനെയും തന്ത്രപരമായി ക്രൈംബ്രാഞ്ച് കുടുക്കുകയായിരുന്നെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട് ചെയ്യുന്നു.
എഎസ്‌ഐ ജസ്ബീര്‍ സിങ്ങിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മധു ശര്‍മയെയും വീണയെയും ബന്ധപ്പെട്ടുവെന്നും 6.5 ലക്ഷം രൂപയ്ക്ക് ആണ്‍കുഞ്ഞിനെ വാങ്ങാന്‍ ഇടപാടി ഉറപ്പിച്ചതായും ഡെപ്യൂടി പൊലീസ് കമീഷനര്‍ വിചിത്ര വീര്‍ പറഞ്ഞു.
'മധുവും വീണയും ജ്യോതിയെ ഫോണില്‍ വിളിച്ചത് അനുസരിച്ച് ബര്‍ഖയും ബബ്ലു ഷായും ചേര്‍ന്ന് ആണ്‍കുഞ്ഞിനെ പറഞ്ഞ സമയത്ത് നിശ്ചയിച്ച സ്ഥലത്ത് കുട്ടിയെ എത്തിച്ചു. അഡ്വാന്‍സ് ആയി നാല് ലക്ഷം രൂപ സ്വീകരിച്ച സംഘം കുട്ടിയെ കൈമാറി. ഉടന്‍ തന്നെ പൊലീസ് സംഘം നാല് സ്ത്രീകളെയും ഒരു പുരുഷനെയും പിടികൂടുകയായിരുന്നു.' ഓഫീസര്‍ പറഞ്ഞു.
അന്വേഷണത്തില്‍ ഇതേ സംഘത്തിലെ പവന്‍, സിമ്രാന്‍ എന്നീ രണ്ട് പ്രതികള്‍ കൂടി പിടിയിലായതായി അദ്ദേഹം പറഞ്ഞു. ജ്യോതി ഒരു ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ടിലൈസേഷന്‍) ക്ലിനികില്‍ ജോലി ചെയ്തിരുന്നതായും അവിടെ കുട്ടികളുണ്ടാകാത്ത ദമ്പതികളുമായി ബന്ധം പുലര്‍ത്തിയിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. അങ്ങനെയാണ് അവള്‍ 'ഇടപാടുകാരെ' കണ്ടെത്തിയത്. മറ്റ് പ്രതികളുമായി ചേര്‍ന്ന് ഇത്തരം ദമ്പതികള്‍ക്ക് കുട്ടികളെ വിറ്റ് വേഗം പണം സമ്പാദിക്കുകയായിരുന്നു ഇവരുടെയെല്ലാം ലക്ഷ്യം, ഓഫീസര്‍ പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച്, ജ്യോതി ദമ്പതികളെ ജാഗ്രതയോടെ സമീപിക്കുകയും അവര്‍ താല്‍പ്പര്യം കാണിക്കുകയാണെങ്കില്‍, ഒരു കുഞ്ഞിനെ വില്‍ക്കുകയും ദത്തെടുക്കല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ തടസങ്ങളും പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.
'സംഘത്തിന് ജാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു കുതാബുദ്ദീനെ അറിയാമായിരുന്നു, അവന്‍ അവിടെ നിന്ന് നവജാത ശിശുക്കളെ കൊണ്ടുവന്ന് ഡെല്‍ഹിയിലുള്ള സിമ്രാനെ ഏല്‍പിക്കുക പതിവായിരുന്നു. പിന്നീട് നിരവധി ഇടനിലക്കാര്‍ മുഖേന അവള്‍ കുട്ടിയെ ആവശ്യക്കാര്‍ക്ക് കൈമാറും,' ഡിസിപി പറഞ്ഞു.
കുതാബുദ്ദീനെ പിടികൂടാന്‍ ഉടന്‍ തന്നെ ഒരു സംഘത്തെ ജാര്‍ഖണ്ഡിലേക്ക് അയച്ചിരുന്നു, എന്നാല്‍ അപ്പോഴേക്കും അയാള്‍ ഒളിവില്‍ പോയി. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.