ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൗമാരക്കാരിയുടെ പിതാവിനെ നിലത്തിട്ടു ചവിട്ടിത്തൊഴിച്ച് ക്രൂരത; പോലീസുകാരന് സസ്‌പെന്‍ഷന്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 27.02.2020) ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൗമാരക്കാരിയുടെ പിതാവിനെ വളഞ്ഞിട്ടു മര്‍ദിച്ച പോലീസിന് സസ്‌പെന്‍ഷന്‍. പോലീസ് കോണ്‍സ്റ്റബിള്‍ ശ്രീധറിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി സംഗറെഡ്ഡി പോലീസ് സൂപ്രണ്ടന്റ് അറിയിച്ചു. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം അടങ്ങിയ പെട്ടി പോലീസ് നിലത്തുകൂടി ഉരുട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വയോധികനെ മര്‍ദിച്ചതെന്നാണു ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൗമാരക്കാരിയുടെ പിതാവിനെ നിലത്തിട്ടു ചവിട്ടിത്തൊഴിച്ച് ക്രൂരത; പോലീസുകാരന് സസ്‌പെന്‍ഷന്‍

ചൊവ്വാഴ്ചയാണ് തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ കോളേജ് ഹോസ്റ്റലില്‍ 16 കാരിയായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് തെലങ്കാന പോലീസ് ഉത്തരവിട്ടു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയില്‍നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് എന്‍ഡിടിവി പുറത്തുവിട്ടത്.

പോലീസിനെ തടഞ്ഞ പിതാവിനെ ഒരു കോണ്‍സ്റ്റബിള്‍ തള്ളിമാറ്റുകയും തൊഴിക്കുകയും ചെയ്തു. എന്നിട്ടും പെട്ടിയില്‍നിന്നു പിടിവിടാന്‍ തയാറാകാതെ പിതാവ് പെട്ടിയില്‍ പിടിച്ച് നിലത്തുകിടക്കുന്നതു ദൃശ്യങ്ങളില്‍ കാണാം. പെണ്‍കുട്ടിയുടെ അമ്മയെന്നു കരുതുന്ന ഒരു സ്ത്രീ മര്‍ദനമേറ്റു നിലത്തുകിടക്കുന്ന പിതാവിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോള്‍, പോലീസ് ഇവരെയും മര്‍ദിക്കുന്നുണ്ട്.

സംഭവം വിവാദമായതോടെ പ്രതികരണവുമായി പോലീസ് രംഗത്തെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി പെണ്‍കുട്ടിയുടെ മൃതദേഹം കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് ശ്രമിക്കവെയാണ് ഈ സംഭവങ്ങളുണ്ടായതെന്നും പിതാവും നാട്ടുകാരും ചേര്‍ന്ന് പോലീസ് മൃതദേഹം കസ്റ്റഡിയില്‍ എടുക്കുന്നതു തടയാന്‍ ശ്രമിക്കുകയായിരുന്നെന്നും പോലീസുദ്യോഗസ്ഥയായ ചന്ദന ദീപ്തി ആരോപിച്ചു.

പെണ്‍കുട്ടി പനിബാധിച്ചതിനെ തുടര്‍ന്ന് അവശയായിരുന്നതായും വിഷാദരോഗത്തിനടിമയായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണ് കുട്ടിയുടെ ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെണ്‍കുട്ടിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ കോളജിനെതിരേ പോലീസ് കേസെടുത്തിരുന്നു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനു വേണ്ടിയാണ് മൃതദേഹം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

Keywords:  News, National, India, New Delhi, Daughter, Father, Hang Self, Police, Suspension,  Police Personnel Kicks Father of a 16-yr-old Girl 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia