12 സംസ്ഥാനങ്ങളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

 


ഡെല്‍ഹി: (www.kvartha.com 17.04.2014) ഒന്‍പതുഘട്ടങ്ങളായി നടക്കുന്ന 16-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 12 സംസ്ഥാനങ്ങളിലായി 121 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഇതോടുകൂടി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ  പകുതിയോളം മണ്ഡലങ്ങളിലെ വോട്ടെടുപ്പു പൂര്‍ത്തിയാകും.

കര്‍ണാടക (28), രാജസ്ഥാന്‍ (20), മഹാരാഷ്ട്ര (19), ഉത്തര്‍പ്രദേശ് (11) മധ്യപ്രദേശ് (10), ബീഹാര്‍ (ഏഴ്), ജാര്‍ഖണ്ഡ് (ആറ്) ബംഗാള്‍ (നാല്), ഛത്തീസ്ഗഡ് (മൂന്ന്), ജമ്മു-കശ്മീര്‍ (ഒന്ന്), മണിപ്പൂര്‍ (ഒന്ന്) എന്നീ 121 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. 1762 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍   19.5 കോടി വോട്ടര്‍മാരാണുള്ളത്.

ഇന്‍ഫോസിസ്  സ്ഥാപകരില്‍ ഒരാളായ  നന്ദന്‍ നിലേക്കനി (കോണ്‍ഗ്രസ്) മുന്‍പ്രധാനമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരപ്പമൊയ്‌ലി, ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ, ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി  (പാടലീപുത്ര), മനേകാഗാന്ധി, ബീഗം നൂര്‍ബാനു, ശത്രുഘ്‌നന്‍ സിന്‍ഹ (പട്‌നാ സാഹിബ്) , ആര്‍.കെ. സിങ്, പ്രശസ്ത ഫുട്ബാള്‍ താരവും തൃണമുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ  ബൈച്ചുങ് ബൂട്ടിയ (ബംഗാളിലെ ഡാര്‍ജിലിംഗ് ) , മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍, ഗോപിനാഥ് മുണ്ഡെ (ബി.ജെ.പി) നിലേഷ് നാരായണ്‍ റാണെ തുടങ്ങി പല പ്രമുഖ സ്ഥാനാര്‍ത്ഥികളും വ്യാഴാഴ്ച  ജനവിധി തേടുന്നവരില്‍പ്പെടുന്നു.

കൂടാതെ കേന്ദ്രമന്ത്രി സചിന്‍ പൈലറ്റ് (കോണ്‍ഗ്രസ്) ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് രാജ്യവര്‍ധന്‍ റാത്തോഡ് (ബി.ജെ.പി), ബാര്‍മര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് എന്നിവരും വ്യാഴാഴ്ച ജനവിധി തേടുന്നുണ്ട്. മധ്യപ്രദേശില്‍ 10 സീറ്റുകളിലാണ്  വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഇവിടെ നിന്നും മത്സരിക്കുന്നുണ്ട്.
12 സംസ്ഥാനങ്ങളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ രാജസ്ഥാനില്‍ 20 സീറ്റിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്ന് ഇത് ഏഴാം തവണയാണ് ബി ജെ പിയുടെ   മുന്‍ കേന്ദ്രമന്ത്രി മനേകാഗാന്ധി ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. ഛത്തീസ്ഗറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജിത് ജോഗി (മഹാസമുന്ദ്), ബി.ജെ.പി നേതാവായ മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ മകന്‍ അഭിഷേക് സിംഗ് (രാജ്‌നന്ദ് ഗാവ്) എന്നിവരും  മത്സരിക്കുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വാര്‍ഡന്റെ ക്രൂര മര്‍ദനം; 4 യതീംഖാന വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Keywords:  Polling under way for 121 Lok Sabha seats in 12 states, New Delhi, Karnataka, Jammu, Kashmir, Rajastan, Bihar, BJP, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia