Polling | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും മിസോറമിലും ആദ്യഘട്ട വോടെടുപ്പ് ആരംഭിച്ചു; സുഖ്മ ജില്ലയില്‍ സ്ഫോടനം; ജവാന് പരുക്ക്; ബൂതുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു
Nov 7, 2023, 10:47 IST
റായ്പുര്‍: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും മിസോറമിലും ആദ്യഘട്ട വോടെടുപ്പ് ആരംഭിച്ചു. ഛത്തീസ്ഗഢില്‍ മാവോവാദി ഭീഷണി നിലനില്‍ക്കെയാണ് പ്രശ്നബാധിത മേഖലയായ ബസ്തര്‍ ഉള്‍പെടെയുള്ള 20 മണ്ഡലങ്ങളില്‍ പോളിങ് ആരംഭിച്ചത്. 5304 ബൂതുകളില്‍ 2900 എണ്ണം മാവോയിസ്റ്റ് മേഖലയിലാണ്. അതില്‍ തന്നെ മാവോയിസ്റ്റ് ഭീഷണിയുള്ള 150 ബൂതുകളിലേക്ക് ഹെലികോപ്റ്ററിലാണ് ഉദ്യോഗസ്ഥരെയും പോളിംഗ് സാമഗ്രികളും കൊണ്ടുപോകുന്നത്. മിസോറമില്‍ 40 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക.
കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ മിസോറാമിലെ 40 നിയമസഭാ സീറ്റുകളിലേക്കും രാവിലെ ഏഴു മണിക്ക് പോളിംഗ് ബൂതുകള്‍ തുറന്നു. വൈകിട്ട് നാല് മണി വരെ വോടെടുപ്പ് തുടരും. ഛത്തീസ്ഗഡിലെ ആദ്യഘട്ടത്തിലെ 20 സീറ്റുകളില്‍ 10 എണ്ണത്തിലും രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോടെടുപ്പ് ഉച്ചകഴിഞ്ഞ് മൂന്നുമണി വരെ തുടരും. ബാക്കിയുള്ളവയില്‍ രാവിലെ എട്ടു മണിക്ക് ആരംഭിച്ച പോളിംഗ് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അവസാനിക്കും.
ഇതിനിടെ ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ സ്ഫോടനം നടന്നു. തിരഞ്ഞെടുപ്പ് ഡ്യൂടിയിലുണ്ടായിരുന്ന സി ആര് പി എഫ് ജവാന് സ്ഫോടനത്തില്‍ പരുക്കേറ്റിട്ടുണ്ട്. ശ്രീകാന്ത് എന്ന് ജവാനാണ് പരുക്കേറ്റത്. പട്രോളിങ് നടത്തുന്നതിനിടെ മാവോവാദികള്‍ സ്ഥാപിച്ച ഐ ഇ ഡി യില്‍ അറിയാതെ ചവിട്ടുകയായിരുന്നു. ചികിത്സയില്‍ പ്രവേശിപ്പിച്ച ശ്രീകാന്തിന്റെ നില തൃപ്തികരമാണെന്നാണ് വിവരം. ഇതോടെ ബൂതുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. 25000-ലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് വിവിധ ബൂതുകളിലായി വിന്യസിച്ചിരിക്കുന്നത്.
ആദിവാസിവിഭാഗങ്ങള്ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിലേറെയും. വികസനത്തില്‍ പിന്നോക്കം നില്ക്കുന്ന ഈ വനമേഖലയിലെ 12 മണ്ഡലങ്ങള്‍ പട്ടികവര്‍ഗ സംവരണമണ്ഡലങ്ങളാണ്. 2018 വരെ ബി ജെ പി ക്ക് സ്വാധീനമുണ്ടായിരുന്ന ഈ പ്രദേശം 2018-ല്‍ കോണ്‍ഗ്രസിനൊപ്പമാണ് നിലയുറപ്പിച്ചത്. 20 മണ്ഡലങ്ങളില്‍ 17-ലും കോണ്‍ഗ്രസ് വിജയിച്ചു. രണ്ടു സീറ്റുകളാണ് ബി ജെ പി ക്ക് നേടാനായത്.
കാര്‍ഷികമേഖലയില്‍ ഇരുപാര്ടികളോടുമുള്ള ജനസമീപനം വ്യക്തമാക്കുന്ന വിധിയെഴുത്ത് സംസ്ഥാനഭരണസാധ്യതയില് നിര്‍ണായകമാണ്. നേരത്തേ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുണ്ടായിരുന്ന ഈ മേഖലയില്‍ സി പി ഐ യുടെ ചില സ്വാധീനപ്രദേശങ്ങളില്‍ ആം ആദ്മി പാര്‍ടി ഇക്കുറി സാന്നിധ്യമുറപ്പിച്ചിട്ടുണ്ട്. ആറുമണ്ഡലങ്ങളില്‍ ആപ് പിടിക്കുന്ന വോടുകള്‍ ജയപരാജയങ്ങളെ സ്വാധീനിക്കാനിടയുണ്ട്. രണ്ടാം ഘട്ടം നവംബര്‍ 17 ന് നടക്കും. ഡിസംബര്‍ മൂന്നിനാണ് വോടെണ്ണല്‍.
ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗല് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് റാലികളില്‍ സജീവമായിരുന്നു. ജാതി സെന്‍സസ്, എല്‍ പി ജി സബ്സിഡി എന്നിവയടക്കം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രകടനപത്രിക ഞായറാഴ്ച പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബിജെപിയുടെ സ്റ്റാര്‍ പ്രചാരകന്. ഞായറാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റോഡ് ഷോയും, കേന്ദ്രമന്ത്രി സ്മൃതി ഇറാനി സ്കൂടര്‍ റാലിയും നടത്തി.
മത്സരിക്കുന്ന പ്രധാനികളില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബയ്ജ്,
സി പി ഐ നേതാവ് മനീഷ് കുന്‍ജം, മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമണ്‍ സിംഗ് എന്നിവരും ഉള്‍പെടുന്നു.
മിസോറം നിര്‍ണായകം
ഭരണം നിലനിര്‍ത്തുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രി സൊറാംതാംഗയ്ക്ക്. 40 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 21 സീറ്റ് മതി. 25 സീറ്റ് വരെ നേടുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. ബിജെപിയുടെ ചരിത്രത്തിലെ മികച്ച പ്രകടനമാകും ഈ തിരഞ്ഞെടുപ്പിലെന്ന് മിസോറമിന്റെ അധിക ചുമതലയുള്ള അനില്‍ ആന്റണി വ്യക്തമാക്കി. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഏറെ പഴികേട്ട പ്രധാനമന്ത്രി നരേന്ദ്രമോദി മിസോറമില്‍ പ്രചാരണത്തിന് എത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
8,51,895 വോടര്‍മാരാണുള്ളത്. ത്രികോണ മത്സരം നടക്കുന്ന മിസോറാമില്‍ 16 വനിതകളടക്കകം 174 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1276 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. ജനസംഖ്യയിലെ 87 ശതമാനം ക്രിസ്ത്യന്‍ വിഭാഗമാണ്. സ്ഥാനാര്‍ഥികള്‍ കഴിഞ്ഞദിവസം പള്ളികള്‍ സന്ദര്‍ശിച്ചു. പ്രാര്‍ഥനകളില്‍ പങ്കെടുത്തു
ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ട് (എംഎന്‍എഫ്), പ്രാദേശിക സ്വാധീനമുള്ള സൊറാം പീപിള്‍സ് മൂവ്മെന്റ്, കോണ്‍ഗ്രസ്, ബിജെപി എന്നിവരാണ് മത്സര രംഗത്തുള്ളത്. ബിജെപി ഒഴികെ എല്ലാ പാര്‍ടികളും 40 സീറ്റിലും മത്സരിക്കുന്നു. 23 മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍. ആം ആദ് മി പാര്‍ടി നാലിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 27 സ്വതന്ത്രരും ജനവിധി തേടുന്നു.
Keywords: Polling underway for all 40 seats in Mizoram, 20 in Chhattisgarh first phase, Chhattisgarh, Mizoram, News, Politics, Security, Polling, Blast, Jawan, Injured, Hospitalized, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.