Darshan Thoogudeepa | കൊലപാതക കേസില്‍ കന്നഡ സൂപര്‍താരം ദര്‍ശന്‍ തൂഗുദീപ അറസ്റ്റില്‍; പിടിയിലായത് മെസൂരിലെ ഫാം ഹൗസില്‍ നിന്ന്
മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ച് വലിക്കുന്നത് കണ്ട് പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്
കൊലപാതകത്തില്‍ കലാശിച്ചത് സുഹൃത്തും കന്നട നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ
ബംഗ്ലൂരു:(KVARTHA) കൊലപാതക കേസില്‍ കന്നഡ സൂപര്‍താരം ദര്‍ശന്‍ തൂഗുദീപ അറസ്റ്റില്‍. ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദര്‍ശനെ ബംഗ്ലൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരിലെ ഫാം ഹൗസില്‍ നിന്നാണ് ദര്‍ശനെ അറസ്റ്റ് ചെയ്തത്. ഉടന്‍തന്നെ ബംഗ്ലൂരിലേക്ക് മാറ്റുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദര്‍ശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച കാമാക്ഷി പാളയയിലെ ഓടയില്‍ നിന്ന് ഒരു മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ച് വലിക്കുന്നത് കണ്ട പ്രദേശവാസികളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് രേണുകസ്വാമി എന്നയാളുടെ മൃതദേഹമാണെന്ന് കണ്ടെത്തി. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേര്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഗിരിനഗര്‍ സ്വദേശികളായ മൂന്നു പേര്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. രേണുകസ്വാമിയെ ദര്‍ശന്റെ വീട്ടില്‍വച്ചാണ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നും തുടര്‍ന്ന് മൃതദേഹം പാലത്തിന് കീഴില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് കേസില്‍ നിര്‍ണായകമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ ആദ്യം നല്‍കിയ മൊഴി. തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ കന്നഡ സൂപര്‍താരം ദര്‍ശന്റെ പങ്കാളിത്തം കൂടി പുറത്തുവന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ദര്‍ശന്റെ സുഹൃത്തായ കന്നഡ നടി പവിത്ര ഗൗഡയ്ക്ക് കൊല്ലപ്പെട്ട രേണുകസ്വാമി സമൂഹമാധ്യമ അകൗണ്ടിലൂടെ അശ്ലീല സന്ദേശം അയച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ ദര്‍ശന്‍, ചിത്രദുര്‍ഗയില്‍ തന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റായ വ്യക്തിയുമായി ബന്ധപ്പെടുകയും ഇവര്‍ ദര്‍ശന്റെ നിര്‍ദേശപ്രകാരം രേണുകസ്വാമിയെ നഗരത്തില്‍ എത്തിച്ചു എന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. തുടര്‍ന്ന് ഒരു ഷെഡില്‍വച്ച് ഇയാളെ ക്രൂരമായി മര്‍ദിച്ചു. മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് കൊലപാതകം നടന്നത്.
രേണുകസ്വാമിയുടെ മാതാപിതാക്കള്‍ കാമാക്ഷിപാളയ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയാണ് കാമാക്ഷിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.