Address | പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവ്; സാമ്പത്തികം, കായികം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിച്ച് രാഷ്ട്രപതി 

 
President Murmu, Independence Day, India's progress, economic growth, infrastructure development, new criminal laws, National Education Policy, sports achievements, freedom fighters, India
President Murmu, Independence Day, India's progress, economic growth, infrastructure development, new criminal laws, National Education Policy, sports achievements, freedom fighters, India

Photo Credit: Facebook / Draupadi Murmu

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു എന്നത് എല്ലാവര്‍ക്കും അഭിമാനകരമാണ്. 
 

ന്യൂഡല്‍ഹി: (KVARTHA) 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സാമ്പത്തികം, കായികം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ അഭിനന്ദിച്ച രാഷ്ട്രപതി  പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവാണെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ വളര്‍ച്ചയുണ്ടായതായി ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി  റോഡ്, ഹൈവേകള്‍, റെയില്‍വേ, തുറമുഖങ്ങള്‍ എന്നിവയുടെ ശൃംഖല തീര്‍ക്കാന്‍ മികച്ച പദ്ധതികള്‍ സൃഷ്ടിക്കാനും നടപ്പാക്കാനും കഴിഞ്ഞെന്നും വ്യക്തമാക്കി.  

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു എന്നത് എല്ലാവര്‍ക്കും അഭിമാനകരമാണ്. മാത്രമല്ല, നാം ഉടന്‍ തന്നെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യസ്ഥകളിലൊന്നായി മാറാന്‍ ഒരുങ്ങുകയാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും അശ്രാന്ത പരിശ്രമവും ആസൂത്രകരുടെയും സമ്പത്ത് സൃഷ്ടിക്കുന്നവരുടെയും ദീര്‍ഘവീക്ഷണവും മികവുറ്റ നേതൃത്വവുമാണ് ഇത് സാധ്യമാക്കിയതെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തുടനീളം നടപ്പാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവാണെന്നും അവര്‍ പറഞ്ഞു. ഈ വര്‍ഷം ജൂലായ് മുതല്‍ ഭാരതീയ ന്യായസംഹിത സ്വീകരിച്ചുകൊണ്ട്, കൊളോണിയല്‍ കാലഘട്ടത്തിന്റെ ഒരു ശേഷിപ്പുകൂടി നാം നീക്കംചെയ്തു എന്നകാര്യവും രാഷ്ട്രപതി എടുത്തുപറഞ്ഞു. 

ശിക്ഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കുറ്റകൃത്യത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനാണ് പുതിയ നിയമാവലി ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആദരവായിട്ടാണ് ഈ മാറ്റത്തെ കാണുന്നത് എന്നും രാഷ്ട്രപതി പറഞ്ഞു.  

യുവമനസ്സുകളെ വളര്‍ത്തിയെടുക്കുകയും പാരമ്പര്യവും സമകാലീകവുമായ അറിവുകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ മാനസികാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയാണ് സര്‍ക്കാരിന്റെ മുന്‍ഗണന. ഇതിനായി 2020-ല്‍ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ നയം ഫലം കണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞ ദശകത്തില്‍ രാജ്യം വലിയ പുരോഗതി കൈവരിച്ച മറ്റൊരു മേഖലയാണ് കായികലോകം. കായിക അടിസ്ഥാനസൗകര്യ വികസനത്തിന് ഗവണ്‍മെന്റ് നല്‍കിയ ശരിയായ മുന്‍ഗണന അതിന്റെ ഫലം കാണിക്കുന്നു. ഈയിടെ സമാപിച്ച പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യന്‍ സംഘം മികച്ച പ്രയത്നമാണ് നടത്തിയതെന്നും താരങ്ങളുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.


ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരര്‍ ആയ നാം സ്വാതന്ത്ര്യവും സമത്വവും പരിപോഷിപ്പിക്കാനും ഉന്നത ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാവരുടെയും ക്ഷേമത്തിനായി യത്നിക്കാനും ബാധ്യസ്ഥരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ്വാതന്ത്രത്തിനായി ജീവന്‍ ബലിനല്‍കിയ ധീര രാജ്യസ്നേഹികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്വയം സമര്‍പ്പിച്ച് അവരെ നമുക്ക് സാദരം ഓര്‍ക്കാം. പൂര്‍ണ സ്വാശ്രയത്വത്തിലേക്കും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ പ്രവര്‍ത്തനം എന്നും ഗവര്‍ണര്‍ ആശംസിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia