ഡെല്‍ഹി നിയമസഭ രാഷ്ട്രപതി പിരിച്ചുവിട്ടു; ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പിന് സാധ്യത

 


ഡെല്‍ഹി:(www.kvartha.com 05.11.2014) ഡെല്‍ഹി നിയമസഭ രാഷ്ട്രപതി പിരിച്ചുവിട്ടു. ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പിന് സാധ്യത. കഴിഞ്ഞ ദിവസം നിയമസഭ പിരിച്ചുവിടാന്‍ കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കിയിരുന്നു. ഇതനുസരിച്ചാണ് രാഷ്ട്രപതിയുടെ തീരുമാനം. ഇതോടെ ഡെല്‍ഹിയിലെ ഭരണം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കയാണ്.

നേരത്തെ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ഡെല്‍ഹിയില്‍ ബദല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാധ്യത ലെഫ്. ഗവര്‍ണര്‍ നജീബ് ജങ് തേടിയിരുന്നു. എന്നാല്‍, പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസ്, ബി.ജെ.പി, ആം ആദ്മി പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതേതുടര്‍ന്ന് നിയമസഭ പിരിച്ചുവിടാന്‍ ലെഫ്. ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുകയായിരുന്നു.

ഇതോടെ  ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ജമ്മുവിലും ജാര്‍ഖണ്ഡിലും നവംബര്‍ 25ലെ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഡെല്‍ഹിയിലെ മൂന്നു മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും  പ്രഖ്യാപിച്ചിരുന്നു. നിയമസഭ പിരിച്ചു വിട്ടതോടെ  ഉപതെരഞ്ഞെടുപ്പുകള്‍ അപ്രസക്തമായിരിക്കയാണ്. ഡിസംബര്‍ മുതല്‍ ജനുവരി വരെ ഡെല്‍ഹിയില്‍  കൊടും തണുപ്പായതിനാലാണ് ഫെബ്രുവരിയില്‍ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.

2013 ഡിസംബറില്‍  70 അംഗ ഡെല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടെ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നു. കന്നി മത്സരത്തില്‍ തന്നെ മുഖ്യ എതിരാളിയും ഡെല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തിയാണ് ആം ആദ്മി മികച്ച വിജയം നേടിയത്.

എന്നാല്‍ ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്  സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു. 70 അംഗ നിയമസഭയില്‍ ബി.ജെ.പി - അകാലിദള്‍ സഖ്യത്തിന് 29ഉം ആം ആദ്മിക്ക് 27ഉം കോണ്‍ഗ്രസിന് എട്ട് സീറ്റുകളുമാണുള്ളത്. തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഡെല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്തിയിരുന്നു.

ഡെല്‍ഹി നിയമസഭ രാഷ്ട്രപതി പിരിച്ചുവിട്ടു; ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പിന് സാധ്യത

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
എല്‍.ബി.എസ്. കോളജ് വിദ്യാര്‍ത്ഥിനി റിജീഷയ്ക്ക് ഒന്നാം റാങ്ക്
Keywords:  President Pranab Mukherjee dissolves Delhi assembly; Election Commission revokes notification of three bypolls, New Delhi, Congress, BJP, Chief Minister, Resignation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia