പള്ളിയില്‍ പോയതിന് തീവ്രവാദിയെന്ന് വിളിച്ച് വിദ്യാര്‍ഥിയെ ക്രൂരമായി തല്ലിച്ചതച്ചു; പ്രിന്‍സിപ്പാളിനെതിരെ കേസ്

 


മംഗളൂരു: (www.kvartha.com 12/07/2015) പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ പോയ അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥിയെ തീവ്രവാദി എന്ന് വിളിച്ച് ആക്രമിച്ച കോളജ് പ്രിന്‍സിപ്പാളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മംഗളൂരു സെന്റ് ജോസഫ്‌സ് പ്രീ യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പാളായ ബ്രദര്‍ ഹെക്ടര്‍ ബിഎന്‍ പിന്റോ ആണ് വിദ്യാര്‍ത്ഥിയെ യാതൊരു പ്രകോപനവും കൂടാതെ മര്‍ദിച്ച് അവശനാക്കിയത്. മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ പതിനേഴു കാരനായ സിദ്ദിഖ് ഇപ്പോള്‍ മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവിനെ നഷ്ടമായ സിദ്ദിഖിന്റെ ഉമ്മ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമയാണ്.
സംഭവമറിഞ്ഞ് സിദ്ദിഖിന്റെ മുതിര്‍ന്ന സഹോദരിയും മറ്റ് ചില ബന്ധുക്കളും ചേര്‍ന്ന് കോളജില്‍ അന്വേഷിക്കാന്‍ ചെന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ ഇവരോട് ഖേദം പ്രകടിപ്പിക്കുകയുണ്ടായി. 'എനിക്കെന്റെ തെറ്റ് ബോധ്യപ്പെട്ടു. ഞാന്‍ അവനെ അടിക്കാന്‍ പാടില്ലായിരുന്നു. എന്നോട് ക്ഷമിക്കണം', പ്രിന്‍സിപ്പാള്‍ പറഞ്ഞു. പിന്നീട് പ്രിന്‍സിപ്പാളും മറ്റ് ചില അധ്യാപകരും ചേര്‍ന്ന് സിദ്ദീഖിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് നേരിട്ട് മാപ്പ് പറയുകയും ചെയ്തു. ഇനി ഒരു കുട്ടിയോടും ഇത്തരത്തില്‍ പെരുമാറരുതെന്ന് സിദ്ദിഖ് അവരോട് മറുപടി പറഞ്ഞു. നോമ്പ് എടുത്തിരിക്കുകയാണെന്ന കാര്യം പോലും പരിഗണിക്കാതെയാണ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

'വ്യാഴാഴ്ച്ച ഉച്ച കഴിഞ്ഞ് ക്ലാസിലെത്താന്‍ ഏതാനും നിമിഷങ്ങള്‍ വൈകിയ സിദ്ദീഖിനെ പ്രിന്‍സിപ്പാള്‍ വഴക്ക് പറഞ്ഞിരുന്നു. സിദ്ദീഖ് പള്ളിയില്‍ പോയതാണെന്ന് അറിയിച്ചിട്ടും ഇത് കേള്‍ക്കാന്‍ പ്രിന്‍സിപ്പാള്‍ കൂട്ടാക്കിയില്ല. ഇനി മുതല്‍ ഉച്ച കഴിഞ്ഞ് പള്ളിയില്‍ പോകരുതെന്നായിരുന്നു പ്രിന്‍സിപ്പാള്‍ മറുപടി പറഞ്ഞത്'

'വെള്ളിയാഴ്ച പള്ളിയില്‍ നമസ്‌ക്കാരം കഴിഞ്ഞ് സിദ്ദീഖ് വരുമ്പോള്‍ കുറച്ചു വൈകിയിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ കാരണം ചോദിക്കുകയും പള്ളിയില്‍ പോയതാണെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. കുട്ടിയുടെ തല പ്രിന്‍സിപ്പാള്‍ ചുമരില്‍ ഇടിച്ചു. നോമ്പിലായിരുന്ന വിദ്യാര്‍ഥി ഛര്‍ദിച്ച് നിലത്ത് കുഴഞ്ഞു വീണു.' സംഭവം കണ്ടു നിന്ന ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

സിദ്ദീഖിനെ തീവ്രവാദി എന്നും ഐഎസ്‌ഐ ചാരനാണെന്നും പ്രിന്‍സിപ്പാള്‍ ആക്ഷേപിച്ചതായും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു. ആക്രമത്തില്‍ പരിക്കേറ്റ സിദ്ദീഖിനെ ആദ്യം ഒരു ലോക്കല്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്ന് കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

ഞായറാഴ്ച ആശുപത്രിയില്‍ നിന്നും വിട്ടയച്ച സിദ്ദീഖ് തന്നെ ഒരു വര്‍ഷത്തോളം പ്രിന്‍സിപ്പാള്‍ അകാരണമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നു മാധ്യമങ്ങളോട് പറഞ്ഞു. 'സ്‌കൂളിലെ മൂത്രപ്പുരകള്‍ വൃത്തിയാക്കാന്‍ പ്രിന്‍സിപ്പാള്‍ തന്നെ നിര്‍ബന്ധിച്ചു. അത് അനുസരിച്ചില്ലെങ്കില്‍ തനിക് ടിസി അനുവദിക്കില്ലെന്നും പ്രിന്‍സിപ്പാള്‍ ഭീഷണിപ്പെടുത്തി', സിദ്ദീഖ് പറഞ്ഞു.

ക്ലാസ് മുറികള്‍ വൃത്തിയാക്കാന്‍ പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. ഒരു ദിവസം ക്ലാസ് വൃത്തിയാക്കുന്നതിനിടയില്‍ ഐഡി കാര്‍ഡ് ധരിക്കാന്‍ സിദ്ദീഖ് മറന്നു പോയി. ഇത് കണ്ട പ്രിന്‍സിപ്പാള്‍ സിദ്ദീഖില്‍ നിന്നും നൂറു രൂപ പിഴ ഈടാക്കി. സിദ്ദീഖ് ബാഗില്‍ നിന്നും ഐഡി കാര്‍ഡ് എടുത്ത് കാണിച്ചു കൊടുത്തെങ്കിലും പിഴ ഒഴിവാക്കാന്‍ പ്രിന്‍സിപ്പാള്‍ കൂട്ടാക്കിയില്ല. പിതാവ് മരിച്ചു പോയ സിദ്ദീഖിന് സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ പിഴ അടയ്ക്കാന്‍ കഴിയുമായിരുന്നില്ല. അന്ന് മുതലാണ് പ്രിന്‍സിപ്പാളിന് സിദ്ദീഖിനോട് വൈരാഗ്യം തോന്നിത്തുടങ്ങിയതെന്ന് സിദ്ദിഖിന്റെ സഹപാഠികള്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാളിനെതിരെ നടപടി സ്വീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കോളജിനു മുന്നില്‍ പ്രതിഷേധിച്ചു. പ്രിന്‍സിപ്പാള്‍ കോളജില്‍ വര്‍ഗീയത പരത്തുകയാണെന്നും റൗഡിയെ പോലെയാണ് പെരുമാറുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. മുസ്ലിങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് പ്രിന്‍സിപ്പാള്‍ ഉപദ്രവിക്കുന്നതായി നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് സംസാരിക്കാന്‍ സിഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ കണ്ടപ്പോള്‍ താന്‍ തെറ്റ് മനസിലാക്കിയെന്നും ആവശ്യമെങ്കില്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്നും പ്രിന്‍സിപ്പാള്‍ പ്രതികരിച്ചു. അതേസമയം പ്രിന്‍സിപ്പാളിന്റെ രാജിക്കത്ത് ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ച കൈക്കൊള്ളുമെന്നും കോളജ് മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാര്‍ത്ഥി നല്‍കിയ പരാതി പ്രകാരം പ്രിന്‍സിപ്പാളിനെതിരെ ഭജ്‌പേ പോലീസ് കേസെടുത്തിട്ടുണ്ട്.

പള്ളിയില്‍ പോയതിന് തീവ്രവാദിയെന്ന് വിളിച്ച് വിദ്യാര്‍ഥിയെ ക്രൂരമായി തല്ലിച്ചതച്ചു; പ്രിന്‍സിപ്പാളിനെതിരെ കേസ്

SUMMARY: A college principal in Mangaluru hardly beaten a student for going to Masjid. He called the student a terrorist and harassed him a lot. Police has registered a complaint against the Principal.

Keywords: Principal, Mangaluru, Student, Beats, Police, Masjid
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia